Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനു കാരണം പ്രകൃതിയെ തച്ചുടച്ചത്: രാജു നാരായണ സ്വാമി

Kumarakom-flood-1a.jpg1 പ്രളയബാധിതമായ കുമരകം (ഫയൽചിത്രം)

കൊച്ചി ∙ സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തിനു കാരണം പ്രകൃതിയെ തച്ചുടച്ചതും അനുഭവങ്ങളില്‍നിന്നു പഠിക്കാത്തതുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജു നാരായണ സ്വാമി ഐഎഎസ്. ഓരോ ദുരന്തവും നല്‍കുന്ന പാഠങ്ങളുണ്ട്, ഓരോ പ്രളയവും പറഞ്ഞു തരുന്ന വസ്തുതകളുമുണ്ട്. ഒഡീഷയിലെ സൂപ്പര്‍സൈക്ലോണും ഭുജിലെ ഭൂകമ്പവും കേദാരനാഥിലെ മേഘസ്ഫോടനവുമെന്നതു പോലെ കേരളത്തിലെ മഹാപ്രളയവും ഒരു പാഠം തന്നെയാണ്. ഉദാഹരണത്തിന്, 2005 ലെ മുംബൈ പ്രളയം വന്നപ്പോഴാണ് ട്രാന്‍സ്ഫോമറുകള്‍ ഫ്ലഡ്മാര്‍ക്കിനു താഴെയാണ് സ്ഥാപിച്ചിരുന്നതെന്ന സത്യം അധികാരികള്‍ മനസ്സിലാക്കിയത്. ഇതിനെയെല്ലാം വിലയിരുത്തി ചെയ്യേണ്ട കാര്യങ്ങള്‍ തിരിച്ചറിഞ്ഞു വേണം ദുരന്തങ്ങളെ നേരിടാന്‍. 

ദുരന്തലഘൂകരണമെന്ന പേരില്‍ ചെയ്യുന്ന പലതും വന്‍ ദുരന്തങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. പുനരുദ്ധാരണത്തെക്കുറിച്ചും നമുക്കു കൃത്യമായ കാഴ്ചപ്പാടു വേണമെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:

ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണണം

ഓരോ ദുരന്തവും പടിവാതില്‍ക്കല്‍ എത്തുമ്പോഴല്ല, അത് കഴിയുന്നതും മുന്‍കൂട്ടി കാണുന്നിടത്താണ് മിടുക്ക്. അതിന് നാം വികസനമെന്ന പേരില്‍ ചെയ്യുന്ന കാര്യങ്ങള്‍ എത്രത്തോളം ശാസ്ത്രീയമാണെന്നു വിലയിരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് ഇതു പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്. വളരെ സാധാരണമായ തത്വങ്ങള്‍ മനസ്സിലാക്കാതെ ചെയ്യുന്ന നിര്‍മാണങ്ങളാണ് വലിയ ദുരന്തങ്ങള്‍ക്കു പലപ്പോഴും വഴിവയ്ക്കുന്നത്. പുഴകള്‍ക്കു വികസിക്കാന്‍ വേണ്ട സ്ഥലം ഇട്ടുവേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. പുഴയോരങ്ങളില്‍ കൃഷിയും മറ്റുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അവിടെ ഫ്ലാറ്റുകളും വീടുകളും നിര്‍മിച്ചാല്‍ ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നതിനു തുല്യമാണ്. കാര്‍ഷിക നഷ്ടമുണ്ടായാല്‍ കര്‍ഷകന് അത് നികത്തിക്കൊടുക്കാം. എന്നാല്‍ ഒരു ഫ്ലാറ്റോ വീടോ തകരുകയോ ആളുകള്‍ അപകടത്തില്‍ പെടുകയോ ചെയ്താല്‍ നമുക്ക് നികത്താല്‍ കഴിയാത്ത നഷ്ടങ്ങളുണ്ടാകും. റിസ്ക്ക് സെന്‍സിറ്റിവ് ലാൻഡ് യൂസ് പ്ലാനിങ് എന്ന ശാസ്ത്ര സംജ്ഞയിലൂടെ മാത്രമേ ഇത്തരം പ്രളയ ദുരന്തങ്ങള്‍ ഒഴിവാക്കാനാകൂ..

