Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുതാനുറച്ചു കോണ്‍ഗ്രസ്, 'കൈ'വിടാന്‍ ഇനി മിസോറം മാത്രം; വരുമോ താമരവസന്തം?

Congress

ബിജെപിക്കു നേരിയ വേരോട്ടം പോലുമില്ലാതിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടര വർഷമായി താമര വസന്തമാണ്. അതിന്റെ തുടക്കം, 2016ലെ വസന്തകാലത്തും. ആ വർഷം തുടക്കത്തിൽ മേഖലയിലെ നാലു സംസ്ഥാനങ്ങൾ കോണ്‍ഗ്രസ് കോട്ടകളായിരുന്നു: അസം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മൂന്നെണ്ണം ബിജെപി പിടിച്ചടക്കി. നിലവിൽ മിസോറമിൽ മാത്രം ഉയർന്നുനിൽക്കുന്ന കൈപ്പത്തിക്ക് ഉശിരോ തളർച്ചയോ? ഒന്നരമാസത്തിനപ്പുറം ജനം വിധിയെഴുതുമ്പോൾ ബിജെപിയുടെ ‘കോൺഗ്രസ് മുക്ത് നോർത്-ഈസ്റ്റ്’ ലക്ഷ്യം കാണുമോ, മൂന്നാമൂഴത്തിലും കസേര നിലനിർത്തി കോൺഗ്രസ് ചരിത്രം രചിക്കുമോ? മിസോറമിലെ ജനവിധിയുടെ പ്രാധാന്യം, അതു വടക്കുകിഴക്കൻ മേഖലയിലെ കോൺഗ്രസിന്റെ വിധി നിർണയിക്കാൻ പോകുന്നു എന്നതിലാണ്.

∙ കോൺഗ്രസ് വിയർക്കും

നിലവിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പൂർത്തിയാക്കുന്നത് രണ്ടാമൂഴമാണ്. നാൽപതിൽ 32 സീറ്റുകളുമായി 2008ൽ മിസോറം പീപ്പിൾസ് കോൺഫറൻസിൽ (എംഎൻഎഫ്)നിന്ന് അധികാരം പിടിച്ചെടുത്ത പാർട്ടി 2013ൽ സീറ്റ് എണ്ണം 34 ആക്കി. പക്ഷേ, ഇത്തവണ അത്ര എളുപ്പമാകില്ല കാര്യങ്ങൾ. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്ന എതിരാളികൾക്കൊപ്പം ഉൾപ്പാർട്ടി പ്രശ്നങ്ങളും അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും മുഖ്യമന്ത്രി ലാൽ തൻഹാ‌വ്‌ലയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്ക് ചെറുതല്ലാത്ത തലവേദനയാണ്. മന്ത്രിസഭയിൽ നിന്നു സമീപകാലത്തു രാജിവച്ച രണ്ടുപേർ (ആർ. ലാൽസിർലിയാന, ലാൽറിൻലിയാന സയ്‌ലോ എന്നിവർ) നേരെപോയി എതിർപാളയമായ എംഎൻഎഫിൽ ചേക്കേറി. ഇവർക്കു പിന്നാലെ, ഐസോൾ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് റോബർട്ട് റൊമാവിയ റോയ്ട പാർട്ടി വിട്ട് എംഎൻഎഫിൽ ചേർന്നു. മൂവരും അഴിമതിക്കാരായിരുന്നെന്നാണ് ലാൽ തൻഹാവ്‌ലയുെട ആരോപണം.

ആഭ്യന്തര മന്ത്രിയായിരിക്കെ, അഴിമതി ആരോപണത്തെ തുടർന്ന് സെപ്റ്റംബർ 14ന് ആയിരുന്നു ലാൽസിർലിയാനയുടെ രാജി. 17ന് പാർട്ടിയിൽനിന്ന് പുറത്താക്കി. റോയ്ട, സർക്കാർ സർവീസിലിരിക്കെ നടത്തിയ 200 കോടിയുടെ അഴിമതിയിൽ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘ട്രിപ്പിൾ ആർ’ എന്നറിയപ്പെടുന്ന റോയ്ട ഐസോൾ ഈസ്റ്റ് II മണ്ഡലത്തിൽ എംഎൻഎഫ് ടിക്കറ്റിൽ ധനമന്ത്രി ലാൽ സാവതയ്ക്കെതിരെ മൽസരിക്കും. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി ഉലയുന്ന കപ്പലാണെന്നും കൂടുതൽ പേർ അവിടെനിന്ന് രക്ഷപ്പെട്ട് പുറത്തുവരുമെന്നും ഇവരെല്ലാം തങ്ങളുടെ പാർട്ടിയിൽ ചേരുമെന്നും എംഎൻഎഫ് ഉപാധ്യക്ഷൻ ആർ. ലാൽതൻഗ് ലിയാന അവകാശപ്പെടുന്നു. വിരലിലെണ്ണാവുന്നവരേ പാർട്ടി വിട്ടിട്ടുള്ളൂവെന്നും അടിത്തറ ഇപ്പോഴും ശക്തമാണെന്നും മിസോറം പ്രദേശ് കോൺഗ്രസ് കമ്മിറ്റി(എംപിസിസി) ആവർത്തിക്കുന്നുണ്ട്.

