Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ മാറുമോ മധ്യപ്രദേശ്; അഴിമതിയും കര്‍ഷക രോഷവും വിധിയെഴുതും

Shivraj Singh Chauhan, Jyotiraditya Scindia ശിവരാജ് സിങ് ചൗഹാൻ, ജ്യോതിരാദിത്യ സിന്ധ്യ

തുടർഭരണത്തിന്‍റെ പറുദീസയെന്ന് വേണമെങ്കിൽ മധ്യപ്രദേശിനെ വിശേഷിപ്പിക്കാം. സമീപകാല ചരിത്രം പറയുന്നത് അതാണ്. കഴിഞ്ഞ 14 വർഷങ്ങളായി ബിജെപിയുടെ കൈകളിലാണ് അധികാരത്തിന്‍റെ താക്കോലെങ്കിൽ അതിനു മുമ്പുള്ള പത്തുവർഷം കോൺഗ്രസായിരുന്നു അധികാരത്തില്‍. 12 വർഷമായി ശിവരാജ് സിങ് ചൗഹാനാണ് അമരത്തെന്ന ഭരണത്തുടർച്ചയുടെ മറ്റൊരു അപൂർവത കൂടിയുണ്ട് മധ്യപ്രദേശിന് അവകാശപ്പെടാൻ. 2003ൽ തീപ്പൊരി നേതാവ് ഉമാഭാരതി തുടക്കമിട്ട കണ്ണിയുടെ പിന്തുടർച്ചക്കാരനായി 2005 നവംബർ 29നാണ് ചൗഹാൻ മുഖ്യമന്ത്രി പദത്തിലെത്തത്. പിന്നീടങ്ങോട്ട് രണ്ടു തിരഞ്ഞെടുപ്പുകളിൽ കൂടി മധ്യപ്രദേശിന്‍റെ വിശ്വാസം നേടാൻ ചൗഹാന് കഴി​ഞ്ഞു.

മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്‍റെ ബലഹീനതകൾക്കൊപ്പം ചൗഹാനെന്ന രാഷ്ട്രീയക്കാരന്‍റെ കൗശലവും സ്വീകാര്യതയുമാണ് ബിജെപിയുടെ തേരോട്ടത്തിന് അടിത്തറ പാകിയത്. മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ചൗഹാനെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര സുഗമമല്ല. ഒരുപക്ഷേ തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ചൗഹാൻ നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയാകും ഈ തിരഞ്ഞെടുപ്പ്. ജ്യോതിരാദിത്യ സിന്ധ്യയെന്ന രാഷ്ട്രീയ കൗമാരക്കാരനെ മുന്നില്‍നിര്‍ത്തി കൗശലക്കാരനായ ചൗഹാനെ വീഴ്ത്താന്‍ കോണ്‍ഗ്രസിനാകുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

തുടർതോൽവികളും ഭരണവിരുദ്ധ വികാരവും

കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എല്ലാം ബിജെപി പരാജയം രുചിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ തിരഞ്ഞെടുപ്പുകളിൽ വർധിതവീര്യം പുറത്തെടുക്കുന്ന, അവയെ പ്രണയിക്കുന്ന ചൗഹാനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഈ പരാജയങ്ങള്‍. കോലാറസ്, മുംഗാവലി എന്നിവയായിരുന്നു ഈ വർഷം നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങൾ.

PTI6_14_2017_000138B ശിവരാജ് സിങ് ചൗഹാൻ

ഉത്തര്‍പ്രദേശുമായി അതിർത്തി പങ്കിടുന്ന ചിത്രകൂടിൽ 2017 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ജയം ബിജെപിയെ കൈവിട്ടു. സിറ്റിങ് സീറ്റുകൾ നിലനിർത്തുക മാത്രമാണ് ഇവിടെ കോൺഗ്രസ് ചെയ്തതെന്ന് അവകാശപ്പെടാമെങ്കിലും, ഈ ജനവിധികൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചന എഴുതിതള്ളാൻ കഴിയില്ല. ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്നതും കോൺഗ്രസിന് പ്രതീക്ഷയേകുന്നതും കണക്കിലെ ഈ കളികൾ തന്നെയാണ്.