Raju Narayana Swamy ഡോ. രാജു നാരായണ സ്വാമി

1924 ലെ പ്രളയവും 2018 ലെ പ്രളയവും

1924 ല്‍ ഉണ്ടായ പ്രളയവും 2018 ലെ പ്രളയവും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ട്. രണ്ട് പ്രളയങ്ങള്‍ ഉണ്ടായപ്പോഴും വെള്ളം കയറിയത് ഏതാണ്ട് ഒരേ സ്ഥലങ്ങളില്‍ തന്നെയാണ്. മൂന്നാറിലും കുട്ടനാട്ടിലും ആലുവയിലും ആറന്മുളയിലും പാണ്ടനാടും എല്ലാം അങ്ങനെയാണ് അന്നും ഇന്നും വെള്ളം കയറിയത്.  അന്നത്തെ പ്രളയത്തില്‍നിന്ന് ഒന്നും പഠിച്ചില്ലെന്നതാണ് ഈ പ്രളയകാലത്ത് നഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചത്. അന്ന് വെള്ളം കയറിയ സ്ഥങ്ങളിലാണ് വികസനത്തിന്‍റെ പേരില്‍ ഇന്ന് കീടനാശിനി കമ്പനികള്‍ മുതല്‍ എയര്‍പോര്‍ട്ടുകള്‍ വരെ പടുത്തുയര്‍ത്തിയത്. എന്തിനു പറയണം, ജില്ലാപഞ്ചായത്ത് നിര്‍മിച്ച ഒരു ബസ് സ്റ്റോപ്പ് നദിയുടെ നീര്‍ത്തടത്തില്‍ തന്നെയായിരുന്നു. അത് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.  ആകെയുള്ള വ്യത്യാസം അന്ന് പുഴയിലൂടെ ഒലിച്ചു വന്നത് പുലിയും കടുവയും ആനയും എല്ലാമായിരുങ്കെില്‍ ഇന്ന് ചെളിയും മനുഷ്യരും മാത്രമായിരുന്നു. 

മനുഷ്യന്‍ പ്രകൃതിയെയും അതിനോടുള്ള ഉത്തരവാദിത്തങ്ങളെയും മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ ഫലമായിരുന്നു ഈ നഷ്ടങ്ങളത്രയും. 1924 ല്‍ ഒരു ഡാം മാത്രമേയുണ്ടായിരുന്നുള്ളൂ - മുല്ലപ്പെരിയാര്‍.  ഇന്നാകട്ടെ 80 ഓളം ഡാമുകളുണ്ട്. പക്ഷേ ഫലമുണ്ടായില്ല. മനുഷ്യനിര്‍മിത ഡാമുകള്‍ ഒരിക്കലും പ്രളയത്തെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായും വിജയിക്കില്ല. കൃത്യമായ വിശകലന, മുന്നറിയിപ്പ് സംവിധാനങ്ങളില്ലെങ്കില്‍ ഈ ഡാമുകള്‍ വന്‍  ദുരന്തങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇതിനെയാണ് മനുഷ്യനിര്‍മിത ദുരന്തം എന്നു പറയുക. 2010 ല്‍ പാക്കിസ്ഥാനും 2011 ല്‍ തായ്‌ലൻഡും നല്‍കുന്ന പാഠങ്ങളും ഇതുതന്നെ.

