Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷ്ടാക്കൾക്കു പിന്നിൽ വിദഗ്ധസംഘം; പ്രാദേശിക സഹായം സംശയിക്കുന്നതായും പൊലീസ്

koratty-atm-robbery-cctv-visuals കൊരട്ടി എടിഎമ്മിൽ കവർച്ച നടത്തിയ സംഘത്തിലെയാൾ സിസിടിവി ക്യാമറയിൽ കുടുങ്ങിയപ്പോൾ.

കൊച്ചി∙ എറണാകുളം ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും എടിഎമ്മുകളിൽ വൻ മോഷണം നടത്തിയത് അന്യസംസ്ഥാനത്തു നിന്നുള്ള പ്രഫഷനൽ സംഘമാണെന്നു വിലയിരുത്തുന്നതായി എസിപി പി.പി. ഷംസ്. സംഘത്തിനു പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഷണം നടത്തിയ ശേഷം പ്രതികൾ വാഹനം ചാലക്കുടിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സാഹചര്യത്തിൽ ഇവർ ട്രെയിനിൽ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തിനു മുന്നിൽ വേറെ വാഹനം ഇവരെ സഹായിക്കുന്നതിന് പോയിരുന്നു എന്നതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോഷണം സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ വിലയിരുത്തുന്നതിനും തുടരന്വേഷണം സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കുന്നതിനുമായി അന്വേഷണ സംഘം ഇന്നു യോഗം ചേർന്നിരുന്നു. ലഭ്യമായ വിവരങ്ങൾ കൂടുതലായി വിശകലനം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മോഷണ സംഘത്തിൽ ഏഴുപേരുണ്ടായിരുന്നു എന്നു വ്യക്തമാകുന്ന വിഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ഇന്നലെ എറണാകുളത്തും തൃശൂരുമായി 35.6 ലക്ഷം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. എറണാകുളം സീപോർട് എയർപോർട് റോഡിൽ ഇരുമ്പനം പുതിയറോഡ് ജംക്‌ഷനിൽ എസ്ബിഐ എടിഎമ്മിൽ നിന്ന് 25 ലക്ഷവും തൃശൂർ കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10.6 ലക്ഷം രൂപയുമാണ് നഷ്ടമായത്. ഇരുമ്പനത്ത് പുലർച്ചെ 3.32നും കൊരട്ടിയിൽ 4.46നുമായിരുന്നു കവർച്ച. കോട്ടയത്തും കളമശേരിയിലും മോഷണം എടിഎമ്മുകളിൽ മോഷണശ്രമം നടന്നതായി വ്യക്തമായിട്ടുണ്ട്. മോഷണ ശ്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പൊലീസിനു മുന്നിലുള്ള പിടിവള്ളി.