Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന പുരുഷനെ ശല്യപ്പെടുത്തുന്നത് ശരിയോ: രാഹുൽ ഇൗശ്വർ

നിഖിൽ സ്കറിയ കോര

ശബരിമല യുവതീപ്രവേശന വിഷയത്തിൽ കൂടുതൽ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും എന്നാൽ അത് ഇടതുപക്ഷത്തിനെതിരായ നീക്കമായിരിക്കില്ലെന്നും അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഇൗശ്വർ. ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളിൽ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ എന്നു ചോദിച്ച രാഹുൽ, ശബരിമലയിൽ നേരത്തെ സ്ത്രീകൾ കയറിയ സംഭവങ്ങൾ ആചാരഭ്രംശമാണെന്നും അവയെ സാമാന്യവൽക്കരിക്കുകയല്ല വേണ്ടതെന്നും പ്രതികരിച്ചു. മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് രാഹുലിന്റെ പ്രതികരണം. 

എന്തുകൊണ്ടാണ് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുത് എന്ന് രാഹുൽ ഇൗശ്വർ പറയുന്നത് ? ഏതു ഗ്രന്ഥത്തിലാണ് അങ്ങനെ പറഞ്ഞിട്ടുള്ളത് ?

ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം നാലു ലക്ഷം സ്ത്രീകളാണ് ശബരിമലയിൽ എത്തിയത്. ശബരിമലയിൽ സ്ത്രീവിവേചനമില്ല, പ്രായനിയന്ത്രണമാണുള്ളത്. പ്രായനിയന്ത്രണത്തെ സ്ത്രീവിവേചനമാക്കി സുപ്രീം കോടതിയിൽ സ്ഥാപിക്കാൻ കഴിഞ്ഞതിനാലാണ് കേസ് ‌തോറ്റത്. ലിംഗവിവേചനമല്ല ശബരിമലയിലുള്ളത്.

ആരോഗ്യമുള്ള കാലത്ത് ഒരു സ്ത്രീയെ ശബരിമലയിൽ പോകുന്നതിൽനിന്നു വിലക്കുന്നത് അവരുടെ മൗലികാവകാശത്തിൻ മേലുള്ള കടന്നു കയറ്റമല്ലേ ? അതു തന്നെയല്ലേ കോടതിയും പറഞ്ഞത് ?

അമ്പലങ്ങൾ‌ എന്നു പറഞ്ഞാൽ എന്താണ് ? ഒരമ്പലത്തിലും ദൈവമില്ല. അമ്പലത്തിലുള്ള ശക്തിയുടെ പേര് ദേവത എന്നാണ്. ഹിന്ദു സമൂഹത്തിലുള്ളവർക്കു തന്നെ ഇത് അറിയില്ല. ദൈവം വേറെ ദേവത വേറെ. പരബ്രഹ്മത്തെ ഉപാസിക്കുന്ന വ്യത്യസ്ത വഴികളാണ് ദേവതകൾ. അത് രാഹുൽ ഇൗശ്വർ ഉണ്ടാക്കുന്ന നിർവചനമല്ല. ഒാരോ അമ്പലത്തിലെയും ദേവതമാർ വേറെയാണ്.

ശബരിമല അയ്യപ്പനു ചില ഭാവങ്ങളും പ്രത്യേകതകളുമുണ്ട്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതു മാനിച്ചു വേണം അവിടെ പോകാൻ. ഇതിനെ ഗൗരവമില്ലാതെ സമീപിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണം. 

rahul-easwar രാഹുൽ ഈശ്വർ

നേരത്തെ ശബരമിലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെന്നും കുട്ടികളുടെ ചോറൂണു വരെ അവിടെ വച്ച് നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തലുകളും തെളിവുകളും വന്നിരുന്നു. അവിടെ ഒരു സിനിമയുടെ ഷൂട്ടിങ് പോലും നടന്നിട്ടുമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ആചാരമാണ് ഇൗ നിയന്ത്രണമെങ്കിൽ പിന്നെ ഇതൊക്കെ എങ്ങനെ സംഭവിച്ചു ?

