Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ശബരിമല നടയടച്ചു

pinarayi-sabarimala ശബരിമല, മുഖ്യമന്ത്രി പിണറായി വിജയൻ

തുലാമാസപൂജ പൂർത്തിയാക്കി ശബരിമല നട അടച്ചു; വിശ്വാസികൾ മലയിറങ്ങി. ചിത്തിര ആട്ടത്തിരുനാളിനായി നവംബർ 5ന് നട തുറക്കും. 6ന് ആണ് ചിത്തിര ആട്ടത്തിരുനാൾ. അന്നു തന്നെ നട അടയ്ക്കും. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണു പ്രക്ഷോഭകരുടെ ലക്ഷ്യം. ഒരു കൂട്ടർ കൊടിയെടുത്തും മറ്റൊരു കൂട്ടർ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു– ‘നാം മുന്നോട്ട്’ സംവാദപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് സന്നിധാനത്തു യുവതി പ്രവേശിച്ചെന്ന സംശയത്തെതുടർന്ന് ശ്രീകോവിലിനു ചുറ്റും കൈകോർത്തുനിന്നു ശരണംവിളിച്ചു ഭക്തർ പ്രതിഷേധിച്ചു. പരിസരത്തു പരിശോധന നടത്തിയ പൊലീസ്, അഭ്യൂഹം പ്രചരിച്ചതാണെന്ന് അറിയിച്ചു. ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. സമാനതകൾ ഇല്ലാത്ത നരനായാട്ടു നടത്തിയതു മുഖ്യമന്ത്രിയുടെ അനുമതിയോടു കൂടിയാണ്. ആചാരലംഘനത്തിനു നേതൃത്വം നൽകിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അയ്യപ്പസന്നിധിയിൽ കണ്ണീരോടെ തൊഴുതുനിൽക്കുന്നതു നമ്മൾ കണ്ടതാണ്. ഇതു തന്നെയാവും പിണറായി വിജയനെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധർമസേന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വറിനു ജാമ്യം ലഭിച്ചു. നടുവിന്റെ കുഴപ്പം കൂടിയതിനാൽ രാഹുൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ശബരിമല യുവതീപ്രവേശത്തിൽ സർക്കാർ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘർഷം. പാർലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവർ സമവായം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ബോർഡ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ദർശനത്തിനു പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദു ശ്രമം ഉപേക്ഷിച്ചു മടങ്ങി. പൊലീസ് സംരക്ഷണം നൽകിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെതുടർന്നായിരുന്നു മടക്കം. ആന്ധ്രയിലെ ഏലൂരുവിൽനിന്നുള്ള 4 യുവതികളും മല കയറാൻ ശ്രമിച്ചു പാതിവഴിക്കു തിരിച്ചിറങ്ങി. ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തിന്റെ കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം:

LIVE UPDATES
SHOW MORE