Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്രമങ്ങള്‍ക്കു പിന്നിൽ ആര്‍എസ്എസ്; ശക്തമായ നടപടി: ഇ.പി.ജയരാജൻ

ep-jayarajan ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ ശബരിമലയിലെ അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍. വിശ്വാസികളെ ആക്രമിക്കുന്ന നടപടി വച്ചുപൊറുപ്പിക്കില്ല. ക്രമസമാധാനത്തിന് ആവശ്യമായ പൊലീസിനെ ശബരിമലയില്‍ വിന്യസിക്കും. ആര്‍എസ്എസ് ക്രിമിനലുകളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. വിശ്വാസത്തെ അലങ്കോലപ്പെടുത്താനുള്ള ദുഷ്ടശ്രമമാണു നടക്കുന്നത്. ഏതു വിശ്വാസിയെയും ശബരിമലയില്‍ എത്തിക്കണ്ട വഴി ഒരുക്കേണ്ടതുണ്ട്. ആ നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. 10 മാധ്യമ പ്രവര്‍ത്തകര്‍ക്കും 5 തീര്‍ഥാടകര്‍ക്കും 15 പൊലീസുകാര്‍ക്കും പരുക്കേറ്റു. ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും വരുന്ന തീര്‍ഥാടകരെ ആക്രമിച്ചു തിരിച്ചയയ്ക്കുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ 10 വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരെ പോലും ആക്രമിച്ചു. മാധ്യമ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. ജാമ്യം ലഭിക്കാത്ത വകുപ്പാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സര്‍ക്കാര്‍ സമാധാനത്തിനു ശ്രമിച്ചപ്പോള്‍ ആക്രമണത്തിനാണു മനഃപൂര്‍വം ആര്‍എസ്എസ് ശ്രമിച്ചത്. അതു ജനങ്ങള്‍ തിരിച്ചറിയണം. പൊലീസ് സമാധാനത്തോടെയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ടു പോയത്. വിശ്വാസികളെ തടഞ്ഞു രാഷ്ട്രീയ ലക്ഷ്യം നേടാനാണ് ബിജെപി– ആര്‍എസ്എസ് ശ്രമം. വിശ്വാസി സമൂഹം സംഘപരിവാറിന്റെ ആക്രമണത്തിനെതിരെ അണിനിരക്കണം. അക്രമത്തിനു നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ ഇപ്പോള്‍ മാലാഖ ചമയുകയാണെന്നും ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ത്തത് ബിജെപിയും സംഘപരിവാറുമാണെന്നും ജയരാജൻ‌  വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.