∙ എന്താകും ബിജെപി മാജിക്?

മൃഗീയ ഭൂരിപക്ഷത്തിൽ തുടർച്ചയായി രണ്ടുവട്ടം ഭരണം പൂർത്തിയാക്കിയിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാനായിട്ടില്ല ബിജെപിക്ക്. ശക്തമായ വേരോട്ടമുണ്ടായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിജീവനത്തിനുള്ള അവസാന കച്ചിത്തുരുമ്പിൽ പിടിച്ചുകയറാൻ കോൺഗ്രസ് വിയർപ്പൊഴുക്കുന്നു. എന്നാൽ, തങ്ങളുടെ മുഖ്യശത്രുവിനെ മേഖലയിൽനിന്നു തൂത്തെറിയുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും മിസോറമിൽ ആരുമായും സഖ്യത്തിനില്ല ബിജെപി. അടിത്തറകെട്ടാൻ പോലും കഴിയാതിരുന്ന മണ്ണിൽ എല്ലാ സീറ്റിലും ഒറ്റയ്ക്കു മൽസരിക്കുമെന്ന പ്രഖ്യാപനത്തിൽതന്നെ അവരുടെ ആത്മവിശ്വാസം പ്രകടം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തേരോട്ടത്തിനു തുടക്കം 2016ൽ അസമിലെ വിജയത്തിലൂടെയാണ്. രണ്ടു വർഷത്തിനിടെ മണിപ്പൂരും ത്രിപുരയും പിടിച്ചെടുത്തു. പിൻവാതിലിലൂടെ അരുണാചലിൽ അധികാരത്തിൽ കയറിപ്പറ്റി. മേഘാലയയിലും നാഗാലാൻഡിലും ഭരണത്തിൽ സഖ്യം ചേർന്നു. അക്ഷരാർഥത്തിൽ തൂത്തുവാരി എന്നു പറയാറായിട്ടില്ലെങ്കിലും, തങ്ങൾ കേവലസാന്നിധ്യം പോലും അല്ലാതിരുന്ന വലിയൊരുഭാഗം പിടിച്ചടക്കിയെന്ന് ബിജെപിക്ക് അഭിമാനിക്കാൻ ഇനി മിസോറം കടമ്പകൂടിയേയുള്ളൂ. ആ ലക്ഷ്യത്തിലെത്താൻ ഏതടവും പയറ്റുമെന്ന് അടിവരയിടുന്നതാണ് മേഖലയിലെ മറ്റു സംസ്ഥാനങ്ങളിൽ സർക്കാര്‍ രൂപീകരിക്കാൻ അവർ ഇറക്കിയ തന്ത്രങ്ങൾ.

അരുണാചൽപ്രദേശ് (2014–2016)

2014ലെ തിരഞ്ഞെടുപ്പിൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻവിജയം നേടി. ബിജെപിക്ക് 11 സീറ്റ് മാത്രം. 2016ൽ, മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. അവിടെ നിന്നു മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം പേരും ബിജെപിയിലെത്തി. ബിജെപിക്ക് ഇപ്പോൾ സഭയിൽ 48 പേരുടെ പിന്തുണ. പ്രതിപക്ഷത്തായ കോൺഗ്രസിന് ഒരു സീറ്റ് മാത്രം.

മണിപ്പുർ(2017)

60 അംഗ നിയമസഭ. 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 21 സീറ്റ്. കോൺഗ്രസിൽനിന്ന് ഒൻപതുപേരെ സ്വന്തം പാളയത്തിലെത്തിച്ചു ബിജെപി സർക്കാർ രൂപീകരിച്ചു. മറ്റു പാർട്ടികളിലെ പത്തുപേർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇപ്പോൾ 19 പേർ.

മേഘാലയ (2018)

60 അംഗസഭയിൽ 21 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് ആകെ രണ്ടു സീറ്റ്. 19 സീറ്റുള്ള എൻപിപിക്കൊപ്പം ചെറുപാർട്ടികളെയും ചേർത്ത് സർക്കാർ രൂപീകരിച്ചു. എൻപിപി സർക്കാരിന് ആകെ 34 അംഗങ്ങളുടെ പിന്തുണ.

