Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓ‍ഡിറ്റ് ഇല്ല; സപ്ലൈകോയിൽ അഴിമതി തടയാനാകുന്നില്ലെന്ന് നിയമസഭാ സമിതി

സിബി നിലമ്പൂർ
SUPPLYCO

കൊച്ചി∙ സബ്സിഡി ഉൽപന്നങ്ങളുടെ പേരിൽ സിവിൽ സപ്ലൈസ് കോർപ്പറേഷനെ നഷ്ടത്തിലേക്കു തള്ളി വിടുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലയുള്ള നിയമസഭാ സമിതി അധ്യക്ഷൻ സി. ദിവാകരൻ. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ 14 ഉൽപന്നങ്ങൾ മാത്രമാണ് സബ്സിഡിയിൽ വിൽക്കുന്നത്. പകുതിയിലധികം തുക സർക്കാർ ബജറ്റിൽ വകയിരുത്തി കോർപ്പറേഷന് നൽകുന്നുണ്ട്. ബാക്കി തുക കോർപ്പറേഷൻ ഔട്ട്ലറ്റുകളിലൂടെ വിൽക്കുന്ന മറ്റ് ഉൽപന്നങ്ങളുടെ ലാഭം ഉപയോഗിച്ച് നികത്താൻ സാധിക്കാത്തത് പ്രധാന സ്ഥാനങ്ങളിലുള്ള ചില ഉദ്യോഗസ്ഥരുടെ അഴിമതികൊണ്ടാണെന്നു സമിതി അധ്യക്ഷൻ തുറന്നടിച്ചു.

വേണ്ടി വന്നാൽ ഇവർക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കഴിഞ്ഞ വർഷം സബ്സിഡി ഉൽപന്നങ്ങൾക്കായി ചെലവായ 400 കോടി രൂപയിൽ 200 കോടി മാത്രമാണ് സർക്കാരിൽ നിന്ന് ലഭിച്ചതെന്ന എംഡിയുടെ വിശദീകരണത്തിൽ തൃപ്തനാകാതെയാണ് ഉദ്യോഗസ്ഥർക്കെതിരെ അദ്ദേഹം നിലപാടെടുത്തത്. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിളിച്ചു ചേർത്ത യോഗത്തിൽ എംഎൽഎ മാരായ സി. ദിവാകരൻ, എസ്. രാജേന്ദ്രൻ, സണ്ണി ജോസഫ്, സി.എഫ്. തോമസ്, ടി.എ. അഹമ്മദ് കബീർ, പി.ടി.എ. റഹീം സ്ഥലം എംഎൽഎ എന്ന നിലയിൽ ഹൈബി ഈഡൻ എന്നിവരാണ് പങ്കെടുത്തത്.

ഓഡിറ്റ് ഇല്ല; കാര്യം?

കഴിഞ്ഞ മൂന്നു വർഷമായി സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ഓഡിറ്റ് നടക്കുന്നില്ല. വിൽപനയിലും വാങ്ങലിലും നടക്കുന്ന തിരിമറികൾ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുന്നു. 2014–15 വർഷമാണ് ഏറ്റവും അവസാനമായി ഓഡിറ്റ് നടന്നിട്ടുള്ളത്. ഇത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ എംഡിക്ക് കഴിയാതിരുന്നത് സമിതിയുടെ കടുത്ത വിമർശനത്തിന് വഴി വച്ചു.

സപ്ലൈക്കോയുടെ ബ്രാൻഡ് ആയി വിൽക്കുന്ന ശബരി വെളിച്ചെണ്ണ നിലവിൽ സ്വകാര്യ മില്ലിന്റെ സഹായത്തോടെയാണ് ഉൽപാദിപ്പിക്കുകയും പാക്കിങ് ചെയ്യുകയും ചെയ്യുന്നത്. ഇത് എന്തുകൊണ്ട് ഇത് സർക്കാർ സ്ഥാപനമായ കേര ഫെഡിൽ ഉൽപാദിപ്പിച്ച് ശബരി ബ്രാൻഡിൽ വിൽക്കുന്നില്ല എന്ന ചോദ്യവും സമിതി ഉയർത്തി.

