Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജുകളിൽ മികച്ച സൗകര്യങ്ങളൊരുക്കും; പ്രവേശനം ഏകജാലകം വഴിയാക്കും: മന്ത്രി ജലീൽ

K.T. Jaleel മന്ത്രി കെ.ടി. ജലീൽ

കൊച്ചി∙ സര്‍ക്കാര്‍ കോളജുകളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. മഹാരാജാസ് കോളജില്‍ ധനതത്വശാസ്ത്ര വിഭാഗം ഓണേഴ്‌സ് ബിരുദ കോഴ്‌സിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും അക്കാദമിക സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളജുകളില്‍ നിലവിലുള്ള സീറ്റുകള്‍ക്കു പുറമേ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. വിദേശ വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന വിദ്യാര്‍ഥികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരു സര്‍വകലാശാലയ്ക്കു കീഴില്‍ 100 വിദേശ വിദ്യാര്‍ഥികളെങ്കിലുമുണ്ടാകണം എന്നാണു ലക്ഷ്യം. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ പഠിക്കാനുള്ള സാഹചര്യമുണ്ടാകണം. കേരളത്തിലെ വിദ്യാലയങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സുരക്ഷിതമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കും. 

ഒറ്റ അപേക്ഷ നല്‍കി കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കോളജുകളില്‍ പ്രവേശനം നേടുന്ന സംവിധാനം നടപ്പിലാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകജാലക സംവിധാനം വഴി വിദ്യാര്‍ഥികള്‍ക്കു യഥേഷ്ടം പ്രവേശനം ലഭിക്കുന്നതിനു സൗകര്യമൊരുക്കും. 55,000 ത്തോളം എന്‍ജിനീയറിങ് സീറ്റുകളില്‍ 50% ഒഴിഞ്ഞുകിടക്കുകയാണെന്നു മന്ത്രി പറഞ്ഞു. പകുതി അപേക്ഷകര്‍ മാത്രമേ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പ്രവേശന പരീക്ഷ എഴുതുന്നൂള്ളൂ. 12 കോളജുകള്‍ മാത്രമുള്ള സമയത്താണ് എന്‍ട്രന്‍സ് പരീക്ഷ ആരംഭിക്കുന്നത്. പോളിടെക്നിക്കുകളിലും മറ്റു കോളജുകളിലും പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. എന്‍ട്രന്‍സ് പരീക്ഷാ സംവിധാനത്തെക്കുറിച്ചു പുനരാലോചന നടത്തണമെന്നും മന്ത്രി പറഞ്ഞു. ഒരു സര്‍വകലാശാലയില്‍ പഠിച്ച ശേഷം മറ്റു സര്‍വകലാശാലയില്‍ പ്രവേശനം നേടുന്നതിനു തുല്യത സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന രീതി അവസാനിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

related stories