Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരാണ് എടിഎം കവർച്ചയ്ക്കു പിന്നിലെ ഏഴുപേർ; വിഡിയോ പുറത്ത്

വിഡിയോ കാണാം...

കൊച്ചി∙ മധ്യകേരളത്തിലെ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തിലെ ഏഴുപേര്‍ കവര്‍ച്ചയ്ക്കു ശേഷം ട്രെയിനില്‍ കേരളം വിട്ടു. ഏഴംഗ കവര്‍ച്ചാ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കവര്‍ച്ചാസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥർക്കു ലഭ്യമായിട്ടുണ്ട്. കവര്‍ച്ച നടത്തി ഏഴംഗ സംഘം ചാലക്കുടിയില്‍ നിന്ന് തിടുക്കത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കോട്ടയത്തുനിന്നു മോഷ്ടിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ തൊട്ടടുത്തുള്ള സ്കൂളില്‍ എത്തി വസ്ത്രം മാറി. അവിടെ നിന്ന് ചാലക്കുടി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരില്‍ എത്തി. പിന്നെ, ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടു. ഉത്തരേന്ത്യക്കാരായ സംഘം കേരളത്തില്‍ എത്തി എടിഎം കൊള്ളയടിച്ചു മടങ്ങുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി. 

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചാലക്കുടി റയിൽവെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇന്നലെ രാവിലെ ഏഴ് പേർ സ്‌റ്റേഷനിലെത്തിയിരുന്നതായി ഇവർ വ്യക്തമാക്കി. ആദ്യം ടിക്കറ്റ് ചോദിച്ചത് പാലക്കാട്ടേക്കായിരുന്നു. അവിടേക്ക് ആ സമയത്ത് ട്രെയിൻ ഇല്ലെന്ന് അറിയിച്ചപ്പോൾ തൃശൂരിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. 

ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുമ്പോൾ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പൊലീസ് പിന്തുടരാൻ സാധ്യതയുള്ളതിനാലാണ് ഇത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്കു കൈമാറിയിട്ടുണ്ട്.