Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അന്ന് നരേന്ദ്ര മോദിയും ഇതു തന്നെ ചെയ്തു'; അമിത് ഷായെ ചരിത്രം ഓർമിപ്പിച്ച് ടിആർഎസ്

ബിജെപി അധ്യക്ഷൻ അമിത് ഷാ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർറാവു ബിജെപി അധ്യക്ഷൻ അമിത് ഷാ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർറാവു

ഹൈദരാബാദ്∙ തെലങ്കാനയിൽ നിയമസഭ നേരത്തെ പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടിയെ കുറ്റപ്പെടുത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷായെ ചരിത്രം ഓർമിപ്പിച്ച് തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്). തെലങ്കാനയിൽ ടിആർഎസ് ചെയ്തതു തന്നെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ നരേന്ദ്ര മോദി ചെയ്തതെന്നു ടിആർഎസ് എംപി ബി. വിനോദ് കുമാർ പറഞ്ഞു.

'എല്ലാ രാഷ്ട്രീയ പാർട്ടികളും എതെങ്കിലും കാലത്ത് തിരഞ്ഞെടുപ്പ് നേരത്തെയാക്കിയിട്ടുണ്ട്, നരേന്ദ്ര മോദി പോലും. 2002ൽ നിയമസഭയുടെ കാലാവധി തീരാൻ എട്ടു മാസം ശേഷിക്കെ തിരഞ്ഞെടുപ്പ് നടത്താൻ മോദി തീരുമാനിച്ചതെന്തിനാണ്? ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി, എൻ.ടി. രാമറാവു, എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവരെല്ലാം സഭയുടെ കാലാവധി തീരുംമുൻപ് തിരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.' – ലോക്സഭയിലെ ടിആർഎസ് ഉപനേതാവായ വിനോദ് കുമാർ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർറാവുവും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രാജ്യത്തെ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നതെന്ന അമിത് ഷായുടെ ആരോപണം തികച്ചും നിർഭാഗ്യകരമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതും അവർക്കു സംവരണം ആവശ്യപ്പെടുന്നതും എങ്ങനെയാണു രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നു വിനോദ് കുമാർ ചോദിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായോ കോൺഗ്രസുമായോ സഖ്യത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള മുഖ്യമന്ത്രി ചന്ദ്രശേഖർറാവുവിന്റെ തീരുമാനം സംസ്ഥാനത്തിന് കോടിക്കണക്കിനു രൂപയുടെ അധികച്ചെലവാണ് വരുത്തിവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കരിംനഗറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ ബിജെപി അധ്യക്ഷൻ അമിത് ഷാ ആരോപിച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ചന്ദ്രശേഖർറാവു തീരുമാനിച്ചത്. ദലിത് വിഭാഗത്തിൽനിന്നുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്ന ഉറപ്പു ചന്ദ്രശേഖർറാവു പാലിച്ചില്ല. തന്റെ മകനെയോ മകളെയോ മുഖ്യമന്ത്രിയാക്കാനാണു ചന്ദ്രശേഖർറാവുവിന്റെ ശ്രമമെന്നും അമിത് ഷാ ആരോപണമുന്നയിരുന്നു.