Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’ നിർവാഹകസമിതി യോഗം ഇന്ന്; മോഹൻലാൽ അംഗങ്ങളെ പ്രത്യേകം കാണും

Mohanlal

കൊച്ചി∙ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിർവാഹക സമിതി യോഗം വെള്ളിയാഴ്ച ചേരുമെന്ന് റിപ്പോർട്ട്. നിർവാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉൾപ്പെടുത്തി മോഹൻലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളിൽ ‘അമ്മ’യിലെ അംഗങ്ങൾ രണ്ടു തട്ടിലായ സാഹചര്യത്തിൽ ഭിന്നത പരിഹരിക്കാനും മോഹൻലാലിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടാകും. 

സമിതി അംഗങ്ങളുമായി മോഹൻലാൽ വെള്ളിയാഴ്ച പ്രത്യേകം ചർച്ച നടത്തുമെന്നാണറിയുന്നത്. നിർവാഹക സമിതി യോഗത്തിനു മുന്നോടിയായിട്ടായിരിക്കും ഇത്. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങളും യോഗം ചർച്ച ചെയ്യും. ‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.

ഇരയായ നടിയെ സംരക്ഷിക്കാൻ ‘അമ്മ’ തയാറായില്ലെന്നും കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്നും കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.  എന്നാൽ ഇതിനെതിരെ നടൻ സിദ്ദീഖും നടി കെപിഎസി ലളിതയും പ്രത്യേക വാർത്താസമ്മേളനം നടത്തിയത് വിവാദമായി. സിദ്ദീഖിന്റെ പരാമർശങ്ങൾക്കു വിരുദ്ധമായി ‘അമ്മ’ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും ചർച്ചയായതോടെയാണ് സംഘടനയിൽ ഭിന്നതയുണ്ടെന്നു വ്യക്തമായത്.

ദിലീപിന്റെ കാര്യത്തിൽ സംഘടനാ നിലപാട് നിയമ പ്രകാരമായിരുന്നെന്നു സ്ഥാപിക്കുന്ന ജഗദീഷിന്റെ പത്രക്കുറിപ്പിൽ, വൈകാതെ ജനറൽബോഡി വിളിച്ച് ധാർമികതയിലൂന്നിയ തീരുമാനം കൈക്കൊള്ളുമെന്നും സൂചിപ്പിച്ചിരുന്നു. രാജിവച്ച നടിമാരെ തിരിച്ചെടുക്കാൻ മോഹൻലാൽ സന്നദ്ധത അറിയിച്ചതായും ഇതിലുണ്ട്. പക്ഷേ, ദീലിപ് രാജിക്കത്തു നൽകിയ കാര്യം പത്രക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല. 

എന്നാൽ ജനറൽ ബോഡി ഉടൻ വിളിക്കേണ്ട ആവശ്യമില്ലെന്നും രാജിവച്ചവരോടും എതിർത്തു സംസാരിച്ചവരോടും ഒരു സന്ധിയുമില്ലെന്നും വൈകാതെ സിദ്ദീഖ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നു നടി കെപിഎസി ലളിതയും പിന്താങ്ങി. രാജിവച്ചവർ വീണ്ടും അംഗമാകാൻ അപേക്ഷ നൽകിയാലേ പരിഗണിക്കൂ. ദിലീപ് കഴിഞ്ഞ 10നു മോഹൻലാലിനു രാജി നൽകിയിരുന്നു. പത്രക്കുറിപ്പിറക്കാൻ ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വക്താവല്ല, ട്രഷറർ മാത്രമാണെന്നും സിദ്ദീഖ് പറഞ്ഞു. 

എന്നാൽ ഔദ്യോഗിക നിലപാട് തന്നെയാണു താൻ അറിയിച്ചതെന്നും കാര്യങ്ങൾ മോഹൻലാലിന്റെ അംഗീകാരത്തോടെയാണെന്നും ജഗദീഷ് വീണ്ടും വ്യക്തമാക്കി. അമ്മ നിർവാഹകസമിതിയാണ് തന്നെ വക്താവാക്കിയതെന്നും ജഗദീഷ് പറഞ്ഞു. തർക്കം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ വെള്ളിയാഴ്ച അടിയന്തര നിർവാഹകസമിതി വിളിച്ചു ചേർത്തിരിക്കുന്നത്.

related stories