Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇടത്താവളങ്ങൾ; യുവതീ പ്രവേശനത്തിൽ ആശങ്ക

Sabarimala

എരുമേലി∙ മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രധാന ഇടത്താവളമായ എരുമേലിയില്‍ സ്ത്രീകൾക്കായുള്ള അടിസ്ഥാ സൗകര്യങ്ങൾ പരിമിതം. ദിനംപ്രതി ലക്ഷകണക്കിന് ഭക്തരെത്തുന്ന എരുമേലിയില്‍ വിശ്രമിക്കാനായുള്ളത് അഞ്ച് കേന്ദ്രങ്ങള്‍ മാത്രമാണ്. ആവശ്യത്തിനു ശുചിമുറികളില്ലാത്തതും സ്ഥിതി വഷളാക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാകാതെ നിസഹായരാണു ദേവസ്വം ബോര്‍ഡും.

മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാൻ ഒരു മാസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ സ്ത്രീകള്‍ക്കാവശ്യമായ കൂടുതല്‍ ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ശബരിമലയില്‍ മാത്രമല്ല എരുമേലി ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളിലും സുരക്ഷയും സൗകര്യങ്ങളും വര്‍ധിപ്പിക്കണം. നിലവിലെ സൗകര്യങ്ങൾ സ്ത്രീകൾക്കു കൂടി പകുത്തു നൽകുക എന്നതു മാത്രമാണ് ഏക പോംവഴി. കഴിഞ്ഞ മണ്ഡലകാലത്ത് ദിനംപ്രതി രണ്ടു ലക്ഷത്തിലേറെ ഭക്തര്‍ എരുമേലിയിലെത്തിയെന്നാണു കണക്ക്.

ഇവര്‍ക്ക് താമസിക്കാന്‍ ദേവസ്വം ബോര്‍ഡ് വക ഉള്ളത് 700 പേർക്ക് വിശ്രമിക്കാനുള്ള അഞ്ച് ഷെല്‍ട്ടറുകളാണ്. 250 ശുചിമുറികളും 100ല്‍ താഴെ കുളിമുറികളും ഉണ്ട്. ഇതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി തല്‍ക്കാലം മാറ്റിവയ്ക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

പരമ്പരാഗത കാനനപാതയിലൂടെ സ്ത്രീകൾ എത്തുന്ന സാഹചര്യമുണ്ടായാല്‍ പേരുത്തോട്, അഴുത, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല എന്നിവിടങ്ങളിൽ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. പൊലീസിനെ വലക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം തീര്‍ത്ഥാടക വേഷത്തിലെത്തുന്ന വനിത മോഷ്ടാക്കളായിരിക്കും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പടിവാതിക്കൽ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം കീറാമുട്ടിയാകുമെന്നാണു വിലയിരുത്തൽ.