Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പട്ടേൽ പ്രതിമയിൽ അദ്ദേഹം ആർഎസ്എസിനെ നിരോധിച്ച ഉത്തരവും വേണം’

Sardar Patel statue drawing സർദാർ പട്ടേലിന്റെ പ്രതിമയുടെ ചിത്രം.

പുണെ ∙ ഗുജറാത്തിലെ നർമദ ജില്ലയിൽ സ്ഥാപിക്കുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയുടെ ചുവട്ടിൽ, അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 1948 ൽ ആർഎസ്എസിനെ നിരോധിച്ച് പുറപ്പെടുവിച്ച ഉത്തരവു കൂടി വയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിക്ക് അവരെപ്പറ്റിയുള്ള അഭിപ്രായമെന്തെന്ന് ജനങ്ങൾക്കു മനസ്സിലാകാൻ അതു സഹായിക്കുമെന്നും ആർഎസ്എസിന്റെ പേരെടുത്തു പറയാതെ ശർമ പറഞ്ഞു. പുണെയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘അവർക്ക് (ആർഎസ്എസിനും ബിജെപിക്കും) സ്വന്തം ഹീറോകളില്ല. അതുകൊണ്ടാണ് അവർ പട്ടേലിന്റെ ഏകതാ പ്രതിമ നിർമിക്കുന്നത്. അതാവട്ടെ, നിർമാണം ചൈനയിലും. ഗാന്ധിജിയുടെ വധത്തെ തുടർന്ന് 1948 ലാണ് പട്ടേൽ നിരോധന ഉത്തരവിറക്കിയത്. അത് പ്രതിമയുടെ കാൽക്കൽ വയ്ക്കണം. അദ്ദേഹം അവരെപ്പറ്റി എന്താണു ചിന്തിച്ചിരുന്നതെന്ന് അങ്ങനെ ജനങ്ങൾക്കു മനസ്സിലാവും’ - ആനന്ദ് ശർമ പറഞ്ഞു. 

48 ലെ നിരോധന ഉത്തരവ് പിന്നീട് പിൻവലിച്ചിരുന്നു. 

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ 143–ാം ജന്മദിനമായ ഒക്ടോബർ 31നാണ് ഉദ്ഘാടനം ചെയ്യുന്നത്. 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിൽ പട്ടേൽ സ്മാരകം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണ് ഐക്യ പ്രതിമ. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്. 

ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ തീർക്കുന്നത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തിൽനിന്നു സർദാർ സരോവർ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 3000 കോടിയോളം ചെലവിട്ടുള്ളതാണു പ്രതിമ പദ്ധതി.

related stories