Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാഴ്ചയ്ക്കുശേഷം വിപണിയിൽ ഉണർവോടെ ക്ലോസിങ്; മൂല്യമുയർന്ന് രൂപയും

Stock Market പ്രതീകാത്മക ചിത്രം

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ കഴിഞ്ഞ അഞ്ചാഴ്ചത്തെ തുടർച്ചയായ തകർച്ചകൾക്കു ശേഷം ആദ്യമായി ഉണർവോടെ ക്ലോസിങ്. ഏഷ്യൻ മാർക്കറ്റുകളിലും ഉണർവാണ് പ്രകടമായത്. യുഎസ്, യൂറോപ്പ് വിപണിയിൽ കൂടി ഉണർവു പ്രകടമായാൽ വരും ആഴ്ച ഓഹരി വിപണി തിരിച്ചു വരുമെന്നാണ് വിലയിരുത്തുന്നതെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു. ഐടി ഒാഹരികൾ മാത്രമാണ് ഇന്ന് ഇടിവു കാണിച്ചത്. ഓട്ടോ, ബാങ്കിങ്, മെറ്റൽ, റിയൽറ്റി, എനർജി ഒാഹരികൾ മികച്ച നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തിരിക്കുന്നത്. 

നിഫ്റ്റി 2.32% (237.85പോയിന്റ്) ഉണർവിൽ 10472.5ൽ ക്ലോസ് ചെയ്തു. ബിഎസ്ഇ 732.43 പോയിന്റ് (2.15%) ഉയർച്ചയിൽ 34733.58ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്ന് രാവിലെ വ്യാപാരം തുടങ്ങി ആദ്യ അര മണിക്കൂറിനു ശേഷം 10400നു താഴെ പോയിട്ടില്ലെന്നു മാത്രമല്ല, മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ പോസറ്റീവ് പ്രതികരണങ്ങൾ ഉണ്ടാവുമെന്നതിന്റെ ലക്ഷണങ്ങളായാണ് വിലയിരുത്തുന്നത്. 

ബാങ്കിങ് സെക്ടറിൽ എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ ഒാഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഓട്ടോ സെക്ടറിൽ എംആൻഡ്എം, ഐഷർ, മാരുതി തുടങ്ങിയവയുടെ ഒാഹരികളും മുന്നേറി. വിപണിയിൽ 1454 ഒാഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ 317 ഒാഹരികൾ മാത്രമാണ് ഇടിവോടെ ക്ലോസ് ചെയ്തത്. വരുന്നയാഴ്ച ബാങ്കിങ് സെക്ടർ തന്നെയാണ് മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന മേഖല. മറ്റു പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കൽ ഉണർവോടെ തന്നെ തിങ്കളാഴ്ച വ്യാപാരം ആരംഭിക്കാനാകും എന്നുതന്നെയാണ് പ്രതീക്ഷ. 

ഡോളറിനെതിരെ രൂപയുടെ മൂല്യവും നില മെച്ചപ്പെടുത്തുന്നതാണ് കാണുന്നത്. ഇന്നലെ രൂപ 74.12ൽ ക്ലോസ് ചെയ്തെങ്കിൽ ഇപ്പോൾ വ്യാപാരം നടക്കുന്നത് 73.67ലാണ്. ഇത് ഒരു വേള 73.59വരെ വന്നിരുന്നു. ക്രൂഡ് ഓയിലിലെ വില ഇടിവും ഏഷ്യൻ, യുഎസ് ഒാഹരി വിപണികളിലെ ഉണർവും ഇന്ത്യൻ വിപണിക്ക് ഉണർവു നൽകിയതായാണ് വിലയിരുത്തുന്നത്.