Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കില്ല; മിന്നൽ‌ സമരം അവസാനിപ്പിച്ചു

KSRTC തൊഴിലാളികൾ തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ ഉപരോധം

തിരുവനന്തപുരം∙ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണു തീരുമാനം. ഇതോടെ കെഎസ്ആർടിസി ജീവനക്കാർ നടത്തിവന്ന മിന്നല്‍ സമരം പിൻവലിക്കാൻ യൂണിയൻ നേതൃത്വം നിർദേശം നൽകി.   

ksrtc-strike.. ജീവനക്കാരെ മർദിച്ചെന്നാരോപിച്ച് കോഴിക്കോട്ടു നടന്ന പ്രതിഷേധം.

തിരുവനന്തപുരത്ത് സമരം ചെയ്ത ജീവനക്കാരെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സർവീസുകള്‍ തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ‌ ഡ്രൈവർമാർ റോഡിൽ നിർത്തിയിട്ടു. തമ്പാനൂരിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ‌ ബസുകൾ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടും പ്രതിഷേധിച്ചു. കോഴിക്കോട് ഡിപ്പോയിൽ രാവിലെ എട്ട് മുതൽ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ഉപരോധസമരമുണ്ടായിരുന്നു

ksrtc-strike പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നു.

കെഎസ്ആർടിസി ടിക്കറ്റ് റിസർ‌വേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുന്നതിനെതിരെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസ് സർവീസ് നിർത്തിവച്ചു. ഇതിനിടെ സമരക്കാർക്കു നേരെ പൊലീസ് കയ്യേറ്റം നടന്നെന്നാണു പരാതി. കൊട്ടാരക്കരയിലും ബസുകൾ ജീവനക്കാർ തടഞ്ഞിട്ടു. 

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം അവസാനിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ജില്ലയിൽ ഗതാഗതം സാധാരണനിലയിലായി. എല്ലാ ബസുകളും ഒരുമിച്ച് സർവീസ് പുനരാരംഭിച്ചതോടെ കോഴിക്കോട് മാവൂർ റോഡിൽ ഗതാഗതകുരുക്കുണ്ടാക്കിയെങ്കിലും പൊലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു.

related stories