Idukki-Flood---Peringala-7 ഇടുക്കിയിലെ ഉരുൾപൊട്ടൽ (ഫയൽചിത്രം)

ഭൂഗര്‍ഭ ജലസംഭരണിയുടെ സാധ്യതകള്‍

നമുക്കൊന്നും അത്രയേറെ പരിചിതമല്ലാത്തതും എന്നാല്‍ വിജയകരമായ പരീക്ഷണമായി പരിഗണിക്കപ്പെടുന്നതുമാണ് ടോക്കിയോയിലെ മനുഷ്യ നിര്‍മിത ഭൂഗര്‍ഭ ജലസംഭരണി അഥവാ ജി-ക്യാന്‍സ്. പ്രളയത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങളിലൊന്നാണിത്. ആകാശത്തുനിന്നും ഭൂമിയില്‍നിന്നും ഡാമുകളില്‍നിന്നും ഒരുപോലെ വരുന്ന ജലത്തെ ഭൂപ്രതലത്തിനു കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല, എന്നാല്‍ ഭൂമിക്കടിയില്‍ അതിനുള്ള സംവിധാനം ഒരുക്കി പ്രളയകാലത്ത് ജലം ഭൂമിക്കടിയിലേക്ക് അയയ്ക്കുകയും പിന്നീട് അത് ഉപയോഗപ്പെടുത്തുകയോ കുറച്ചു വീതം കടലിലേക്ക് ഒഴുക്കുകയോ ചെയ്യാം. വെള്ളമില്ലാത്ത കാലത്ത് ഇതിനെ വിനോദകേന്ദ്രമാക്കുന്ന തന്ത്രമാണ് ടോക്കിയോ പ്രയോഗിക്കുന്നത്.

പ്രകൃതിയോടു നമ്മള്‍ ചെയ്തത്

പ്രകൃതിയോടു ചേര്‍ന്നുള്ള ഒരു ജീവിതരീതി നമുക്കുണ്ടായിരുന്നു. ഇന്ന് അതിന്‍റെ കടയ്ക്കല്‍ കത്തി വച്ചു കൊണ്ടാണ് എല്ലാ വികസനപ്രവര്‍ത്തനങ്ങളും. ഭൂമിയുടെ സ്പോഞ്ച് ആയിരുന്ന നെല്‍പാടങ്ങളെ ഇല്ലാതാക്കി. അവിടെല്ലാം വന്‍ നിര്‍മാണങ്ങള്‍ നടത്തുന്നതിനാണ് നമുക്കു താല്‍പര്യം. കണ്‍വെന്‍ഷന്‍ സെന്‍ററുകളും ഹോട്ടലുകളും കൊണ്ട് നദീതടങ്ങള്‍ നിറഞ്ഞു കവിഞ്ഞു.  ക്വാറികളില്‍നിന്നു വരുന്ന റബിള്‍, നദിയുടെ ജലസംഭരണിശേഷി നന്നേ കുറച്ചു. ജൈവവൈവിധ്യം മോണോ കള്‍ച്ചറിനു വഴിമാറി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയുള്ള നദീസംയോജന പദ്ധതികള്‍ നടപ്പാക്കിയാല്‍ പ്രളയവും വരള്‍ച്ചയുമെല്ലാം ഇല്ലാതാക്കാനാകും. 

നാഷനല്‍ വാട്ടര്‍ ഡവലപ്മെന്‍റ് ഏജന്‍സി ഒരു റിവര്‍ ലിങ്കിങ് പ്രോജക്ട് ആരംഭിച്ചിട്ടുണ്ട്. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി മുതലായ നദികളുടെ സംയോജനം പ്രോജക്ടിന്‍റെ പരിധിയില്‍ വരും. 2017 ല്‍ ഇന്‍റര്‍നാഷനല്‍ വാട്ടര്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യട്ട് നടത്തിയ ഒരു പഠനവും എടുത്തുപറയേണ്ടതുതന്നെ. ഇതു പ്രകാരം 15 നഗരങ്ങളാണ് അപകട സാധ്യതയുള്ളതായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതിലൊന്ന് തിരുവനന്തപുരമാണ്.  ഇനിയും കാത്തുനില്‍ക്കാതെ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നു സാരം. റിമോട്ട് സെന്‍സിങ്, ഡ്രോണ്‍ ഫൊട്ടോഗ്രഫി എന്നീ ആധുനിക സംവിധാനങ്ങള്‍ ഒരുക്കി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സജ്ജമാക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ. ഐഎസ്ആര്‍ഒ ഗോദാവരി നദീതടത്തില്‍ ഇത്തരത്തിൽ വിശദമായ ഒരു പഠനം നടത്തിയിരുന്നു.

