Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നു: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകുമെന്നു കരുതുന്നില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല  പ്രശ്‌നം വഷളാക്കാനാണു സംസ്ഥാന സര്‍ക്കാരും സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കാന്‍  ബിജെപി കള്ളക്കളി നടത്തുകയാണ്. സിപിഎമ്മും ബിജെപിയും ചേര്‍ന്നു ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ്. ഇന്നു ദേവസ്വം ബോര്‍ഡ് നടത്തിയ സമവായ ചര്‍ച്ച വെറും നാടകം മാത്രമായിരുന്നു. 

സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം  ബോര്‍ഡ് റിവ്യു ഹര്‍ജി നല്‍കണമെന്നാണ് പൊതുവെ ഉയര്‍ന്നു വന്നിട്ടുള്ള ആവശ്യം. അതിന്മേല്‍ എന്തെങ്കിലും ഉറപ്പു നല്‍കാന്‍ പോലും ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. പകരം ഈ മാസം 19നു ചേരുന്ന ബോര്‍ഡ് യോഗം തീരുമാനം എടുക്കണമെന്നാണ്  പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞത്. ഇതു പറയാനായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു ചര്‍ച്ച ഇന്നു വിളിച്ചത്? ചര്‍ച്ച നടത്തിയെന്നു വരുത്തിത്തീര്‍ത്ത് സുപ്രീംകോടതി വിധി നടത്തിയെടുക്കാനുള്ള ഗൂഢ ശ്രമമാണു ദേവസ്വം ബോര്‍ഡ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 

ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നു മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ഥ്യം. സിപിഎമ്മിന്റെ ചട്ടുകം മാത്രമാണ് ബോര്‍ഡ്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി ഇന്നു രാവിലെ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ സമവായ യോഗത്തില്‍ ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞത് ഇതേ അഭിപ്രായം തന്നെയാണ്. 19ന് ഇനി ബോര്‍ഡ് ചേരുമ്പോള്‍ മറിച്ച് എന്തെങ്കിലും സംഭവിക്കുമെന്നg കരുതേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളക്കളികള്‍ തുറന്നു കാട്ടുന്നതിനും യഥാര്‍ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായി  ഈ മാസം 22 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ യുഡിഎഫ് ഏറ്റെടുക്കും. ഈ മാസം 22ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആദ്യത്തെ യോഗം നടക്കും. 31നു കൊല്ലത്തും മറ്റു ജില്ലകളില്‍ നവംബര്‍ മാസത്തിലും യോഗങ്ങള്‍ നടക്കും. 

ബ്രൂവറി അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും വിലക്കയറ്റം തടയുക, റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ഈ മാസം 29നു തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലും മറ്റു ജില്ലകളില്‍ കലക്റ്ററേറ്റ് പടിക്കലും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ധർണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.