Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രക്ഷോഭം ശക്തം; നിലയ്ക്കൽ സംഘർഷം തുടരുന്നു

sabarimala-nilakkal-protest ശബരിമല യുവതീപ്രവേശ വിഷയത്തിൽ നിലയ്ക്കലിൽ നടന്ന സമരത്തിനിടെ ഉണ്ടായ ലാത്തി ചാർജ്. ചിത്രം : ജോസ്ക്കുട്ടി പനയ്ക്കൽ

പമ്പ ∙ യുവതീപ്രവേശത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായതോടെ നിലയ്ക്കലിൽ തെരുവുയുദ്ധത്തിനു സമാനമായ അന്തരീക്ഷം. വാഹനങ്ങള്‍ ആക്രമിച്ച സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശിയതോടെ മറുപക്ഷത്തുനിന്ന് വന്‍തോതില്‍ കല്ലേറുണ്ടായി. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. കല്ലേറിലും ആക്രമണത്തിലും മാധ്യമപ്രവർത്തകരുടെ ക്യാമറയും ഉപകരണങ്ങളും തകര്‍ന്നു. മനോരമ ന്യൂസിന്റേതടക്കം മാധ്യമസ്ഥാപനങ്ങളുടെയും പൊലീസിന്റെയും വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു

രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിലയ്ക്കല്‍ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. ഉച്ചവരെ പൊലീസുകാർ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ സമരക്കാര്‍ നിലയ്ക്കലിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്ന സ്ഥിതിയായിരുന്നു. തുടര്‍ന്ന് മുന്നൂറോളം പൊലീസുകാരെ അധികം വിന്യസിച്ചാണ് പൊലീസ് കര്‍ശന നടപടിയിലേക്കു കടന്നത്.

സന്നിധാനത്ത് നാമജപപ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതും ആശങ്കയേറ്റി. പതിനെട്ടാംപടിക്കു മുന്നിലാണ് ഹിന്ദുമഹാസഭയുടെ പ്രതിഷേധം.

രാവിലെ മുതല്‍തന്നെ പമ്പയും പരിസരവും സംഘര്‍ഷഭൂമിയായി മാറിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറാനെത്തിയ യുവതിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു മടക്കിയയച്ചു. പമ്പയില്‍ നാമജപം നടത്തി പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ബിജെപി സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും 19 ന് നടക്കുന്ന യോഗംവരെ ക്ഷമിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മനോരമ ന്യൂസിനോടു പറഞ്ഞു.

40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിനിയാണ് സുപ്രീംകോടതി വിധിക്കു ശേഷം മല ചവിട്ടിത്തുടങ്ങിയ ആദ്യ യുവതി. മാധവിക്കും കുടുംബത്തിനും ആദ്യം പൊലീസ് സംരക്ഷണം ഒരുക്കി. എന്നാല്‍ പൊലീസ് പിന്‍മാറിയ ഉടന്‍ പ്രതിഷേധക്കാര്‍ യുവതിയെ കൂട്ടമായെത്തി പിന്‍തിരിപ്പിച്ചു. ഭയന്നുപോയ അവര്‍ പമ്പയിലേക്കു മടങ്ങി. മല ചവിട്ടാനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് ഇതോടെ പാഴ്‍വാക്കായി.