kerala-flood

എൻഡിഎംഎ എന്ന തലവനില്ലാ സംവിധാനം

നാലു വർഷമായി നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി (എൻഡിഎംഎ) യ്ക്ക് തലവനില്ലാതായിട്ട്.  ഇത് തെല്ലൊന്നുമല്ല പ്രശ്നമുണ്ടാക്കിയത്.  2013 ല്‍ ഒഡിഷയില്‍ എൻഡിഎംഎ നടത്തിയ ഇടപെടലുകള്‍ നാം കണ്ടതാണ്. 10 ലക്ഷം പേരെയാണ് അന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. എന്നാല്‍ ഇന്ന് എൻഡിഎംഎയുടെ വൈസ് ചെയര്‍പഴ്സന്‍റെ തസ്തിക തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. ആകെയുള്ളത് നാല് അംഗങ്ങള്‍ മാത്രം. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ടിലെ സെക്‌ഷന്‍ ആറ് നല്‍കുന്ന അധികാരങ്ങളുപയോഗിച്ച് ആളുകളെ അപകടസ്ഥലത്തു നിന്നുമാറ്റാന്‍ ഈ സ്ഥാപനത്തിനുള്ളത് നാലു പേർ മാത്രം. ഇത്തവണ അതിനു കഴിഞ്ഞില്ല എന്നതാണ് നഗ്നസത്യം. ഫലമോ, ലോക്കല്‍ ഇന്‍റലിജന്‍സിനെ ആശ്രയിക്കേണ്ടിവന്നു. അപ്പോഴേക്കും ദുരന്തം പടിവാതില്‍ക്കലെത്തിയിരുന്നു.

സ്റ്റോണ്‍ ടാബ്‌ലറ്റ്

പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവങ്ങളായ ജപ്പാനില്‍ ഒരു സംവിധാനമുണ്ട്; സ്റ്റോണ്‍ ടാബ്‌ലറ്റ്, സൂനാമി സ്റ്റോണ്‍ എന്നൊക്കെ പറയുന്ന സൂചകങ്ങള്‍. പതിറ്റാണ്ടുകള്‍ വരെ പഴക്കമുള്ള സ്റ്റോണ്‍ ടാബ്‌ലറ്റുകളുണ്ട് അവിടെ. ഇത് സ്ഥാപിക്കുന്നിടത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നു കാണിച്ചുകൊണ്ടാണ് ഇവ സ്ഥാപിക്കുക. സുനാമിയോ ഭൂകമ്പമോ ഉണ്ടാകുമ്പോള്‍ നാശനഷ്ടങ്ങളുടെ തോത് കണക്കാക്കി അതിനനുസരിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സ്ഥാപിക്കുന്ന ഇവ, കഴിഞ്ഞുപോയ അനുഭവങ്ങളെക്കുറിച്ചു വരും തലമുറയ്ക്ക് അറിയിപ്പു നല്‍കുകയാണു ചെയ്യുന്നത്. പഴയ പാഠങ്ങളെല്ലാം മറന്ന് മറ്റുള്ള ജീവിതരീതികള്‍ രൂപപ്പെടുത്തുന്നത് വരും കാലങ്ങളില്‍ വന്‍ ദുരന്തത്തിനു വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണിവ. കേരളത്തിന്‍റെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ - കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെയുള്ള പ്രദേശങ്ങള്‍, ഉയര്‍ന്ന ജനസാന്ദ്രത, നന്നേ നീളം കുറഞ്ഞ നദികള്‍, വെവ്വേറെ ക്യാച്ച്മെന്‍റ് ഏരിയകളുള്ള എണ്‍പതോളം ഡാമുകള്‍ - നാം ഭാവിയിലെങ്കിലും കരുതലോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

