Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാദേശിക കക്ഷികള്‍ കൈ അകലത്തില്‍; കോണ്‍ഗ്രസ് സ്വയം ത്യജിച്ചുള്ള വിട്ടുവീഴ്ചകള്‍ക്കില്ല

congress-party-logo

ന്യൂഡല്‍ഹി∙ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പയറ്റുന്നത് ഏറെ കൗശലം നിറഞ്ഞ രാഷ്ട്രീയ തന്ത്രം. മൂന്നിടത്തും ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ ഒന്നിച്ചുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുക. അതിനൊപ്പം തന്നെ പ്രാദേശിക കക്ഷികള്‍ക്കു കൂടുതല്‍ മേല്‍ക്കൈ നല്‍കാത്ത തരത്തില്‍ ഒറ്റയ്ക്കു കഴിയുന്നിടത്തോളം സീറ്റുകള്‍ നേടുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികള്‍ക്കു കൂടുതല്‍ വഴങ്ങിയാല്‍ പൊതുതിരഞ്ഞെടുപ്പില്‍ അതു തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ബിജെപിയുമായി നേര്‍ക്കു നേര്‍ പോരാടുന്ന സംസ്ഥാനങ്ങളില്‍ മൂന്നാമതൊരു ശക്തിയുടെ കടന്നുവരവിനു കളമൊരുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. 

2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തെച്ചൊല്ലി എസ്പിയും ബിഎസ്പിയും മുഖം കറുപ്പിച്ചിട്ടും കോണ്‍ഗ്രസ് പാളയത്തില്‍ ആകുലതകള്‍ പ്രകടമല്ല. സംസ്ഥാന നേതൃത്വങ്ങള്‍ക്കാണ് സ്ഥിതിഗതികള്‍ കൂടുതല്‍ കൃത്യതയോടെ പഠിക്കാനാകുകയെന്നും അതുകൊണ്ടു തന്നെ അവരുടെ വാദങ്ങള്‍ പാളാനിടയില്ലെന്നുമുള്ള നിലപാടാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി പരസ്യമായി സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സഖ്യരൂപീകരണത്തിലെ പരാജയത്തില്‍ ആശങ്കപ്പെടാനില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ എസ്പിയെയും ബിഎസ്പിയെയും കൂടെക്കൂട്ടാനാകുമെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആത്മവിശ്വാസത്തിനു പിന്നില്‍ കൃത്യമായ ഒരു ഗെയിംപ്ലാന്‍ ഉണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Mayawati, Rahul Gandhi

എസ്പിക്കും ബിഎസ്പിക്കും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നല്‍കേണ്ട സീറ്റുകളുടെ കാര്യത്തില്‍ വ്യക്തമായ ഒരു ചിത്രം പ്രാദേശിക നേതൃത്വങ്ങള്‍ക്കുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന സംസ്ഥാനങ്ങളെന്ന നിലയില്‍, ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ക്കൊപ്പം ചലിക്കുന്നതായിരുന്നു ഈ അതിര്‍വരമ്പുകള്‍. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിജെപിയുമായി നേരിട്ട് അങ്കത്തിലുള്ള ഇടങ്ങളില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കി സ്വന്തം നില ഭദ്രമാക്കുകയാണ് കോണ്‍ഗ്രസ് പ്രഥമ കടമ്പയായി കാണുന്നത്. തിരഞ്ഞെടുപ്പിനു ശേഷമുള്ള സമവാക്യങ്ങളില്‍ ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകുമെന്നിരിക്കെ ഒരു പരീക്ഷണത്തിന് പാര്‍ട്ടി ഒരുക്കമല്ലെന്ന് ചുരുക്കം. പ്രാദേശിക കക്ഷികളുമായി കൂട്ടുചേരുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാണെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുള്ള കോണ്‍ഗ്രസ് നേതൃത്വം, ഇതേ വിട്ടുവീഴ്ചയാണ് മറ്റുകക്ഷികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 