വർഷങ്ങളല്ല നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് ശബരിമലയിലെ സ്ത്രീപ്രവേശനം. എഡി 1100 മുതൽ ഇതാണ് ആചാരം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നു എന്നുവച്ച് അതല്ല നിയമങ്ങൾ. നിയമങ്ങൾ തെളിയിക്കാനുള്ള വസ്തുതകൾ എന്തൊക്കെയെന്നു ചോദിച്ചാൽ 1812–ൽ വാർഡും കോണറും എന്ന രണ്ട് ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍മാർ തിരുവതാംകൂറിൽ സെൻസസ് എടുക്കാൻ വന്നു. അവരുടെ പുസ്തകത്തിൽ, ശബരിമലയിൽ യുവതികളായ സ്ത്രീകൾ ഇല്ലായിരുന്നുവെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ആചാരഭ്രംശങ്ങൾ സംഭവിച്ചിരിക്കാം അതിനു പരിഹാരം കാണുകയാണ് വേണ്ടത്, അല്ലാതെ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല.

കഴിഞ്ഞ ദേവപ്രശ്നത്തിൽ ശബരിമലയിൽ വ്രതം നോക്കാതെയും മദ്യപിച്ചുമൊക്കെ എത്തുന്നവരുണ്ടെന്നാണ് കണ്ടത്. ഇവരെ ഒന്നും തടയാതെ സ്ത്രീകളെ മാത്രം തടയുന്നതിലെ യുക്തി എന്താണ് ?

ചില ആൾക്കാരെങ്കിലും ശബരിമലയിൽ‌ വ്രതം എടുക്കാതെയും മറ്റും വരുന്നുണ്ട്. അതിൽ തർക്കമില്ല, അതു ശരിയാക്കണം. പക്ഷേ അതിനർഥം വിശ്വാസത്തിന്റെ കപട മുഖംമൂടി അണിഞ്ഞ് ആചാരലംഘനം നടത്താനെത്തുന്ന സ്ത്രീകളെ സ്വീകരിക്കണം എന്നാണോ ? വിശ്വാസം ഉണ്ടെന്നു പറഞ്ഞാൽ മതിയോ ? എന്തിലാണ് വിശ്വാസം? യുവതീപ്രവേശനത്തിനായി മുറവിളി കൂട്ടിയ തൃപ്തി ദേശായിക്ക് അടുത്തിടെയാണ് അയ്യപ്പൻ എന്ന പേരു പോലും മനസ്സിലായത്. 

അവിശ്വാസിയായ ഒരു പുരുഷനും വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയിൽ എത്തിയാൽ ആരുടെ മുന്നിലാകും അയ്യപ്പൻ പ്രസാദിക്കുക ?

ഒരു സംശയവുമില്ല,അത് ആ സ്ത്രീയുടെ മുന്നിലായിരിക്കും. പക്ഷേ അവരുടെ വിശ്വാസം ആരിലാണ് എന്നതാണ് ചോദ്യം. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനിലാണ് അവരുടെ വിശ്വാസം. ഒാരോ അമ്പലത്തിനും ഒരു പോളിസിയും ഫിലോസഫിയും ഉണ്ട്. അതെന്തിനാണു ലംഘിക്കുന്നത് ? നിങ്ങൾ പുറത്തേക്കിറങ്ങി നോക്കൂ. ആയിരക്കണക്കിനു സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്. ജെല്ലിക്കെട്ട് നിരോധിച്ചപ്പോഴുണ്ടായ പ്രതിഷേധം പോലെ തന്നെയാണ് ഇവിടെയും അരങ്ങേറുന്നത്. 

സ്ത്രീകളെ കയറ്റുന്നതിൽ പ്രശ്നമില്ല എന്ന സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ടോ ?

