Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: 16ന് ചർച്ച; തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വംബോര്‍ഡ് ചര്‍ച്ച നടത്തും

sabarimala-kodimaram

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജന്‍ഡ. തന്ത്രിസമാജം, അയ്യപ്പസേവാസംഘം, യോഗക്ഷേമസഭ എന്നിവര്‍ക്കും 16നു നടക്കുന്ന ചർച്ചയിൽ ക്ഷണം ലഭിച്ചു. സ്ത്രീപ്രവേശം സംബന്ധിച്ച സമരത്തില്‍ സമവായത്തിനും ബോര്‍ഡ് ശ്രമിച്ചേക്കും.

ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരെ പന്തളത്തുനിന്ന് ആരംഭിച്ച എന്‍ഡിഎയുടെ ലോങ്മാര്‍ച്ച് ഇന്നു തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആലങ്കോട് ജംക്‌ഷനില്‍ രാവിലെ പത്തരയ്ക്കു സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും. ഒരു മണിയോടെ ആറ്റിങ്ങലില്‍ എത്തുന്ന ജാഥ വൈകിട്ട് കഴക്കൂട്ടത്ത് സമാപിക്കും. തിങ്കളാഴ്ച രാവിലെ പട്ടത്തു നിന്നാരംഭിക്കുന്ന ജാഥയില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

ശബരിമല നടതുറക്കാന്‍ രണ്ടുദിവസം മാത്രം; പമ്പ പുനരുദ്ധാരണം സ്തംഭിച്ചു

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ പമ്പ പുനരുദ്ധാരണം പാഴ്‌വാക്കായി. പ്രളയകാലത്ത് വന്നടിഞ്ഞ മണ്ണും അവശിഷ്ടങ്ങളും ഭാഗികമായി മാത്രമാണു നീക്കം ചെയ്തത്. പമ്പയിലെ ആശുപത്രിയും പ്രവര്‍ത്തിക്കുന്നില്ല. അരവണ വിതരണവും പ്രതിസന്ധിയിലാണ്.

പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യാനായിട്ടില്ല. അവശേഷിക്കുന്നതു നിരത്തി സ്നാനഘട്ടങ്ങള്‍ മണല്‍ചാക്ക് നിരത്തി നിര്‍മിക്കുന്നു. ഉന്നതാധികാര സമിതിയുടെ എതിർപ്പിനെ തുടര്‍ന്നു നടപ്പന്തലിന്റെ പുനര്‍നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പമ്പയിലെ ആശുപത്രി ഈ സീസണില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. അരവണ നിര്‍മാണത്തിനുള്ള കരുതല്‍ ശേഖരമുണ്ടായിരുന്ന ശർക്കര ഗോഡൗൺ പ്രവർത്തനവും പൂർവസ്ഥിതിയിലായില്ല. വൈദ്യുതിവിതരണം പുനരാരംഭിച്ചതൊഴിച്ചാല്‍ കാര്യങ്ങളെല്ലാം പഴയപടി.

ഗതിമാറിയൊഴുകിയ പമ്പയെ മണല്‍ ചാക്ക് നിരത്തിയാണു തിരിച്ചൊഴുക്കിയത്. മഴ കനത്തപ്പോള്‍ ഇതില്‍ ഒരു ഭാഗം ഒഴുകിപ്പോയി. തീരം ബലപ്പെടുത്താനുള്ള ശ്രമം ഇഴയുകയാണ്. ശുചിമുറികള്‍ പമ്പയിൽ ഇല്ല. താല്‍കാലിക ശുചിമുറികളുടെ ടാങ്കുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ നിറഞ്ഞതാണു മുന്നനുഭവം. പമ്പയിലേക്കുള്ള റോഡു നവീകരണം ഒച്ചിഴയുന്ന വേഗത്തിലാണ്. നിലയ്ക്കലിലെ ഒരുക്കങ്ങളും എങ്ങുമെത്തിയിട്ടില്ല.