ഉത്തര്‍പ്രദേശിനപ്പുറത്തേക്ക് ചിറകുവിടര്‍ത്താനുള്ള എസ്പിയുടെയും ബിഎസ്പിയുടെയും സ്വപ്നങ്ങള്‍ തങ്ങളുടെ സാധ്യതകളെ തല്ലിക്കെടുത്തിയാകരുതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും നിലവിലുള്ള അനുകൂല തരംഗം വോട്ടായി മാറിയാല്‍ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ക്കതു കരുത്താകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. വിശാല സഖ്യത്തിന്റെ നേതൃ പദവി അരക്കിട്ടുറപ്പിക്കാനാകുമെന്നതു തന്നെയാണ് ഇതില്‍ പ്രധാനം. പഴയ ശക്തിയല്ലെന്ന് മുദ്രകുത്തി കോണ്‍ഗ്രസിനെ തളയ്ക്കാനുള്ള പ്രാദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്ക് മുന്‍കൂര്‍ തടയിടാനും ഇതുവഴി സാധിക്കും.  കൂടുതല്‍ സീറ്റുകള്‍ക്കായുള്ള എസ്പിയുടെയും ബിഎസ്പിയുടെയും സമ്മര്‍ദങ്ങള്‍ക്ക് ഇപ്പോള്‍ വഴങ്ങിയാല്‍ അത് ഭാവിയില്‍ ദോഷകരമാകുമെന്നും അതുകൊണ്ടു തന്നെ മേല്‍ക്കോയ്മ നിലനിര്‍ത്താനായി അല്‍പ്പം സാഹസമാകാമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പൊതുതിരഞ്ഞെടുപ്പു സമയത്തും സമാന ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയേക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. ഉത്തര്‍പ്രദേശിലെത്തുമ്പോള്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് എസ്പിയും ബിഎസ്പിയും തയാറാകാറില്ലെന്നും ഇതേ നിലപാട് തങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവര്‍ അസ്വസ്ഥ്തരാകേണ്ടതില്ലെന്നുമാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

INDIA-POLITICS-ELECTION

കോണ്‍ഗ്രസ് ഉന്നംവയ്ക്കുന്ന പിന്നാക്ക, പട്ടികജാതി-വര്‍ഗ വിഭാഗങ്ങളാണ് എസ്പിയുടെയും ബിഎസ്പിയുടെയും കരുത്ത്. ഇതു തിരിച്ചറിഞ്ഞിട്ടും ഒത്തുതീര്‍പ്പിനു വഴങ്ങുന്നത് നേട്ടത്തെക്കാളെറെ കോട്ടങ്ങളാണ് സമ്മാനിക്കുകയെന്ന് ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും അനുഭവങ്ങള്‍ നിരത്തി കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു. പാര്‍ട്ടിക്ക് ഏറെ വളക്കൂറുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍  ഈ വിഭാഗങ്ങള്‍ക്കുള്ള സ്വാധീനവും സീറ്റുകളുടെ കാര്യത്തില്‍ വഴങ്ങേണ്ടതിലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളെ നയിച്ച സുപ്രധാന ഘടകമാണ്. പൊതുതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള തീരുമാനമായാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം പ്രവചിക്കുന്ന സര്‍വേകള്‍ പോലും പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന വസ്തുതയും പരമാവധി സീറ്റുകള്‍ കരസ്ഥമാക്കി നില ഭദ്രമാക്കുക എന്ന കോണ്‍ഗ്രസിന്റെ ചിന്തക്ക് ഉത്തേജനം പകരുന്നു. ബിജെപിയുമായി നേരിട്ട് യുദ്ധത്തിലുള്ള സംസ്ഥാനങ്ങളില്‍ മൂന്നാമതൊരു ശക്തിയുടെ ഉദയത്തോട് കോണ്‍ഗ്രസ് മുഖംതിരിച്ചു നില്‍ക്കുന്നതും ഈ കാരണത്താല്‍ തന്നെ. അതേ സമയം ബിജെപിയുമായി നേരിട്ട് അങ്കത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ സഖ്യത്തിനുള്ള വാതിലുകള്‍ തുറന്നിടാന്‍ പാര്‍ട്ടി തയാറായിട്ടുമുണ്ട്. 

കോണ്‍ഗ്രസിനു ലഭിച്ച വോട്ടു വിഹിതവും എസ്പി-ബിഎസ്പി പാര്‍ട്ടികളുടെ സംയുക്ത വോട്ടുവിഹിതവും താരതമ്യം ചെയ്ത് മൂവരും ചേര്‍ന്നൊരു സഖ്യത്തിന് അത്ഭുതങ്ങള്‍ വിരിയിക്കാനാകുമെന്ന് വിലയിരുത്തുന്നതില്‍ കാര്യമില്ലെന്ന ചിന്താധാരയാണ് കോണ്‍ഗ്രസ് നേതൃത്വം, പ്രത്യേകിച്ച് പ്രാദേശിക നേതാക്കള്‍ പ്രകടമാക്കുന്നത്. 