എങ്ങനെ തിരിച്ചു പിടിക്കാം

ദുരിത മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിനു വേണ്ടി സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്തുപിടിക്കണം. ഗ്രാമങ്ങളെ ഇതിന്‍റെ അടിത്തറയാക്കണം.  ശാസ്ത്രത്തിന്‍റെ കരം പിടിച്ചു പ്രകൃതിയെ മറക്കാതെ വേണം പുനര്‍നിര്‍മാണം. ദുരന്തപ്രതിരോധശേഷിയുള്ള ടൗണ്‍ഷിപ്പുകള്‍ വേണം നിര്‍മിക്കപ്പെടാന്‍. പ്ലേഗില്‍നിന്നു കരകയറിയ സൂറത്ത് ഇക്കാര്യത്തില്‍ നമുക്കൊരു മാര്‍ഗദര്‍ശിയാണ്. 2001ലെ കച്ച് ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി ഹോളിഡേ പോലെയുള്ള നടപടികള്‍ സഹായകരമാവും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും വിധമാവണം പുനരുദ്ധാരണം. ആദിവാസി ദലിത് വിഭാഗത്തില്‍പെട്ടവരെ പ്രത്യേകം പരിഗണിക്കണം. വന്‍ ദുരന്തങ്ങളെ നേരിട്ട രാജ്യങ്ങള്‍ ചെയ്തതെന്തെന്നു നോക്കി പഠിക്കാന്‍ നാം ശ്രമിക്കണം. 

സുനാമിയില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ ഫുക്കുഷിമയും കത്രിന ദുരന്തത്തില്‍നിന്നു തിരിച്ചുവന്ന ന്യൂഓര്‍ലിയന്‍സും ചെയ്തതെന്തെന്നു മനസ്സിലാക്കാന്‍ നീണ്ട ചരിത്രങ്ങളൊന്നും പഠിക്കണ്ട. ഉദാഹരണത്തിന്, ന്യൂഓര്‍ലിയന്‍സ് ഉണ്ടാക്കിയ ഹരിക്കെയ്ന്‍ ആന്‍റ് ഫ്ലഡ് പ്രൊട്ടക്‌ഷന്‍ സിസ്റ്റം നമുക്കും പകര്‍ത്താവുന്നതേയുള്ളു. വലിയൊരു ദുരന്തത്തെ തോല്‍പിക്കാന്‍ എങ്ങനെ ഒരുമിച്ചു നില്‍ക്കാമെന്ന് ലോകത്തിനു കാട്ടിക്കൊടുത്ത ചരിത്രമാണ് നമുക്കുള്ളത്. അതിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു സാധിക്കണം. മല്‍സ്യത്തൊഴിലാളികളെയും രക്ഷാ പ്രവര്‍ത്തകരെയും എല്ലാം ഒരുമിപ്പിച്ചു നിര്‍ത്തി ടെറിട്ടോറിയല്‍ നേവി രൂപപ്പെടുത്താന്‍ വേണമെങ്കില്‍ നമുക്കു സാധിക്കും.  അതിനുളള നടപടികള്‍ താമസംവിനാ ആരംഭിക്കേണ്ടിയിരിക്കുന്നു.

