Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ധനശേഖരണത്തിന് മുഖ്യമന്ത്രി യുഎഇയില്‍; ഊഷ്മള സ്വീകരണം

cm-at-abudabi-1 യുഎഇയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നോർക്ക വൈസ് ചെയർമാൻ എംഎ യൂസഫലിയും ഡയറക്ടർ ഡോ. ആസാദ് മൂപ്പനും ഇന്ത്യൻ എംബസിയിലെ കോൺസൽ രാജമുരുകൻ, അബുദാബിയിലെ പ്രോട്ടോകോൾ ഓഫിസർ എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ.

അബുദാബി∙ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം. എത്തിഹാദ് വിമാനത്തിൽ രാവിലെ ഏഴിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ വിഐപി ലോഞ്ചിൽ  നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ, ഇന്ത്യൻ എംബസി കോൺസൽ രാജമുരുകൻ, അബുദാബിയിലെ പ്രോട്ടോകോൾ ഓഫിസർ തുടങ്ങിയവർ സ്വീകരിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനും കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് ദുസിത് താനിയിലെത്തിയെ പിണറായി വിജയനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ലോക കേരളാ സഭാംഗം കെ.ബി. മുരളി, നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ, ഇന്ത്യാ സോഷ്യൽ ആന്‍ഡ് കൾചറൽ സെന്‍റർ പ്രസിഡന്‍റ് രമേഷ് വി. പണിക്കർ, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ.കെ ബീരാൻകുട്ടി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ നേരിൽ കാണാനായി നിരവധിയാളുകള്‍ ഹോട്ടൽ പരിസരത്ത് എത്തിയിരുന്നു.

cm-at-abudabi-2

സംസ്ഥാന പുനർനിർമാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേക്കു പോകുന്നതിനു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി ഒഴികെ എല്ലാവരുടെയും യാത്രാനുമതി നിഷേധിച്ച കാര്യം ചൊവ്വാഴ്ച വൈകിട്ടു ചീഫ് സെക്രട്ടറി ടോം ജോസിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു ഫോണിൽ അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. ഏതാനും മന്ത്രിമാർക്കെങ്കിലും അനുമതി ലഭിക്കുമെന്ന പ്രതീക്ഷ ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. 

cm-at-abudabi

ബുധനാഴ്ച വിദേശത്തേക്കു പോകാനായി മന്ത്രിമാർ തയാറെടുത്തിരിക്കുമ്പോഴാണു യാത്രാവിലക്ക് വന്നത്. ഇക്കാര്യത്തിൽ രേഖാമൂലമുള്ള അറിയിപ്പൊന്നും ലഭിച്ചില്ല. കേരള പുനർനിർമാണത്തിന് 5000 കോടിയോളം രൂപ വിദേശ രാജ്യങ്ങളിൽ നിന്നു സമാഹരിക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യം ഇനി നടക്കില്ല. അതേസമയം നിബന്ധനകളോടെ മുഖ്യമന്ത്രി പിണറായി വിജയനു യുഎഇ സന്ദർശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകുകയായിരുന്നു. ദുബായിലും ഷാർജയിലും മലയാളികളുടെ യോഗത്തിൽ പങ്കെടുത്ത് 21 ന് മടങ്ങിയെത്തും. മന്ത്രിസഭയിലെ മൂന്നു പേർ ഒഴികെ എല്ലാ മന്ത്രിമാരെയും വിദേശരാജ്യങ്ങളിൽ ധനശേഖരണത്തിന് അയയ്ക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. ഇവരെ അനുഗമിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരെയും തീരുമാനിച്ചിരുന്നു. 

ലോക കേരളസഭയിലെ പ്രതിനിധികൾ അംഗങ്ങളായ പ്രവാസി സംഘടനകൾ വഴിയായിരുന്നു ഫണ്ട് ശേഖരണം തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രിയെ താൻ കണ്ടപ്പോൾ വിദേശരാജ്യങ്ങളിലെ മലയാളികളിൽ നിന്നു ഫണ്ട് ശേഖരിക്കുന്നതിനോട് അദ്ദേഹം അനുകൂലമായിരുന്നുവെന്നും ഇതേ തുടർന്നാണു യാത്രാനുമതി തേടിയതെന്നും മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.

related stories