Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയെ അയോധ്യയെപ്പോലെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ല: മുല്ലപ്പള്ളി

KPCC കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

ആലപ്പുഴ ∙ശബരിമലയെ അയോധ്യയെപ്പോലെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോൾ നടക്കുന്ന സമരങ്ങളിൽ കൊടിപിടിച്ചു രാഷ്ട്രീയം കലർത്തരുതെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം കോൺഗ്രസ് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

കട്ടമുതൽ തിരികെ നൽകിയാൽ കള്ളൻ കള്ളനാകാതിരിക്കില്ല. ബ്രൂവറി വിഷയത്തിൽ ജ‍ുഡീഷ്യൽ കമ്മിഷനെ നിയമിച്ചു തുടരന്വേഷണം നടത്തണം. കേരളത്തിലുണ്ടായ പ്രളയം ഡാം ദുരന്തമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കോൺഗ്രസ് കമ്മിറ്റികളിലും കഴിവും കാര്യശേഷിയും പ്രവർത്തന സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിർത്തുകയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

ഒരു നേതാവും പാർട്ടിക്ക് അതീതനല്ല. പാർട്ടി പരിപാടികളിൽ കൃത്യമായി പങ്കെടുക്കാത്തവരെപ്പറ്റി ഓരോ കമ്മിറ്റികളും റിപ്പോർട്ട് നൽകണം. രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത യുവ എംഎൽഎമാരോടു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ ഗതികേട് ഇനിയുണ്ടാകരുത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു നാളെ ജില്ലാതലങ്ങളിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാത്തവർക്കെതിരെ പാർട്ടി റിപ്പോർട്ട് ശേഖരിക്കും. നേതൃ പദവികളിലേക്കുള്ള അപ്രൈസൽ ആയി പാർട്ടി പരിപാടികളിലെ പങ്കാളിത്തം കണക്കിലെടുക്കുകയും എലിമിനേഷനിൽ അവ ബാധകമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.