Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം കാലാവസ്ഥാ മാറ്റത്തിന്റെ ഇര; പിറക്കേണ്ടത് ‘ക്ലൈമറ്റ് സ്മാർട്ട്’ കേരളം

വർഗീസ് സി. തോമസ്
kerala-flood-sky-view

ന്യൂഡൽഹി ആസ്‌ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്‌ഇ) മേധാവിയും പശ്‌ചിമഘട്ടത്തെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട കസ്‌തൂരിരംഗൻ കമ്മിറ്റി അംഗവുമായ സുനിത നാരായണുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്.

പ്രളയവും അതു നൽകുന്ന പാഠങ്ങളും എത്രത്തോളം ഗൗരവമുള്ളതാണ്?

ഭാവിയിൽ ഇത്തരം ഒരു പ്രളയത്തിന്റെ കെടുതിയിൽനിന്ന് കേരളത്തെ എങ്ങനെ രക്ഷിക്കാം എന്നതു സംബന്ധിച്ചു വിവിധ ശാസ്‌ത്ര ഗവേഷണ ഏജൻസികൾ കൂട്ടായി ആലോചിച്ചു പദ്ധതി ആവിഷ്‌ക്കരിക്കണം. ഇതിൽ കാലാവസ്‌ഥാ വകുപ്പ്, ജല–പ്രളയ പഠന രംഗത്തെ വിദഗ്‌ധർ, ജലകമ്മിഷൻ തുടങ്ങിയവരെല്ലാം ഉണ്ടാകണം. കേരളം തയാറെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. ഇനി പതിവു ചടങ്ങുകളുമായി ഇരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും.

കാലാവസ്‌ഥാ മാറ്റം ഏറ്റവുമാദ്യം തകർത്തെറിഞ്ഞ ലോകത്തെ ഭൂവിഭാഗങ്ങളുടെ പട്ടികയിലാണ് ഇന്നു കേരളം. പ്രകൃതിയെ സംരക്ഷിച്ചു കാലാവസ്‌ഥാ മാറ്റത്തെ നേരിടാൻ തയാറാകാതിരുന്നതിന്റെ ഫലം. എല്ലാം താഴേത്തട്ടിൽനിന്നു വീണ്ടും തുടങ്ങേണ്ടതിന്റെ ബാധ്യത താങ്ങാവുന്നതിനപ്പുറമാണ്. ഓരോ നൂറു വർഷത്തിലും പ്രളയം ആവർത്തിക്കുമെന്നും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞിരിക്കാതെ സംസ്‌ഥാനത്തെ കാലാവസ്‌ഥാ സജ്‌ജമാക്കാൻ കിട്ടിയ അവസരമാണിത്.

എങ്ങനെ കേരളത്തെ പുനസൃഷ്‌ടിക്കണം?

ഇനിയൊരു ദുരന്തത്തെ നേരിടാനുള്ള ശേഷി കേരളത്തിനില്ല. അതിനാൽ പുനസൃഷ്‌ടിക്കുമ്പോൾ നെൽവയൽ, നീർത്തടം, തോട്, പുഴ, കുളം എന്നിവ അടയാളപ്പെടുത്തി വേർതിരിച്ചു സംരക്ഷിക്കണം. ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം. ഭൂഗർഭജലപോഷണവും വേണം. തോട്ടം മേഖലയിൽ മണ്ണു സംരക്ഷിക്കണം. ജല – ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി വനനയം പുതുക്കണം. വനസംരക്ഷണം ജനകീയമാകണം.

ഗാഡ്‌ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യത്തെപ്പറ്റി?

ഗാഡ്‌ഗിൽ റിപ്പോർട്ടിലെ എല്ലാ നിർദേശങ്ങളോടും യോജിപ്പില്ല. മുകളിൽനിന്നു താഴേക്ക് അടിച്ചേൽപ്പിക്കുന്നതു വിജയിക്കില്ല. ഞാൻ കൂടി ഭാഗമായിരുന്ന കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് ഇക്കാര്യത്തിൽ കൂറച്ചുകൂടി പ്രായോഗികമാണെന്നാണു തോന്നുന്നത്.

സർക്കാരും ഗവേഷണവും എങ്ങനെ മാറണം?

ചിന്തിക്കാവുന്നതിനപ്പുറമാണു കാലാവസ്‌ഥയിലെ വ്യതിയാനം. ഈ അനിശ്‌ചിതത്വം നേരിടാൻ ഗവേഷണ സ്‌ഥാപനങ്ങളെ സർക്കാർ ശക്‌തിപ്പെടുത്തണം. മഴ എത്ര പെയ്യുമെന്നു മുൻകൂട്ടി പറയാനും ഡാം അൽപ്പാൽപ്പമായി തുറക്കാനും അതു മുൻകൂട്ടി എല്ലാ ജനങ്ങളെയും ഫലപ്രദമായി അറിയിക്കാനും കഴിയുന്ന രീതിയിലേക്കു സ്‌ഥാപനങ്ങൾ ഉയരണം. സ്വകാര്യമേഖലയെയും പങ്കാളിയാക്കാം.

കെടുതികൾ ഇത്രയും രൂക്ഷമാക്കിയത് എന്താണ്?