13 ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളും ബിജെപിക്ക് ആധി സമ്മാനിച്ചാണ് കടന്നു പോയത്. 14 മുനിസിപ്പൽ സീറ്റുകളിൽ ഒമ്പതിലും കോൺഗ്രസിനായിരുന്നു ജയം. ഇതിൽ നാലെണ്ണം ബിജെപിയുടെ അക്കൗണ്ടിൽനിന്നും കോൺഗ്രസ് തട്ടിയെടുത്തതാണ്. ഇവിടെയും വീശിയടിച്ചത് ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു. കൊച്ചു തിരഞ്ഞെടുപ്പുകളിലെ വിജയങ്ങൾ പോലും സ്വന്തം ക്രെഡിറ്റിലാക്കി മാറ്റാൻ ഉത്സാഹം പ്രകടിപ്പിക്കാറുള്ള ചൗഹാനെതിരെ ബിജെപിക്കകത്ത് ചില വിമതസ്വരങ്ങൾക്ക് വിത്തു പാകാനും ഈ പരാജയങ്ങൾ വഴിവച്ചുവെന്നതു ശ്രദ്ധേയമാണ്.

Madhya Pradesh Congress campaign കോൺഗ്രസ് തിരഞ്ഞെടുപ്പു റാലിയിൽ രാഹുൽ ഗാന്ധി.

സമീപകാലത്ത് നടന്ന രണ്ടു അഭിപ്രായ സർവേകളും ബിജെപിക്ക് തോൽവി പ്രവചിക്കുന്നവയാണ്. 230 സീറ്റുകളിൽ 41.7 ശതമാനം വോട്ടുകളോടെ 117 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് അവസാനമായി പുറത്തുവന്ന സർവേ പ്രവചിക്കുന്നത്. 40.01 ശതമാനം വോട്ടോടെ 106 സീറ്റുമായി ബിജെപി രണ്ടാമതും. കോൺഗ്രസിന് 49% വും ബിജെപിക്ക് 34%വും വോട്ട് പ്രവചിച്ച ആദ്യ സർവേയുമായി താരതമ്യം ചെയ്തു നോക്കിയാൽ ബിജെപി നില മെച്ചപ്പെടുത്തിയതായി കാണാനാകും.

ബിജെപിയെ പിടിച്ചുലച്ച് അഴിമതിയും കർഷക രോഷവും 

അഴിമതിയുടെ പെരുമാഴക്കാലമെന്ന് ചൗഹാൻ ഭരണകാലത്തെ വിശേഷിപ്പിക്കുന്നവർ ഏറെയാണ്. ദേശീയ തലത്തില്‍ തന്നെ ബിജെപിയെ പ്രതിരോധത്തിലാക്കിയ വ്യാപം പോലെയുള്ള ഒട്ടനവധി അഴിമതി ആരോപണങ്ങളാണ് ഇക്കാലയളവിൽ ഉയർന്നുവന്നിട്ടുള്ളത്. ഭരണത്തെ അടിമുടി അഴിമതി വിഴുങ്ങിയ മറ്റൊരു ഘട്ടം ചൗഹാന്‍റെ 12 വർഷത്തെ ഭരണ കാലയളവിൽ മുമ്പ് ഉണ്ടായിട്ടില്ല.

പ്രതിരോധത്തിലേക്ക് പിൻവാങ്ങാൻ നിർബന്ധിതമാകുന്ന ഈ വെല്ലുവിളികളിൽ ചൗഹാന് തുണയായത് കോൺഗ്രസിന്‍റെ സമ്പൂര്‍ണ പരാജയമാണ്. വിവാദ തിരമാലകൾ ഒരുക്കുന്നതിനപ്പുറം ഒരു ആരോപണവും സർക്കാരിനെതിരായ വജ്രായുധമാക്കി മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നനഞ്ഞ പടക്കം പോലെയായിരുന്നു പലപ്പോഴും കോൺഗ്രസിന്‍റെ പ്രതികരണം. ദൂർബലമായ ഈ പ്രതിരോധ കോട്ട മറികടക്കാൻ രാഷ്ട്രീയ ചാണക്യനായ ചൗഹാന് അധികം വിയർപ്പൊഴുക്കേണ്ടി വന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 

shivraj-wife-vote ശിവരാജ് സിങ് ചൗഹാൻ

കാർഷിക മേഖലയിൽ നിന്നും ആശ്വാസകരമായ ഒരു വാർത്തയും സമീപകാലത്ത് സംസ്ഥാനത്ത് ഉയർന്നുവന്നിട്ടില്ല. കർഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും ചൗഹാൻ സർക്കാരിന് അഗ്നിപരീക്ഷ സമ്മാനിച്ച സമയങ്ങളാണ് കടന്നു പോയത്. അഞ്ചു പേരുടെ മരണത്തിൽ കലാശിച്ച മൺസോരിലെ കർഷക സമരം സംസ്ഥാനത്ത് സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. റോഡിൽ പാലൊഴുക്കിയും ഉൽപ്പന്നങ്ങൾ തള്ളിയും കർഷകർ പ്രകടിപ്പിച്ച രോഷം തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി സമ്മാനിച്ചേക്കാമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുമുണ്ട്. വശീകരണ തന്ത്രങ്ങളുമായി ചൗഹാൻ രംഗത്തിറങ്ങിയിട്ടുള്ളത് ഈ തിരിച്ചറിവിന്‍റെ ഭാഗമാണ്.