തീർച്ചയായും സ്വാധീനിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. ശബരിമലയിലെ പ്രായനിയന്ത്രണം ശരിയോ എന്ന രീതിയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ കേസ് കോടതിയിൽ വിജയിച്ചേനെ. ഇതിനു മറുഭാഗം വാദിക്കുന്നവരോട് ഒരു ബഹുമാനക്കുറവുമില്ല. പക്ഷേ ഞങ്ങളുടെ ഭാഗം കൃത്യമായി അവിടെ എത്തിയിട്ടില്ല. കോടികൾ ആസ്തിയും വരുമാനവുമുള്ള ശബരിമലയ്ക്കായി ഒരു നല്ല വക്കീലിനെപ്പോലും നിയമിക്കാൻ ദേവസ്വം ബോർഡിനു സാധിച്ചില്ല. കുറച്ചു കൂടി നല്ല അഭിഭാഷകനെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇൗ കേസിന്റെ ഗതി ഇങ്ങനെ ആകുമായിരുന്നോ? ശബരിമല തമിഴ്നാട്ടിലായിരുന്നെങ്കിൽ ഇൗ ഗതി വരുമായിരുന്നോ? തമിഴൻ തന്റെ ജീവൻ കൊടുത്തും ഇത് സംരക്ഷിക്കില്ലേ? അതൊന്നും ചെയ്തില്ല എന്നുള്ളതാണ് എന്റെ വിഷമം.

ഇൗ വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസ്സും ബിജെപിയും ഇപ്പോൾ ഇതിനെതിരാണ്. കേരളത്തിൽത്തന്നെ ഇതു സംബന്ധിച്ച് അഭിപ്രായ ഐക്യമില്ല. അപ്പോൾ സുപ്രീം കോടതി എടുത്ത ഇൗ നിലപാടിനെ കുറ്റം പറയാൻ സാധിക്കുമോ ?

മലയാളികൾക്ക് ഇക്കാര്യത്തിൽ ഒട്ടും ഒരുമയില്ല എന്നുള്ളത് ശരിയാണ്. ഇൗ വിധിയോടു വിയോജിച്ച ജസ്റ്റസ് ഇന്ദു മൽഹോത്ര പറ‍ഞ്ഞത് ഇൗ കേസിന് അടിസ്ഥാനമില്ല എന്നാണ്. ഇൗ കേസ് കൊടുത്ത പ്രേരണ പിന്നീട് സത്യമറിഞ്ഞപ്പോൾ അതിൽ നിന്ന് പിന്മാറി. ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത് ശബരിമല യൂണിഫോം സിവിൽ കോഡിന്റെ ആരംഭമാകട്ടെ എന്നാണ്. അപ്പോൾത്തന്നെ ഇതിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമാണല്ലോ. 

നിഷ്പക്ഷരായ ആളുകൾ പറയുന്നതുപോലെ പോകാൻ ഇഷ്ടമുള്ളവർ പോകട്ടെ, അല്ലാത്തവർ പോകേണ്ട എന്ന നിലപാട് സ്വീകരിച്ചു കൂടെ ?

ഒരുപാടു പേർ അങ്ങനെ നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ അതിന്റെ അർഥം ശബരിമല ഒരു പൊതുസ്ഥലമായി ബ്രാൻഡ് ചെയ്യപ്പെടും എന്നതാണ്. അമ്പലമോ പള്ളിയോ ഒന്നും പൊതുസ്ഥലമല്ല. പൊതു ആരാധനയ്ക്കു വേണ്ടിയുള്ള വിശ്വാസിയുടെ സ്ഥലമാണ് എല്ലാ ആരാധനാലയങ്ങളും. ശബരിമല പൊതു സ്ഥലമല്ലാത്തതിനാലും പൊതു ആരാധനയ്ക്കുള്ള സ്ഥലമായതിനാലും ചില നിയമങ്ങൾക്കനുസരിച്ചേ വരാൻ സാധിക്കൂ. 95 ശതമാനം അമ്പലങ്ങൾക്കും വ്യക്തമായ രേഖകളില്ല. എന്നുണ്ടായി, എങ്ങനെ ഉണ്ടായി എന്നു പോലും പലർക്കും അറിയില്ല. ഇൗ അവസ്ഥയിൽ ആരെങ്കിലും നാളെ ഏതെങ്കിലും അമ്പലത്തിന്റെ വസ്തുവകകളിൽ അതിക്രമിച്ചു കയറിയാൽ എന്തെടുക്കും ?

വ്രതമെടുക്കാൻ സാധിക്കില്ല എന്ന ധാരണ കൊണ്ടാണോ യുവതികളെ പ്രവേശിപ്പിക്കരുത് എന്നു വാദിക്കുന്നത് ?

