Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമ്മനത്ത് കട തുറക്കാനായില്ല; ഹനാൻ ഓൺലൈൻ മൽസ്യവിൽപനയ്ക്ക്

സിബി നിലമ്പൂർ
hanan-hanani ഹനാൻ

കൊച്ചി∙ പഠിക്കാനും അമ്മയെയും അനുജനെയും പുലർത്തുന്നതിനുമായി മീൻ വിൽക്കാനിറങ്ങി ശ്രദ്ധേയയായ യുവതി ഹനാൻ(21) എറണാകുളം തമ്മനത്ത് തുടങ്ങാനിരുന്ന മീൻകട തുറക്കുന്നതിനു മുന്നേ അടപ്പിച്ചു. ഇതോടെ മീൻകച്ചവടം ഓൺലൈൻ വഴിയാക്കാൻ ഹനാന്റെ തീരുമാനം. കടമുറി വാടകയ്ക്കെടുത്തു പണി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി, കടയ്ക്ക് കൂടുതൽ അവകാശികളുണ്ടെന്നും കട തുറക്കാൻ സമ്മതിക്കില്ലെന്നും അഡ്വാൻസ് നൽകിയ തുക വാങ്ങി തിരികെ പൊയ്ക്കൊള്ളണമെന്നും ആവശ്യപ്പെട്ടത്രെ. ‘ഇതുകൊണ്ട് നിരാശയാകാൻ താനില്ല. ഓൺലൈനിൽ മീൻ വിൽക്കാനാണ് അടുത്ത പദ്ധതി’ – ഹനാൻ വെളിപ്പെടുത്തി. ഇതിനു സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാൻ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി നേരിട്ട വാഹനാപകടത്തെ തുടർന്നു വീൽചെയറിൽ കഴിയുന്ന ഹനാൻ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണു തമ്മനത്ത് മീൻ കട ഇടുന്നതിനു തീരുമാനിച്ചത്. ഇതിനായി മുറി വാടകയ്ക്കെടുത്തു പണി നടക്കുന്നതിനിടെ താനുമായി കരാറുണ്ടാക്കിയ ആളുടെ സഹോദരങ്ങൾ എന്നു പറഞ്ഞെത്തിയ ചിലർ കട ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. വൃക്കരോഗിയും തുടർച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു തനിക്കു കടമുറി തന്നത്. അവരുടെ കുടുംബ പ്രശ്നങ്ങൾ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടിൽ പശുവിനെ വളർത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാൾ എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാൻസ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോൾ ഇല്ല എന്നു പറയാനായില്ല. നിർമാണ പ്രവർത്തനങ്ങൾക്കു ചെലവാക്കിയ തുകയുടെ ഒരു ഭാഗം നൽകുകയും ചെയ്തതായി ഹനാൻ പറയുന്നു. സംഭവത്തിനു പിന്നിൽ പ്രദേശത്തു തന്നെയുള്ള ചിലരാണെന്നു സംശയിക്കുന്നതായും ഹനാൻ പറയുന്നു.

ഒരു ലോൺ കിട്ടിയിരുന്നെങ്കിൽ

മീൻകച്ചവടത്തിന് ആദ്യം മുതൽ ഹനാനെ സഹായിച്ചിരുന്ന ഒരു ഓട്ടോറിക്ഷക്കാരനാണ് ഇപ്പോഴും എല്ലായിടത്തും എത്തിക്കുകയും കടയ്ക്കു വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു തരുന്നത്. ഓൺലൈനിലൂടെ അവസ്ഥകളറിഞ്ഞ ഒരു എൻആർഐക്കാരൻ താമസിക്കാൻ ഫ്ലാറ്റ് തന്നിട്ടുണ്ട്. ആദ്യമാസം വാടക കൊടുക്കേണ്ട എന്നു പറഞ്ഞിരുന്നു. എന്നാലും അടുത്ത മാസം മുതൽ അതു കൊടുക്കണം. ഇപ്പോൾ ഉമ്മ കൂടെ ഇല്ലാത്തിനാൽ ഭക്ഷണം ഒരാൾ ഉണ്ടാക്കിത്തരും. അവർക്കെന്തെങ്കിലും കൊടുക്കണം. വീൽച്ചെയറിൽനിന്ന് പൂർണമായും എഴുന്നേൽക്കാനായിട്ടില്ലാത്തിനാൽ ചിലപ്പോൾ പുറത്തുനിന്നു ഭക്ഷണം വരുത്തിക്കഴിക്കും. എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥയാണുള്ളത്. എന്നാലും ഒറ്റയ്ക്ക് എഴുന്നേൽക്കുന്നതിനും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നതിനുമുള്ള തീവ്ര പരിശ്രമത്തിലാണു ഹനാൻ.

മീൻ കച്ചവടം തുടങ്ങാൻ ഒരു വാഹനം വേണം. ഇതിനായി ലോണിന് അപേക്ഷിച്ചിട്ട് ഇതുവരെ ശരിയായിട്ടില്ല. തനിക്കു പ്രായക്കുറവായതിനാലും വിദ്യാർഥിനി ആയതിനാലും ലോൺ തരുന്നതിനു തടസമുണ്ടെന്നു പറയുന്നു. ലോണെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വാഹനം വാങ്ങിയാൽ ഹാർബറിലും മറ്റും പോയി മീനെടുക്കാനും കൊണ്ടുവന്നു വെട്ടി വീടുകളിലെത്തിച്ചു കൊടുക്കാനും സാധിക്കും. ഇതിനു കുറച്ചു ഡെലിവറി ബോയ്സിനെ കൂടി കണ്ടെത്തിയാൽ തന്റെ കച്ചവടം പൊടിപൊടിക്കുമെന്നു ഹനാൻ പറയുന്നു.

related stories