Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ്; മൊഴി നൽകാൻ അക്ബർ

MJ Akbar എം.ജെ.അക്ബർ

ന്യൂഡൽഹി ∙ മീ ടൂ വിവാദത്തിൽപ്പെട്ടു രാജിവയ്ക്കേണ്ടി വന്ന മുൻ കേന്ദ്രമന്ത്രി എം.ജെ.അക്ബർ നൽകിയ മാനനഷ്ടക്കേസില്‍ മൊഴിയെടുക്കാൻ കോടതി നിർദേശം. തനിക്കെതിരെ ആദ്യം ആരോപണമുന്നയിച്ച പ്രിയ രമണിക്കെതിരെയാണ് അക്ബറിന്റെ കേസ്. 31നു ഹാജരായി മൊഴി നൽകാൻ അക്ബറിനോട് അഡീ. ചീഫ് മെട്രോപൊലിറ്റന്‍ മജിസ്ട്രേറ്റ് സമർ വിശാൽ നിർദേശിച്ചു .

ഒക്ടോബർ 9നാണ് അക്ബറിനെതിരായ ‘മീ ടൂ’ പീഡനാരോപണം പ്രിയ രമണി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരു വർഷം മുൻപു സമൂഹമാധ്യമത്തിൽ ‘ഒരു എഡിറ്ററെ’ക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ അക്‌ബറിനെ ഉദ്ദേശിച്ചായിരുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാൽ പ്രിയ രമണിയുടെ ട്വീറ്റുകൾ അക്ബറിന്റെ സൽപ്പേരിനു കളങ്കം ചാർത്തിയെന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. ഗീത ലുത്രയുടെ വാദം.

40 വർഷം കൊണ്ടുണ്ടാക്കിയ സൽപ്പേരിനു പരിഹരിക്കാനാകാത്ത വിധം പോറലേൽപ്പിക്കുകയാണ് അതു ചെയ്തതെന്നും അഭിഭാഷക വാദിച്ചു. 31ന് അക്ബർ ഹാജരാകുമെന്നും ഗീത വ്യക്തമാക്കി. ഏഷ്യൻ ഏജ് റസിഡന്റ് എഡിറ്റർ സുപർണ ശർമ, ഗസാല വഹാബ്, ബ്രിട്ടിഷ് മാധ്യമ പ്രവർത്തക റൂത്ത് ഡേവിഡ് എന്നിവർ ഉൾപ്പടെ അക്ബറിന്റെ സഹപ്രവർത്തകരായിരുന്ന 12 വനിതാ മാധ്യമപ്രവർത്തകർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അക്ബർ 15 വർഷം പത്രാധിപരായിരുന്ന ‘ഏഷ്യൻ ഏജ്’ ദിനപത്രത്തിൽ പ്രവർത്തിച്ചവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് സംഭവത്തിൽ പരാതിക്കാർക്കു പിന്തുണയറിയിച്ചത്. 

Read: #മീടൂ : എം.ജെ.അക്ബർ രാജിവച്ചു

പ്രിയ രമണിക്കെതിരായ മാനനഷ്ടക്കേസിൽനിന്നു പിന്മാറണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് അക്ബറോട് ആവശ്യപ്പെട്ടു. പ്രിയയ്ക്ക് എഡിറ്റേഴ്സ് ഗിൽഡ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കേസിൽനിന്ന് അക്ബർ പിന്മാറിയില്ലെങ്കിൽ പ്രിയയ്ക്കു നിയമപിന്തുണ ഉൾപ്പെടെ നൽകും. അക്ബറിനെതിരെ പരാതി ഉന്നയിച്ച മറ്റു വനിതകൾക്കെതിരെയും മാനനഷ്ടക്കേസിനാണു ശ്രമമെങ്കിൽ അവർക്കും നിയമപരിരക്ഷ നൽകുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. 

മീ ടൂ ആരോപണത്തിൽ കുടുങ്ങിയതിനെത്തുടർന്നു ബുധനാഴ്ചയാണ് അക്ബർ മന്ത്രിസ്ഥാനം രാജിവച്ചത്. രാജിയിലേക്കു നയിക്കുംവിധം തങ്ങളുടെ പരാതിയിൽ ഉറച്ചുനിന്ന വനിതകളുടെ ധൈര്യത്തെ ഗിൽഡ് പ്രശംസിച്ചു. എഡിറ്റേഴ്സ് ഗിൽഡിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് അക്ബർ.

related stories