ചൗഹാനെന്ന ഒറ്റയാനും ശിഥിലമായ കോൺഗ്രസും

ബിജെപിക്കകത്തും സർക്കാരിലും ശിവരാജ് സിങ് ചൗഹാനെ വെല്ലാനൊരു മുഖം ഇതുവരെയും ഉയർന്നുവന്നിട്ടില്ല. അതുകൊണ്ടു തന്നെ പുതിയൊരു അങ്കത്തിനായി ഗോദയിലിറങ്ങുമ്പോഴും ചൗഹാൻ തന്നെയാണ് ബിജെപിയുടെ മാസ്റ്റർ കാർഡ്. ഇടിയാത്ത ജനപ്രീതിയാണ് ചൗഹാനെ ശക്തനാക്കുന്നത്. ബിജെപിക്ക് തിരിച്ചടി പ്രവചിക്കുന്ന തിരഞ്ഞെടുപ്പു സർവേകളും അരക്കിട്ടുറപ്പിക്കുന്ന കാര്യം ജനപ്രീതിയുടെ കാര്യത്തിൽ ചൗഹാൻ ബഹുദൂരം മുന്നിലാണെന്നാണ്.

ആർഎസ്എസിന്‍റെ ശക്തമായ പിന്തുണയാണ് പാർട്ടിക്കകത്ത് ചൗഹാന് മുൻതൂക്കം നൽകുന്ന പ്രധാനഘടകം. ഭരണതലത്തിൽ ഇത് പലപ്പോഴും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ടെങ്കിലും വ്യക്തിപ്രഭയിൽ ഇതിനെ ഒരളവോളം നിഷ്പ്രഭമാക്കാൻ ചൗഹാന് സാധിച്ചിട്ടുണ്ട്. എതിർപാളയമായ കോൺഗ്രസിലെ അനൈക്യമാണ് ചൗഹാനു പുറമെ ബിജെപിക്ക് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം. നാളിതുവരെ സംഭവിച്ച പോലെ കോൺഗ്രസിലെ തമ്മിലടി ഇത്തവണയും തങ്ങൾക്കു രക്ഷാകവചം ഒരുക്കുമെന്ന ചിന്ത ഭരണകക്ഷിയുടെ ക്യാംപിൽ ശക്തമാണ്.

നാലു നേതാക്കൾ, പ്രതീക്ഷയിലും തളര്‍ന്ന് കോൺഗ്രസ്

അധികാരത്തിൽ തിരിച്ചെത്താന്‍ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. എല്ലാം മറന്ന് പോരാടിയാല്‍ വിജയം ഉറപ്പെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ കോൺഗ്രസിന്‍റെ പൊതു ശാപമായ അനൈക്യം ഇവിടെയും വില്ലനാകുന്നു. കമൽനാഥ്, ദിഗ്‍വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, അരുൺ യാദവ് എന്നിവരാണ് പ്രധാന നേതാക്കൾ. ഇവർ ഒരുമിച്ചൊരു വേദി പങ്കിട്ടു തന്നെ കാലങ്ങളേറെയായി. മുൻ കേന്ദ്രമന്ത്രി കൂടിയായ കമൽനാഥാണ് പിസിസി അധ്യക്ഷൻ. 

Jyotiraditya-Scindia ജ്യോതിരാദിത്യ സിന്ധ്യ

മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ലെന്ന് കമൽനാഥ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എന്ന നിലയിൽ ജ്യോതിരാദിത്യയുടെ കൈകളിലാകും കടിഞ്ഞാൺ. രാഹുൽ ഗാന്ധിയുടെ യൂത്ത് ബ്രിഗേഡിൽ പ്രധാനിയായ ജ്യോതിരാദിത്യക്ക് നല്ലൊരു ശതമാനം യുവാക്കളെ പാർട്ടിയിലേക്ക് നയിക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും കറപുരളാത്ത വ്യക്തിത്വവുമായ ജ്യോതിരാദിത്യയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കളത്തിലിറങ്ങിയാൽ വിജയം സുനിശ്ചിതമാണെന്ന് ചിന്തിക്കുന്നവർ ഏറെയാണ് കോൺഗ്രസിൽ‌. പാതി യുദ്ധം ജയിച്ചെന്ന പ്രതീതി സൃഷ്ടിക്കാൻ ഇത്തരമൊരു നീക്കത്തിലൂടെ സാധിച്ചേക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. എന്നാൽ ഉചിതമായ സമയത്തൊരു തീരുമാനം കൈകൊള്ളുമോയെന്ന ആശങ്ക അപ്പോഴും ബാക്കിയാണ്.

