Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിയാനയില്‍ മുസ്‍ലിം പള്ളി നിർമിക്കാൻ ലഷ്കർ ധനസഹായമെന്ന് എൻഐഎ

Hafiz Saeed ലഷ്കർ നേതാവ് ഹാഫീസ് സയീദ് (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഒരു മുസ്‍ലിം പള്ളിയുടെ നിർമാണത്തിന് പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ധനസഹായം നൽ‌കിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പൽവാലിലെ ഉത്താവർ ഗ്രാമത്തിലുള്ള ഖുലാഫ – ഇ– റഷീദീൻ പള്ളിയുടെ നിർമാണത്തിനാണ് ഹാഫീസ് സയീദ് നേതൃത്വം നൽകുന്ന ലഷ്കറെയുടെ സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുള്ളത്. പള്ളിയുടെ ഇമാം മുഹമ്മദ് സൽമാൻ ഉൾപ്പെടെ മൂന്നു പേരെ തീവ്രവാദികൾക്കുള്ള ധനസഹായം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് എൻഐഎ മൂന്നു ദിവസം മുമ്പ് ഡൽഹിയിൽനിന്നു പിടികൂടിയിരുന്നു. ഇതോടെയാണ് പള്ളി നിർമാണത്തിലേക്കും എൻഐഎയുടെ സംശയം നീണ്ടത്. പള്ളിയിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ഇവിടെ വിശദമായ പരിശോധന നടത്തിയിരുന്നു. 

ലഷ്കറെ തയിബയുടെ മാതൃസംഘടനയായ ജമാഅത്തുദ്ദഅവയുടെ കീഴിലുള്ള ഫലാഹ്–ഇ– ഇൻസാനിയത്തിൽനിന്ന് ഉത്താവറിലെ പളളി നിർമാണത്തിന് സൽമാൻ 70 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സൽമാന്‍റെ പെൺകുട്ടികളുടെ വിവാഹത്തിനുള്ള പണവും നൽകിയത് ഈ സംഘടനയാണ്. പളളി നിര്‍മാണത്തിന് ആവശ്യമായ പണം എവിടെ നിന്നാണു ലഭിച്ചിരുന്നതെന്നും ഇത് ഏതെല്ലാം വിധത്തിലാണ് ഉപയോഗിച്ചതെന്നും അന്വേഷിച്ചു വരികയാണെന്ന് എൻഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 

പള്ളി നിർമാണത്തിന് ഏറ്റവും കൂടുതൽ പണം നൽകിയിരുന്നത് സൽമാനാണെന്നും എന്നാൽ ഇയാൾക്ക് എവിടെനിന്നാണു പണം ലഭിച്ചിരുന്നതെന്ന് നാട്ടുകാർക്ക് അറിവില്ലായിരുന്നുവെന്നുമാണ് എൻഐഎ പറയുന്നത്. പള്ളി നിർമാണത്തിനുള്ള പത്തേക്കറോളം ഭൂമി നാട്ടുകാരുടെ സംഭാവനയാണ്. ഫലാഹ്–ഇ– ഇന്‍സാനിയാത്തിന്‍റെ ഉപനേതാവുമായി അടുത്ത ബന്ധമുള്ള, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പാക്കിസ്ഥാൻ പൗരനുമായി സൽമാൻ നിരന്തരം ബന്ധം പുലർത്തിയിരുന്നു. ഹവാല ഇടപാടുകാർ മുഖേന ലഷ്കറെ അയയ്ക്കുന്ന പണം സൽമാൻ കൈപ്പറ്റിയിരുന്നതായും എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി. 

എന്നാൽ എൻഐഎയുടേത് കെട്ടുകഥയാണെന്നാണ് ചില ഗ്രാമവാസികൾ പറയുന്നു. പള്ളിയുടെ സ്ഥലം സംബന്ധിച്ച് കോടതിയിൽ കേസു നടക്കുകയാണെന്നും ഇതിലെ എതിർ വിഭാഗക്കാർ എൻഐഎയെ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാധ്യതയെന്നുമാണ് നാട്ടുകാരുടെ നിലപാട്.