നാഗാലാൻഡ് (2018)

60 അംഗ സഭയിൽ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്(എൻപിഎഫ്) 26 സീറ്റ്. 17 സീറ്റ് നേടിയ എൻഡിപിപിയെ പിന്തുണച്ച് ബിജെപി അധികാരം പങ്കിടുന്നു.

ത്രിപുര (2018)

ഇടതുകോട്ടയായിരുന്ന ത്രിപുരയിൽ 2013ൽ മൽസരിച്ച 50 സീറ്റിലും പരാജയപ്പെട്ട ബിജെപിക്ക് ഇത്തവണ ലഭിച്ചത് 35 സീറ്റ്; വോട്ട് ശതമാനം 1.54ൽനിന്ന് 43-ലേക്ക് കയറി. എട്ടു സീറ്റ് ലഭിച്ച ഐപിഎഫ്ടിയെ കൂട്ടി സർക്കാരുണ്ടാക്കി. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച 10 സീറ്റും ബിജെപി പിടിച്ചെടുത്തു.

മിസോറം ജനസംഖ്യയിൽ ഏറിയ പങ്കും ക്രിസ്തുമത വിശ്വാസികളാണ്. സമാന സാഹചര്യമുണ്ടായിരുന്ന മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളില്‍ പാർട്ടിയുടെ പ്രകടനം വിലയിരുത്തിയാകും ബിജെപിയുടെ ഗൃഹപാഠങ്ങൾ.

∙ മറ്റു പാർട്ടികളുടെ സ്വാധീനം

വടക്കുകിഴക്കൻ മേഖലയിൽ, ബിജെപിയുടെ ‘കോൺഗ്രസ് മുക്ത്’ മുദ്രാവാക്യവുമായി ഏറെമുൻപേ കളത്തിലുള്ള പ്രധാന പാർട്ടികളാണ് എംഎൻഎഫ്, എൻപിപി എന്നിവ. കോൺഗ്രസിനെ തറപറ്റിക്കാൻ ലക്ഷ്യമിട്ട് ഇവർ ചേർന്നു രൂപീകരിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന് ഈ രണ്ടു വർഷത്തെ നാടകീയ തിരഞ്ഞെടുപ്പ് ഫലങ്ങളിലെല്ലാം നിർണായക പങ്കുണ്ട്. എന്നാൽ, മിസോറമിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന് ഇരു പാർട്ടികളും പ്രഖ്യാപിച്ചു കഴിഞ്ഞു. സഖ്യത്തിനില്ലെന്നു പറയുമ്പോഴും, കോൺഗ്രസിനെ തൂത്തെറിയാൻ വേണ്ടിവന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സമാന മനസ്കരുമായി കൈകോർക്കുമെന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് സൂചിപ്പിച്ചിട്ടുണ്ട്.

ഓരോ സംസ്ഥാനത്തും ഓരോ തന്ത്രമാണു ബിജെപിക്ക്. അസമിലും നാഗാലാൻഡിലും ത്രിപുരയിലും സഖ്യംചേർന്ന് മൽസരിച്ചു. മേഘാലയയിൽ തിരഞ്ഞടുപ്പിനു ശേഷം സഖ്യമുണ്ടാക്കി. നിർണായക സമയത്ത് അപ്രതീക്ഷിത കരുനീക്കം മിസോറമിലും പ്രതീക്ഷിക്കാതെ വയ്യ.

∙ ചരിത്രം

1987ൽ രൂപീകൃതമായതുമുതൽ ഇതുവരെ നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് അല്ലെങ്കിൽ മിസോ നാഷനൽ ഫ്രണ്ട് ആണ് അധികാരത്തിലെത്തിയത്. ആദ്യ തിരഞ്ഞെടുപ്പിൽ (1987) എംഎൻഎഫ് വിജയിച്ചപ്പോള്‍ തുടർന്നുള്ള രണ്ടെണ്ണം (1989, 93) കോൺഗ്രസ് നേടി. ദശാബ്ദകാലത്തെ കോൺഗ്രസ് ഭരണത്തിനു ശേഷം 98ൽ എംഎൻഎഫ് തിരിച്ചുപിടിച്ചു. രണ്ടു തവണ കൈവശം വച്ച അധികാരം കോൺഗ്രസിനു തിരിച്ചു നൽകിയത് 2008ൽ. ദശാബ്ദക്കണക്കിലാണ് മിസോറമിൽ അധികാരക്കൈമാറ്റം. ചരിത്രത്തിന്റെ കണക്കിൽ കോണ്‍ഗ്രസിന്റെ കാലാവധി അവസാനിച്ചിരിക്കുന്നു.