രാഷ്ട്രീയപരമായി മുതലെടുക്കാവുന്ന ഒട്ടേറെ കനകാവസരങ്ങൾ ലഭിച്ചിട്ടും അതിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്‍റെ കാരണങ്ങൾ തേടിയാലും എത്തിനിൽക്കുക അനൈക്യമെന്ന വിടാതെ പിടികൂടിയിട്ടുള്ള വൈതരണിയിലാകും. പരസ്പരം വാളോങ്ങുന്ന നേതാക്കളുടെ കൂടാരം എന്ന വിശേഷണം മറികടക്കാൻ കോൺഗ്രസിനായില്ലെങ്കിൽ അതിന്‍റെ ഫലം കൊയ്യുക ബിജെപിയായിരിക്കും. 

ചെറുമീനായി ബിഎസ്പി

15 വർഷമായി മധ്യപ്രദേശ് നിയമസഭയിലെ സ്ഥിര സാന്നിധ്യമാണ് ബിഎസ്പി. വോട്ട് വിഹിതം ഒരിക്കലും പത്തുശതമാനം കടന്നിട്ടില്ലെങ്കിലും കോൺഗ്രസിന്‍റെ ശക്തിദുർഗങ്ങളെന്ന് അറിയപ്പെടുന്ന ചമ്പാൽ, വിന്ധ്യപ്രദേശ് മേഖലകളിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചമ്പാലിലും വിന്ധ്യപ്രദേശിലും പലപ്പോഴും കോൺഗ്രസിന്‍റെ അടിതെറ്റിക്കുന്നത് ബിഎസ്പിയുടെ സാന്നിധ്യമാണ്.

കോൺഗ്രസും ബിഎസ്പിയും കൈകോർത്ത് നീങ്ങുകയാണെങ്കിൽ ബിജെപിക്ക് അത് വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ. ഈ വഴിക്കുള്ള കരുനീക്കങ്ങൾ ഇരു ക്യാംപിലും ആരംഭിച്ചു കഴിഞ്ഞെങ്കിലും 22 സീറ്റുകളിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിഎസ്പി നീക്കം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.  

ശക്തി കേന്ദ്രങ്ങളും ജാതിസമവാക്യങ്ങളും

മാൾവ ട്രൈബൽ (28 സീറ്റ്), മാൾവ നോർത്ത് (63 സീറ്റ്) എന്നീ മേഖലകളാണ് ബിജെപിയുടെ ശക്തി കേന്ദ്രങ്ങൾ. പതിവായി കോൺഗ്രസിനു മേൽ ബിജെപിക്ക് വൻ ലീഡ് സമ്മാനിക്കുന്ന മേഖലകളാണിവ. 49 സീറ്റുകളുള്ള മഹാകോശാലിലും ഭരണകക്ഷി ഏറെക്കുറെ സജീവമായ പ്രതീക്ഷ നിലനിര്‍ത്തുന്നു. ഉത്തര്‍പ്രദേശിനോട് ചേർന്നു നിൽക്കുന്ന വിന്ധ്യപ്രദേശിലും ചമ്പാലിലും ഇരുകക്ഷികളും ഏതാണ്ട് തുല്യശക്തികളാണ്. സിന്ധ്യ കുടുംബത്തിന്‍റെ കർമ മേഖലയായ ഗ്വാളിയാറിലും ഗുണയിലും കോൺഗ്രസിനു തന്നെയാണ് മേധാവിത്വം. ഗിരിവർഗ മേഖലകളിലും കോൺഗ്രസ് പ്രബല ശക്തിയാണ്. 

