Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയ്ക്കുള്ള സൈനികേതര ആണവ സാങ്കേതിക വിദ്യ കൈമാറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി യുഎസ്

Donald Trump, Xi Jinping

വാഷിങ്ടൻ∙ ചൈനയ്ക്കുള്ള സൈനികേതര ആണവ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം. പുതിയ ആണവനിലയങ്ങൾ സ്ഥാപിക്കാനും അന്തര്‍വാഹിനികൾക്കും യുദ്ധ കപ്പലുകൾക്കും കരുത്തു പകരാനും സൈനികേതര ആണവ സാങ്കേതിക വിദ്യ ചൈന വഴിതിരിച്ചു വിടുന്നുണ്ടെന്ന സംശയം യുഎസ് നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു. ജെറ്റ് എൻജിനുകളുടെ  ഏറ്റവും വലിയ വിതരണക്കാരായ ജനറൽ ഇലക്ട്രിക് ഏവിയേഷനിൽ നിന്നും രഹസ്യ വിവരങ്ങൾ കവർന്നതിന് ഒരു ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് തന്ത്രപ്രധാനമായ  യുഎസ് പ്രഖ്യാപനം വന്നിട്ടുള്ളത്.

സൈനികേതര ആണവ സഹകരണം സംബന്ധിച്ച് യുഎസും ചൈനയും തമ്മിൽ നിലവിലുള്ള നടപടിക്രമങ്ങൾ മറികടന്ന് ആണവ സങ്കേതിക വിദ്യ കരസ്ഥമാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാൻ തങ്ങൾക്കു കഴിയില്ലെന്ന് യുഎസ് ഊർജ സെക്രട്ടറി റിക് പെറി പറഞ്ഞു. യുഎസിലെ കമ്പനികളില്‍ നിന്നും ആണവ വസ്തുക്കളും ഉപകരണങ്ങളും ആധുനിക സാങ്കേതിക വിദ്യയും സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളിലുള്ള ആശങ്കയാണ് ദേശീയ സുരക്ഷാ നയങ്ങൾ ശക്തമാക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സൈനികാവശ്യങ്ങൾക്കോ സ്വയംപര്യാപ്തത നേടാനോ ഉപയോഗിച്ചേക്കാമെന്ന സംശയത്തെ തുടർന്ന് നിലവിൽ തടഞ്ഞുവച്ചിട്ടുള്ള ആണവ സാങ്കേതിക വിദ്യ കൈമാറ്റത്തിനുള്ള ഔദ്യോഗിക അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പുതിയ നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. 

യുഎസ് ആണവസാങ്കേതിക വിദ്യ മോഷ്ടിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ നിലവിൽ നിരീക്ഷത്തിലുള്ള ചൈന ജനറൽ ന്യൂക്ലിയർ പവർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ ലൈസൻസ് അപേക്ഷകളോ നിലവിലുള്ള അംഗീകാരമോ നിഷേധിച്ചതായി കണക്കാക്കാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. ദക്ഷിണ ചൈന സമുദ്രത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യ നിർമ്മിതമായ ദ്വീപുകളിൽ ചൈന ഇതിനോടകം തന്നെ ആണവോർജ്ജം ഉപയോഗിക്കുന്നുണ്ടെന്നാണ് യുഎസിന്‍റെ ആരോപണം. 170 ദശലക്ഷം ഡോളർ വിലമതിക്കുന്ന ആണവ സാങ്കേതിക വിദ്യയാണ് യുഎസിൽ നിന്നും 2017ൽ ചൈന ഇറക്കുമതി ചെയ്തത്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു പുറമെ ചൈനക്കു മേൽ സമ്മർദം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ മറ്റൊരു നീക്കമായാണ് പുതിയ തീരുമാനത്തെ നിരീക്ഷകർ കാണുന്നത്.