Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുനയ ശ്രമങ്ങൾക്കു തിരിച്ചടി; യുവതീ പ്രവേശനം ചർച്ച ചെയ്യാനില്ലെന്ന് പന്തളം കൊട്ടാരം

sabarimala-women-entry ശബരിമല ക്ഷേത്രം

തിരുവനന്തപുരം∙ ശബരിമല യുവതീ പ്രവേശന വിഷയത്തിലെ അനുനയ ശ്രമങ്ങൾക്കു തിരിച്ചടി. ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധികൾ ഉപാധിവച്ചു. യുവതീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലാണു ചര്‍ച്ചയെങ്കിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ പറഞ്ഞു.

പക്ഷേ മണ്ഡലമകരവിളക്ക് ഒരുക്കത്തെക്കുറിച്ചാണു ചർച്ചയെങ്കിൽ പരിഗണിക്കും. യോഗത്തിനു പോകണോ എന്ന കാര്യത്തിൽ തന്ത്രി കുടുംബം, തന്ത്രി സമാജം, കൊട്ടാരവുമായി സഹകരിക്കുന്ന മറ്റുള്ളവര്‍ എന്നിവരുമായി ആലോചിച്ചേ തീരുമാനിക്കുവെന്ന് പന്തളം കൊട്ടാരം നിർവാഹകസമതി യോഗം അറിയിച്ചു. അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം എൻഎസ്എസ് ഉൾപ്പെടെയുള്ളവരുമായി കൂട്ടായി ചർച്ച ചെയ്യുമെന്നു തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. 

പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവർക്കാണ് 16 ന് ദേവസ്വം ബോര്‍ഡുമായി നടക്കുന്ന ചർച്ചയിലേക്കു ക്ഷണമുള്ളത്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജൻ‍ഡയായി വച്ചിട്ടുള്ളത്. എന്നാൽ യുവതീ പ്രവേശനം സംബന്ധിച്ച സമരത്തിൽ സമവായത്തിനും ദേവസ്വം ബോർഡ് ശ്രമിച്ചേക്കുമെന്നാണു വിവരം. തിരുവനന്തപുരത്തു വച്ചാണു ചർച്ച നടക്കുക.

ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സൂക്ഷിച്ചു നിലപാടുകൾ കൈക്കൊള്ളാനാണു സർക്കാരിനു സിപിഎം നൽകിയ നിർദേശം. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സമയമെടുത്തും ക്ഷമാപൂർവം തെറ്റിദ്ധാരണകൾ ഇല്ലാതാക്കിയും മുന്നോട്ടുപോകണമെന്നും സിപിഎം സർക്കാരിന് ഉപദേശം നൽകി.