Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 മിന്നലാക്രമണങ്ങൾ നേരിടേണ്ടി വരും: ഇന്ത്യയ്ക്കു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

Indian Surgical Strikes

ഇസ്‌ലാമാബാദ്∙ ഇന്ത്യയ്ക്കെതിരെ ഒന്നിലധികം മിന്നലാക്രമണങ്ങൾക്കു സജ്ജമാണെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ. 10 മിന്നലാക്രമണങ്ങൾക്കു (സർജിക്കൽ സ്ട്രൈക്ക്) ശേഷിയുണ്ടെന്നാണു പാക്ക് സൈന്യത്തിന്റെ അവകാശവാദം.

‘പാക്കിസ്ഥാനുള്ളിൽ ഒരു മിന്നലാക്രമണം നടത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ, മറുപടിയായി 10 മിന്നലാക്രമണങ്ങൾ നേരിടേണ്ടി വരും’– ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. പാക്ക് സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍‌വയോടൊപ്പം ലണ്ടനിൽ എത്തിയതായിരുന്നു ആസിഫ് ഗഫൂർ. ‘ഞങ്ങൾക്കെതിരെ സാഹസികത കാണിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ പാക്കിസ്ഥാന്റെ കരുത്തിനെക്കുറിച്ച് അവർ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ’ എന്നും അദ്ദേഹം വ്യക്തമാക്കി.

50 ബില്യൻ ഡോളർ ചെലവിൽ രാജ്യത്തു നടപ്പാക്കുന്ന ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) പരിപാലകർ പാക്ക് സൈന്യമാണ്. പദ്ധതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. രാജ്യത്തെ ജനാധിപത്യം കരുത്തുറ്റതാക്കാനാണു സൈന്യം ശ്രമിക്കുന്നത്. ജൂലൈയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും സുതാര്യതയുള്ളതായിരുന്നു. മോശപ്പെട്ടതിനേക്കാൾ കൂടുതൽ നല്ല കാര്യങ്ങൾ പാക്കിസ്ഥാനിൽ സംഭവിക്കുന്നുണ്ട്. നല്ലതു വാർത്തയാക്കാൻ രാജ്യാന്തര മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും ആസിഫ് പറഞ്ഞു.

related stories