Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത നാടക അക്കാദമി അധ്യക്ഷ: കെപിഎസി ലളിതയെ മാറ്റണമെന്ന് എഐവൈഎഫ്

KPAC Lalitha കെപിഎസി ലളിത

തിരുവനന്തപുരം ∙ സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്ന കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് എഐവൈഎഫ്.

കലാരംഗത്തെ എല്ലാത്തരം വിവേചനങ്ങള്‍ക്കും ചൂഷണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാനും നിലപാടെടുക്കാനും ബാധ്യതയുള്ള സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ല. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തങ്ങളുടെ സംഘടനയ്ക്കു ബാധകമല്ലെന്നാണ് സിദ്ദീഖും കെപിഎസി ലളിതയും പറയുന്നത്.

പരാതികൾ ഉന്നയിക്കാനുള്ള സമിതിയെന്ന ആവശ്യത്തോടുള്ള ഇവരുടെ പരിഹാസം രാജ്യത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥയോടും കൂടിയാണ്. എഎംഎംഎ എന്ന സംഘടനയിൽനിന്നു രാജിവെച്ച നടിമാർ മാപ്പുപറയണമെന്ന ലളിതയുടെ ആവശ്യം പരിഹാസ്യമാണ്. സിനിമാരംഗത്തെ തമ്പുരാക്കന്മാരുടെയും യജമാനന്മാരുടെയും വക്താക്കളായി ഇവർ പ്രവർത്തിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സർക്കാർ പദവികളിൽ ഇരുന്നു കൊണ്ടാണെന്നത് ഗൗരവമായി കാണണം.

സിനിമാരംഗത്തു നടന്ന തെറ്റായ പ്രവണതകൾക്ക് എതിരെ മന്ത്രിമാരുൾപ്പെടെ രംഗത്തുവന്നിരിക്കുന്ന ഘട്ടത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് സർക്കാർ നയത്തിനെതിരെ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമാണ്. സിനിമാരംഗത്ത് സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തുറന്നു പറയുന്നവരെ നിശബ്ദമാക്കാനുള്ള നീക്കമാണ് എഎംഎംഎ നേതൃത്വം നടത്തുന്നത്. സുപ്രീംകോടതി നിർദേശത്തെ പരിഹസിക്കുകയും ആ നിർദേശം നടപ്പാക്കില്ലെന്ന് പരസ്യമായി പറയുകയും ചെയ്യുന്ന നടൻ സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കണം.

ഡബ്ല്യുസിസി അംഗങ്ങൾക്കെതിരായ സൈബർ ആക്രമണത്തെ ന്യായീകരിച്ച നടപടിയും ഗൗരവമായി കാണണം. സിനിമാരംഗത്തെ എല്ലാത്തരം വൃത്തികേടുകൾക്കും കുട പിടിക്കുന്ന എഎംഎംഎ എന്ന സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് സർക്കാർ പരിശോധിക്കണം. സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ ഇടപെടണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.