അങ്ങനെ അല്ലെന്നു പറഞ്ഞ് ഞാൻ ഒരു വിവാദമാക്കുന്നില്ല. പക്ഷേ അതല്ല പ്രധാന കാരണം. 1991–ൽ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ ജസ്റ്റിസ് പരിപൂർണൻ, ജസ്റ്റിസ് മാരാർ എന്നിവർ പുറപ്പെടുവിച്ച വിധിയിൽ ഇൗ നിയന്ത്രണത്തിനു കാരണം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം എന്ന സങ്കൽപമാണ് എന്നു പറയുന്നുണ്ട്. അമ്പലങ്ങളിലുള്ള ഒാരോ ദേവതയ്ക്കും ഒാരോ ഭാവമാണ്. അതു ലഭിക്കാനാണ് നമ്മൾ  അവിടെ പോകുന്നത്.

ദൈവത്തിനു വ്യത്യാസമില്ല. പക്ഷേ ദേവതയ്ക്കുണ്ട്. അതുകൊണ്ടാണ് ഒാരോ അമ്പലത്തിനും ഒാരോ സ്വത്വമുണ്ടാകുന്നത്. നാളെ ശബരിമലയിൽ പൊങ്കാലയിട്ടുകൂടേ എന്നാരെങ്കിലും ചോദിച്ചാൽ? ഒാരോ അമ്പലത്തിനും നിയമങ്ങളുണ്ട്. അതിൽ മാറ്റം വേണ്ട എന്നല്ല. പക്ഷേ അത് അവിടുത്തെ ആചാര്യന്മാരോ ആളുകളോ തീരുമാനിക്കട്ടെ. 

ഇൗ വിധിയെ മറികടക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് എന്താണ് ചെയ്യാൻ കഴിയുക ?

എനിക്കു കമ്യൂണിസ്റ്റ് പാർട്ടിയോട് ഒരു വിരോധവുമില്ല. എന്റെ അച്ഛൻ ഒരു പാർട്ടി പ്രവർത്തകനായിരുന്നു. ആശയപരമായി എനിക്ക് അവരോടു വിയോജിപ്പുകളുണ്ടാവാം. ഇവിടെ ഇടതും വലതും ഒന്നിച്ചു നിന്നാലേ കാര്യമുള്ളൂ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനായി എല്ലാ പാർട്ടികളും ഒരുമിച്ചതു പോലെ ഇവിടെയും അങ്ങനെ ഉണ്ടാവണം. അവിടെ ഒരു ഒാർഡിനൻസ് വേണമെന്ന് എല്ലാ പാർട്ടികളും അസംബ്ലിയിൽ പറഞ്ഞ് അവിടുത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോയിക്കണ്ട് ഇംപ്ലിസിറ്റ് കൺസെന്റ് വാങ്ങി തിരിച്ചു വന്ന് ഒാർഡിനൻസ് പാസ്സാക്കി. നമ്മുടെ മുന്നിൽ അധികം സമയമില്ല. ഒരിക്കൽ യുവതികൾ കയറിയാൽ സുപ്രീം കോടതിയിലടക്കം കേസ് ദുർബലപ്പെടും.

മണ്ഡലകാലത്തു മാത്രമായി യുവതികളെ വിലക്കണമെന്നും അല്ലാത്തപ്പോൾ അവരെ പ്രവേശിപ്പിക്കാമെന്നുമുള്ള തരത്തിൽ ഒരു സമവായത്തിന് ശ്രമിച്ചിരുന്നതായി കേട്ടതു ശരിയാണോ ?

ഒരിക്കലും ഒരു സമവായത്തിനും ഞങ്ങൾ തയാറല്ല. പക്ഷേ കേസ് തോൽക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ശരിക്കും ഇവിടെ ശബരിമലയെ മറയാക്കി ആരാധനാലയങ്ങളെ പൊതുസ്ഥലങ്ങളാക്കാനുള്ള ശ്രമമാണു നടന്നത്. കേസ് തോൽക്കും എന്ന ഘട്ടം വന്നപ്പോൾ, ഇന്ത്യയിലെ മറ്റ് അമ്പലങ്ങൾക്കു കൂടി ഇൗ വിധി ദോഷം ചെയ്യും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ അഭിഭാഷകരുമായി സംസാരിച്ചു. ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലേക്കും പള്ളികളിലേക്കും മുസ്‌ലിം പള്ളികളിലേക്കുമുള്ള കടന്നുകയറ്റം തടയാനായി ഇത്തരത്തിൽ ഒരു സമവായം പറഞ്ഞാൽ ശരിയാകുമോ എന്നു ഞാൻ ചോദിച്ചു. പക്ഷേ അതു പറഞ്ഞാൽ കേസ് വീണ്ടും ദുർബലപ്പെടുമെന്നതിനാൽ അക്കാര്യം ഉപേക്ഷിച്ചു.