പരമ്പരാഗത വോട്ട് ബാങ്കായ മുസ്‍ലിം, പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ എന്നിവർ‌ കൈവിട്ടതാണ് കോൺഗ്രസ് ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി. തിരിച്ചുവരവിനുള്ള പാലം അവശേഷിക്കുന്നുവെന്നതു തന്നെയാണ് കോൺഗ്രസിനുള്ള ഏറ്റവും വലിയ ആശ്വാസം. സംഘടനാ തലത്തിലുള്ള പോരായ്മകൾ മറികടന്ന് വീറുറ്റ പോരാട്ടം കാഴ്ചവയ്ക്കാൻ കോൺഗ്രസിനായാൽ നിലവിലുള്ള സമവാക്യങ്ങൾ മാറിമറിയുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ഇതിനോട് ചേര്‍ത്ത് വായിക്കണം. വോട്ട് വിഹിതത്തിൽ അഞ്ചു ശതമാനത്തിൽ താഴെയുള്ള മാറ്റം പോലും കോൺഗ്രസിന് അനുകൂലമായി മാറാൻ സാധ്യതയുണ്ട്. ബിഎസ്പിയുമായുള്ള സഖ്യം സാധ്യമാകുകയാണെങ്കിൽ ഈ ദൂരം പിന്നെയും കുറയും. 

Mayawati മായാവതി

ബിജെപിക്ക് എന്നും തുണയായി നിന്നിരുന്ന ഉയര്‍ന്ന ജാതിക്കാർ ഇത്തവണ അത്ര സുഖത്തിലല്ല. പട്ടിക വിഭാഗ നിയമ ഭേദഗതി പാർലമെന്‍റ് അംഗീകരിച്ചതും സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിനു സംവരണം സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ സർക്കാർ കക്ഷി ചേർന്നതുമാണ് ഉയർന്ന ജാതിക്കാരെ ചൊടിപ്പിച്ചിട്ടുള്ളത്. ജയപരാജയങ്ങളിൽ ജാതിസമവാക്യങ്ങള്‍ നിർണായക സ്ഥാനം വഹിക്കുന്നതിനാൽ കോൺഗ്രസും കരുതലോടെയാണ് പ്രശ്നത്തെ സമീപിച്ചിട്ടുള്ളത്. എസ്എപിഎകെഎസ് എന്ന പുതിയ സംഘടനക്ക് രൂപം നൽകിയ ഉയർന്ന ജാതിക്കാർ 230 മണ്ഡലങ്ങളിലും സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ അസ്വസ്ഥരാക്കുന്ന ഒരു വാർത്തയാണിത്.

നഗരപ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റാനുള്ള ശ്രമം നടന്നേക്കുമെങ്കിലും ചൗഹാനും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാകും ഫലത്തിൽ മധ്യപ്രദേശിൽ നടക്കുക. ഗോൾപോസ്റ്റിനു കീഴെ മിന്നും സേവുകളുമായി വിശ്വസ്തതയുടെ പ്രതിരൂപമായി നാളിതുവരെ നിലകൊള്ളാൻ കഴിഞ്ഞിട്ടുള്ള ചൗഹാനെ കബളിപ്പിച്ച് നിറയൊഴിക്കാൻ കെൽപ്പുള്ള ഒരു സ്ട്രൈക്കറെ അവതരിപ്പിക്കാൻ കോൺഗ്രസിനു കഴിയുമോ എന്നതാകും അന്തിമ വിധി നിർണയിക്കുക. 

നിലവിലെ കക്ഷിനില 2013 (70.23%)

ആകെ സീറ്റ് 230 

ബിജെപി 165 (44.88%, 22 സീറ്റുകൾ അധികം) 

കോൺഗ്രസ് 58 (36.38%, 13 സീറ്റ് കുറവ്) 

ബിഎസ്പി 4 (6.29%, മൂന്നു സീറ്റ് കുറവ് ) 

സ്വതന്ത്രർ 3  

എക്സിറ്റ് പോളുകൾ

എബിപി ന്യൂസ് – സി വോട്ടർ (ഓഗസ്റ്റ് 13)

ബിജെപി – 106 (40.01%), കോൺഗ്രസ് – 117 (41.7%) മറ്റുള്ളവർ – ഏഴ് (18.2%)

മുഖ്യമന്ത്രി സ്ഥാനാർഥി – ചൗഹാൻ (41.7%), സിന്ധ്യ – 30.3%, കമൽനാഥ് – 7.5%
 

എബിപി – സിഡിഎസ് (Centre for Developing Societies)

കോൺഗ്രസ് – 49%

ബിജെപി 34%
 

ടൈംസ് നൗ ( മാർച്ച് – ഏപ്രിൽ)

ബിജെപി –153, കോൺഗ്രസ് – 58, ബിഎസ്പി  –12, മറ്റുള്ളവർ –14.