ആകാശം അതിന്‍റെ കിളിവാതിലുകള്‍ തുറന്നതോടെ എല്ലാ ഭാഗത്തുനിന്നും വെള്ളം കുതിച്ചെത്തിയ കാഴ്ചകളാണ് ഓഗസ്റ്റില്‍ നാം കണ്ടത്. ഇതോടെ എന്തുചെയ്യണമെറിയാതെ ഭരണ സംവിധാനങ്ങള്‍ പകച്ചുനിന്നു. ഇതിനു മാറ്റം വരണം. എപ്പോള്‍ വെള്ളം തുറന്നു വിടണം എന്നകാര്യത്തില്‍ കൃത്യമായ ധാരണ വേണം. വരും ദിനങ്ങളില്‍ എത്രത്തോളം മഴ ലഭിക്കും, എത്ര വെള്ളമുണ്ട് ഇത്യാദി കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനം എടുക്കാന്‍ സംവിധാനങ്ങള്‍ക്കു സാധിക്കണം. ജലസംഭരണി ഭരണം നമുക്കു വേണം, ജല ഭരണ സംവിധാനം വേണം. പ്രത്യേകിച്ച് മാസങ്ങളുടെ ഇടവേളയില്‍ വെള്ളപ്പെക്കവും വരൾച്ചയും ഉണ്ടാകുന്ന ഭൂപ്രദേശങ്ങളില്‍ ഇതിനേറെ പ്രധാന്യമുണ്ട്. ഇതിനായി ആംസ്റ്റര്‍ഡാമില്‍നിന്നും ലണ്ടനില്‍നിന്നും നമുക്കു ഗുണപാഠമുള്‍ക്കൊള്ളാം. 2016 ല്‍ ബുന്ദേല്‍ഘണ്ടില്‍ ഇവ തമ്മിലുള്ള കാലയളവ് 2 മാസം മാത്രയായിരുന്നു എന്നതും ഓർക്കണം.

99-Flood

കേരളത്തിലെ ഡാമുകള്‍ക്ക് എമര്‍ജൻസി ആക്‌ഷന്‍പ്ലാനുകളോ ഓപ്പറേഷന്‍ ആൻഡ് മെയിന്‍റനൻസ് മാനുവലുകളോ ഇല്ലയെന്നത് 2017ല്‍ കൺ‌ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ കേരളത്തില്‍ ഫ്ലഡ് ഫോര്‍കാസ്റ്റിങ് സ്റ്റേഷനുകളുമില്ല. ഇതിലെല്ലാം മാറ്റം വരുത്തണം. നമ്മുടെ ജില്ലാഭരണാധികാരികളുടെ പക്കല്‍ ഹൈ റസല്യൂഷന്‍ ഡിജിറ്റല്‍ എലിബഷന്‍മാപ്പുകളും 1:1000 എന്ന തോതിലുള്ള  ഏകകങ്ങളും ലഭ്യമാക്കേണ്ടിയിരിക്കുന്നു. എന്‍വയണ്‍മെന്‍റ് സോണിങ് നടപ്പിലാക്കാന്‍ ഇനിയും ആമാന്തിച്ചുകൂടാ. ഇതോടൊപ്പം പ്രാദേശികമായ ദുരന്തനിവാരണ പദ്ധതികള്‍ വികസിപ്പിക്കുകയും സാമൂഹികാടിസ്ഥാനത്തില്‍ ഇതിനായി പരിശീലനം നല്‍കുകയും വേണം. 

സംഭവിച്ചതെല്ലാം കുറെ എങ്കിലും സംവിധാനങ്ങളുടെ തോല്‍വിയായിരുന്നു. എല്ലാം മഴയുടെ മാത്രം കുറ്റമായിരുന്നില്ല. 2018 ഓഗസ്റ്റില്‍ ലഭിച്ച മഴ, കഴിഞ്ഞ 143 വര്‍ഷങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇതെല്ലാം നമുക്ക് പാഠങ്ങളാണ്. ഇതു പഠിക്കുക. ഭാവിയില്‍ ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോകുന്ന സാഹചര്യം ഒഴിവാക്കണം. അല്ലെങ്കില്‍ അത് ഭാവിതലമുറയോടു ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും.

related stories