വിധി പ്രഖ്യാപിച്ചു കൊണ്ട് സുപ്രീംകോടതി പറഞ്ഞ ഏറ്റവും പ്രധാന കാര്യം, ഒരു പുരുഷന്റെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ കടമയല്ല എന്നാണ്. ഇതേക്കുറിച്ച് രാഹുൽ ഇൗശ്വറിന്റെ അഭിപ്രായം എന്താണ് ?

തീർച്ചയായും ശരിയാണ്. പക്ഷേ ഇവിടെ സാഹചര്യം വേറെയാണ്. പുരുഷന്റെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാൻ അവൻ കാടിനുള്ളിൽ പോയാൽ അവിടെ പിന്നാലെ വന്ന് അവനെ ശല്യപ്പെടുത്തുന്നതു ശരിയാണോ ? വ്രതമെന്നു പറഞ്ഞാൽ ലഹരി, ലൗകികത, ലൈംഗികത എന്നിവയിൽ നിന്നൊക്കെ മാറി നിൽക്കുക എന്നാണ്. കോടതി പറഞ്ഞ വാദഗതികൾ മുഴുവൻ ശരിയാണ്. പക്ഷേ സാഹചര്യം മാറ്റി ഉപയോഗിക്കുകയാണ്.

ഇത്തരം ചില വാദഗതികൾ പെട്ടെന്നു കേട്ടാൽ ശരിയാണെന്നു തോന്നും. പക്ഷേ ശരിയല്ല. പലരും ചോദിക്കാറുണ്ട് ഭഗവദ്ഗീതയിൽ എവിടെയാണ് അമ്പലങ്ങളിൽ സ്ത്രീകൾ കയറരുതെന്ന് എഴുതി വച്ചിട്ടുള്ളതെന്ന് ? ഭഗവദ്ഗീത വച്ചല്ല ഒരു അമ്പലവും നടത്തുന്നത്. അമ്പലം നടത്തുന്നത് തന്ത്രശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ്. 

50 വർഷം കഴിയുമ്പോൾ ശബരിമലയിൽ യുവതികൾ‌ പ്രവേശിക്കുന്നത് ഒരു സാധാരണ സംഭവമായി മാറുമെന്ന് രാഹുൽ ഇൗശ്വർ കരുതുന്നുണ്ടോ ?

എന്താകുമെന്ന് എനിക്കറിയില്ല. ചരിത്രത്തിൽ‌ ആദ്യമായാണ് അടുത്തിടെ സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ ഒരു വാർത്താസമ്മേളനം വിളിച്ചത്. അതിൽ അവർ പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങൾ ഇൗ ഉദ്യമത്തിൽ ജയിക്കുമോ തോൽക്കുമോ എന്നറിയില്ല. പക്ഷേ പിന്നീട് ഞങ്ങൾക്കൊരു കുറ്റബോധം ഉണ്ടാകാതിരിക്കാനാണ് ഇപ്പോൾ ഇതു ചെയ്യുന്നത്. അതുപോലെ വർഷങ്ങൾ കഴിയുമ്പോൾ‌ ഇൗ വിധി തെറ്റായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കും. പക്ഷേ അന്ന് നാലു പേരെങ്കിലും അതിനെ എതിർത്തില്ലല്ലോ എന്നാരും പറയില്ല. എതിർപക്ഷത്ത് ശക്തരാണ്. പക്ഷേ നാളെ ഞങ്ങളുടെ മക്കൾ വളർന്നു വരുമ്പോൾ,‌ അന്നു നിങ്ങൾ ഇതിനെ എതിർത്തില്ലല്ലോ എന്നു പറയാനിട വരരുത്. തോറ്റാലും ജയിച്ചാലും സത്യത്തിനൊപ്പം നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.