mayawati-jogi

ഛത്തീസ്ഗഡില്‍ അജിത് ജോഗിക്കു പിന്നില്‍ ബിജെപിയാണെന്നും ജോഗിക്കു പിന്നില്‍ അണിനിരന്ന മായാവതിയുമായി ഒരു സഖ്യം അതുകൊണ്ടുതന്നെ അസാധ്യമാണെന്നുമാണ് പ്രാദേശിക നേതാക്കളുടെ പരിഭവം. ബിജെപിക്കും ആര്‍എസ്എസിനുമെതിരായ ദലിത് വികാരം ബിഎസ്പിയെക്കാള്‍ തങ്ങള്‍ക്കാകും ഗുണംചെയ്യുക എന്ന കണക്കുകൂട്ടലിലാണ് ഇവിടുത്തെ പ്രാദേശിക നേതൃത്വം. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വമാകട്ടെ ചെറുപാര്‍ട്ടികളുടെ സാന്നിധ്യം തങ്ങള്‍ക്ക് ഒരുതരത്തിലും ഹാനികരമാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്. മധ്യപ്രദേശില്‍ എസ്പിയും ബിഎസ്പിയും സംയുക്തമായി ഏഴു ശതമാനം വോട്ടുകളാണ് 2013ല്‍ കരസ്ഥമാക്കിയത്. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും അകറ്റിയതാകട്ടെ 8.5 ശതമാനം വോട്ടുകളും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിലവിലുണ്ടായിരുന്ന അനൈക്യമാണ് ഈ കണക്കുകളെക്കാള്‍ ഭരണസാധ്യതകള്‍ക്ക് തുരങ്കംവച്ചതെന്ന പൊതുവികാരമാണ് നേതാക്കളും അണികളും പങ്കുവയ്ക്കുന്നത്. അതുകൊണ്ടു തന്നെ അത്തരമൊരു ദുരവസ്ഥ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്.

Sonia-Gandhi-Manmohan-Singh-and-Rahul-Gandhi

ബിജെപിക്കെതിരായ വിശാല സഖ്യം ഫലപ്രദമാകണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരവസ്ഥ വന്നാല്‍ കോണ്‍ഗ്രസ് - ബിജെപി ഇതര കക്ഷികള്‍ ഒന്നിക്കാനുള്ള സാധ്യത എഴുതിത്തള്ളാവുന്ന ഒന്നല്ല. വിലപേശല്‍ രാഷ്ട്രീയം പ്രബലമായേക്കാവുന്ന അത്തരമൊരു ഘട്ടം കൂടി മുന്നില്‍ കണ്ടാണ് പരമാവധി സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്നൊരു തന്ത്രം കോണ്‍ഗ്രസ് വാര്‍ത്തെടുത്തിട്ടുള്ളത്. 150ല്‍ അധികം സീറ്റുകളില്‍ വിജയിക്കാനായില്ലെങ്കില്‍ പതിയിരിക്കുന്ന വിപത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചെറുതല്ല. അതുകൊണ്ടു തന്നെ സാധ്യതകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പിടിമുറുക്കാനുള്ള പാര്‍ട്ടിയുടെ നീക്കങ്ങളെ ആശങ്കയോടെ കാണുന്നതില്‍ അര്‍ഥമില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

2014നു ശേഷം തിരഞ്ഞെടുപ്പ് നടന്ന 15 സംസ്ഥാനങ്ങളിലെ വോട്ടിങ് രീതി പരിശോധിക്കുകയാണെങ്കില്‍ പ്രമുഖ പാര്‍ട്ടികളോട് വോട്ടര്‍മാര്‍ കൂടുതല്‍ ആഭിമുഖ്യം പ്രകടമാക്കുന്നതായി കാണാന്‍ സാധിക്കും. നിയമസഭകളിലേക്ക് മുമ്പു നടന്ന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ പ്രബല ശക്തികള്‍ക്ക് ലഭിച്ചതായാണ് പാര്‍ട്ടികളുടെ വോട്ടു വിഹിതം സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ കാണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ട്‌വിഹിതം ഈ കാലയളവില്‍ 11.5 ശതമാനം വര്‍ധിച്ചെന്ന കണക്കും കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപിയെ ചെറുക്കുന്നതില്‍ മറ്റു പാര്‍ട്ടികളോടുള്ള സഹകരണത്തിനൊപ്പം സ്വന്തം അടിത്തറ വികസിപ്പിക്കുക കൂടി അനിവാര്യമാണെന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തവണ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നതും.