കേരളം വലിയൊരു നീർത്തടമാണ്. കിഴക്ക് ഉയരത്തിൽ പശ്ചിമഘട്ടം. അതിശക്‌തമായ മഴ. നൂറു കിലോമീറ്റർ നീളം മാത്രമുള്ള 44 വെള്ളച്ചാലുകൾ. ഇതിനു നടുവിലെ വിശാലമായ ഒരു ജലപാളിയിലാണു ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ഈ പ്രദേശത്തിന്റെ കിടപ്പെന്നു ഗവേഷകരും പരിസ്‌ഥിതി പ്രവർത്തകരും പറഞ്ഞിട്ടും വേണ്ട തയാറെടുപ്പില്ലാതെ പോയി.

Sunita Narain സുനിത നാരായൺ (ഫയൽ ചിത്രം)

ഈ വർഷത്തെ മഴ സൃഷ്ടിച്ച പ്രത്യേക സാഹചര്യം എന്തായിരുന്നു?

സാധാരണ കേരളത്തിന്റെ പശ്‌ചിമതീരത്താണു കൂടുതലും മഴ പെയ്‌തിരുന്നത്. ഇക്കുറി അതു പശ്‌ചിമഘട്ടത്തിന്റെ വൃഷ്‌ടി പ്രദേശത്തേക്കു ചുവടുമാറ്റി. അസാധാരണ മഴയിൽ വനമണ്ണിടിഞ്ഞു. ഈ സമയത്താണ് തുളുമ്പി നിന്ന ഡാമുകൾ തുറന്നത്.

എന്താണ് ഡാം മാനേജ്‌മെന്റ്? ഇതിൽ പിഴവു പറ്റിയോ?

കുറെ വർഷങ്ങളായി മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം ഡാമുകൾ പലപ്പോഴും കാലിയാണ്. അതിനാൽ ശേഷിയുടെ പരമാവധി നിറയ്‌ക്കുക എന്ന നയമാണു ഡാം നടത്തിപ്പുകാരുടേത്. മൺസൂൺ അവസാനിച്ചു തുലാമഴ വരുമ്പോഴേ തുറക്കുന്നതിനെപ്പറ്റി ആലോചിക്കൂ. എത്ര മഴ പെയ്യുമെന്നതിനെപ്പറ്റി ഡാം മാനേജർമാർക്കു കൃത്യമായ സൂചനയില്ല. ഡാം നിറഞ്ഞില്ലെങ്കിലോ എന്ന ആത്മവിശ്വാസക്കുറവുള്ളതിനാൽ പഴി ഒഴിവാക്കാൻ അവർ പരമാവധി പിടിച്ചുവയ്ക്കും. കനത്ത മഴയിൽ ഡാം എല്ലാം കൂടി പെട്ടെന്ന് തുറന്നു. മനുഷ്യനിർമിത പ്രളയത്തിനു സാക്ഷ്യം വഹിക്കേണ്ടിയും വന്നു.

മനുഷ്യനിർമിതമാണെന്ന് പറയാനുള്ള കാരണം?

ഡാം മാനേജ്‌മെന്റ്, പ്രളയ നിയന്ത്രണം തുടങ്ങിയ രംഗങ്ങളിലെ ഗവേഷണ സ്‌ഥാപനങ്ങളുടെയും സാങ്കേതിക വിദ്യയുടെയും കൂടി പരാജയമാണ് ഇത്. മഴയുടെ രീതി മാറിയെന്നു മനസിലാക്കാൻ വൈകുന്നതിന്റെയും അതിനനുസരിച്ചു സാങ്കേതിക വിദ്യകൾ ഗവേഷണം ചെയ്‌തു ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തതിന്റെയും പരാജയം.

ഇത് ഒറ്റപ്പെട്ട സംഭവമാണോ?

ഇതു കേരളത്തിന്റെ മാത്രം അനുഭവമല്ല. ലോകമെമ്പാടും വരൾച്ചയും പ്രളയവും വർധിച്ചു വരികയാണ്. മാറുന്ന കാലാവസ്‌ഥയുടെ തീവ്രതയെ നേരിടാൻ നാം ഇതുവരെ പഠിച്ചിട്ടില്ല. തയ്യാറെടുപ്പില്ലെങ്കിൽ പല ദുരന്തങ്ങളും നമ്മെ കാത്തിരിക്കുന്നു. വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും മറ്റു പ്രവർത്തികളിൽനിന്നുമുള്ള കാർബൺ പുറന്തള്ളൽ മൂലമാണു ലോകത്തു ചൂട് ഏറുന്നതെന്നു മനസിലാക്കിയിട്ടും കാറുകൾ കുറച്ചു പൊതു വാഹനങ്ങളുടെ എണ്ണം കൂട്ടാൻ കഴിയുന്നില്ല.

പരിസ്‌ഥിതി സംരക്ഷണത്തിൽ എവിടെയാണു തെറ്റു പറ്റിയത്?

നെൽവയലുകൾ, തോടുകൾ, കുളങ്ങൾ, നീർത്തടങ്ങൾ തുടങ്ങി പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കേരളം തകർത്തു. പാറ ഉൾപ്പെടെ പ്രകൃതി വിഭവങ്ങൾ ക്രമമില്ലാതെ ചൂഷണം ചെയ്തു. തോടുകളും പാടങ്ങളും പ്രളയജല പരപ്പുകളും ഉണ്ടായിരുന്നെങ്കിൽ ആഘാതം കുറച്ചു പ്രളയത്തിന്റെ ഒരു ഭാഗമെങ്കിലും ഭൂഗർഭത്തിലേക്കു സംരക്ഷിക്കാമായിരുന്നു.

related stories