Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ എല്ലാ സെക്ടറും ശക്തം: നിക്ഷേപകർക്ക് പ്രതീക്ഷ; രൂപ നില മെച്ചപ്പെടുത്തി

sensex-mobile

കൊച്ചി∙ ഓഹരി വിപണിയിൽ ഇന്ന് എല്ലാ സെക്ടറും ശക്തമാകുന്ന പ്രവണത ദൃശ്യമായി. വരും ദിവസങ്ങളിൽ നിക്ഷേപകർക്ക് കൂടുതൽ പ്രതീക്ഷിക്കാമെന്നു വിലയിരുത്തുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു പറഞ്ഞു. രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ 10550.15 പോയിന്റായിരുന്ന നിഫ്റ്റി നില മെച്ചപ്പെടുത്തി ഒരുവേള 10604.90 വരെ എത്തിയിരുന്നു. ഈ ഉയർച്ച നിലനിർത്താനായില്ലെങ്കിലും കാര്യമായ ഇടിവില്ലാതെ 10584.75ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 35,004.33 മുന്നിൽ ഓപ്പൺ ചെയ്ത് 35,215.75 വരെ ഉയർന്ന ശേഷം 35,162.48ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി വരുന്ന രണ്ടു ദിവസങ്ങളിലെങ്കിലും മറ്റു കാരണങ്ങളില്ലെങ്കിൽ ഇതേ നില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ വ്യാപാരം 10600 കടന്നാൽ 10770 വരെ എത്തിയേക്കാം. അതേസമയം 10550ൽ താഴെ വ്യാപാരം തുടരുന്ന പ്രവണത കാണിച്ചാൽ നിഫ്റ്റി 10470 എന്ന നിലയിലേയ്ക്ക് താഴുന്നതിനും സാധ്യതയുണ്ടെന്ന് ജോസ് മാത്യു വിലയിരുത്തി.

വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയ ഏതാണ്ട്് എല്ലാ സെക്ടറുകളും പുരോഗതിയാണ് കാണിച്ചിട്ടുള്ളത്. ഇന്ന് 1271 ഷെയറുകൾ ശക്തമായപ്പോൾ 476 ഷെയറുകൾ ദുർബലമായി. നിഫ്റ്റിയിൽ എം ആൻഡ് എം, അദാനി പോർട്സ്, ടെക് മഹിന്ദ്ര, ഒഎൻജിസി, എസ്ബിഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ സ്റ്റോക്കുകൾ നേട്ടമുണ്ടാക്കി. പബ്ലിക് സെക്ടർ ബാങ്ക്, റിയൽടി, ഓട്ടോ തുടങ്ങി ഏതാണ്ട് എല്ലാ സെക്ടറും ലാഭത്തിലായിരുന്നു. ഐഷർ, സിപ്ല, എച്ച്സിഎൽ ടെക്, വിപ്രോ, എൻടിപിസി തുടങ്ങിയ ഷെയറുകൾ വിൽപന പ്രവണത കാണിച്ചു.

ഏഷ്യൻ, യൂറോപ്പ് വിപണികളിൽ സംയുക്ത പ്രവണതയാണുള്ളത്. ക്രൂഡോയിൽ വിലയിൽ നേരിയ കുറവുണ്ടായതും രൂപ ഡോളറിനെതിരെ ശക്തമായതും ഓഹരി വിപണിയിൽ ഗുണപരമായ പ്രതികരണങ്ങളുണ്ടാക്കി എന്നു കരുതുന്നു. ഇന്നലെ 73.83ൽ ക്ലോസ് ചെയ്ത ഇന്ത്യൻ രൂപ ഇപ്പോൾ 73.59ലാണ് വ്യാപാരം പുരോഗമിക്കുന്നത്.