അത് മറ്റൊരു ബ്രാൻഡായതു കൊണ്ടാണെന്ന എംഡിയുടെ ഒഴുക്കൻ മറുപടിക്കും സമിതിയെ തൃപ്തരാക്കാനായില്ല. ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന അഴിമതി പരിശോധിക്കുന്നതിന് ശക്തമായ വിജിലൻസ് ഉണ്ടെന്നു പറയുമ്പോഴും സമയോജിതമായ ഇടപെടുന്നതിന് കഴിഞ്ഞിട്ടില്ലെന്ന് യോഗത്തിൽ സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ട് അന്വേഷണ സംഘം എത്തിയപ്പോഴേയ്ക്ക് സ്റ്റോക്കുകൾ ഉദ്യോഗസ്ഥർ അതിവേഗം പുനഃസ്ഥാപിച്ചിരുന്നു. ഇത് വിജിലൻസ് തലപ്പത്തുള്ളവരുടെ പോരായ്മയാണെന്നും കുറ്റപ്പെടുത്തി.

ഡപ്യൂട്ടേഷൻ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ആർക്ക് ഉത്തരവാദിത്തം

സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സ്റ്റാഫ് പാറ്റേണിൽ സമിതി കടുത്ത അതൃപ്തിയാണ് സമതി യോഗത്തിൽ രേഖപ്പെടുത്തിയത്. ആറായിരത്തിൽ അധികം ഉദ്യോഗസ്ഥരാണ് നിലവിൽ കോർപ്പറേഷനു വേണ്ടി ജോലി ചെയ്യുന്നത്. ഇതിൽ ഡെയ്‍ലി വേജ് ജീവനക്കാരും ഡപ്യൂട്ടേഷനിൽ ഉള്ള ഉദ്യോഗസ്ഥരും ഉൾപ്പെടും.

സ്റ്റാഫ് പാറ്റേൺ തന്നെ ക്രമക്കേടുകൾക്ക് വഴിവയ്ക്കും വിധത്തിലുള്ളതാണെന്നു ചൂണ്ടിക്കാണിച്ച സമിതി ഇവരിൽ ഡപ്യൂട്ടേഷനിൽ ഉള്ളയാൾ ചെയ്യുന്ന ക്രമക്കേടിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കുമെന്ന ചോദ്യവും ഉയർത്തി. ഇവർ തിരിച്ചു പോകുന്നതോടെ പിന്നീട് കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എവിടെ നിന്നു വന്നോ അവിടെ ഉള്ള ഉയർന്ന ഉദ്യോഗസ്ഥരാണ് നടപടി എടുക്കേണ്ടത്. അതിന് മിക്കപ്പോഴും അവർ താൽപര്യം കാണിക്കാറില്ല. അതുകൊണ്ടു തന്നെ സ്റ്റാഫ് പാറ്റേണിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

അഴിമതി വച്ചു പൊറുപ്പിക്കില്ല

സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ അഴിമതിക്കാരെ സ്ഥലം മാറ്റുകയോ നടപടി എടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് നിയമസഭാ സമിതി അധ്യക്ഷൻ സി. ദിവാകരൻ പറഞ്ഞു. ഒരു സ്ഥാപനത്തിലും അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. അഴിമതി തടയുന്നതിനുള്ള നടപടികൾ സർക്കാർ കൂടുതൽ ശക്തമാക്കും. ഡപ്യൂട്ടേഷൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഇതിനു വേണ്ട സാമ്പത്തിക ബാധ്യത മറികടക്കാൻ സർക്കാർ സഹായം ആവശ്യപ്പെടും.

സാധനങ്ങളുടെ വില കുറച്ച് വിൽക്കുക എന്നതല്ല, പകരം വിപണിയിലെ വില നിയന്ത്രിക്കുക എന്നതാണ് ഈ റേഷൻ സംവിധാനത്തിന്റെ ഉത്തരവാദിത്തം. എല്ലാ സാധനങ്ങളും ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കാൻ ഗവൺമെന്റ് സ്ഥാപനമെന്ന നിലയിൽ കോർപ്പറേഷന് ബാധ്യതയുണ്ട്. ഇതിനായി കൂടുതൽ സ്ഥലങ്ങളിൽ കോർപ്പറേഷൻ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. സബ്സിഡി ഉൽപന്നങ്ങൾ ആവശ്യാനുസരണം ഉപയോക്താവിന് ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. ഇത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ ഓൺലൈൻ സംവിധാനങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനു വരുന്ന ബാധ്യതകളെ അതിജീവിക്കുന്നതിനായി കൂടുതൽ സഹായം ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും സി. ദിവാകരൻ അറിയിച്ചു.

related stories