Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാപത്തിന് ആഹ്വാനം; ഇരുമുടിക്കെട്ടുമായി എത്തണം: ഓഡിയോ പുറത്തുവിട്ട് മന്ത്രി–വിഡിയോ

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ശബരിമലയിൽ ആർഎസ്എസും ബിജെപിയും കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിനു തെളിവായി ഒരു ഓഡിയോ ക്ലിപ്പും മന്ത്രി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

ഓഡിയോ സന്ദേശം ഇങ്ങനെ: നിലയ്ക്കലിലേക്കു പോകാൻ തയാറായി നിൽക്കുന്ന അയ്യപ്പഭക്തരുണ്ടെങ്കിൽ, അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടു കൂട്ടമായി അറസ്റ്റ് ചെയ്യുകയും ഇരുമുടിക്കെട്ടില്ലാത്തവരെ തടയുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതിനാൽ ഇരുമുടിക്കെട്ടും കയ്യിലേന്തി ഒറ്റക്കോ രണ്ടുപേരായോ മാലയണിഞ്ഞു കറുപ്പണിഞ്ഞു നിലയ്ക്കലെത്തുക. നിലയ്ക്കലെത്തിയാൽ ഫോണിൽ ബന്ധപ്പെടണമെന്നും എല്ലാ സജ്ജീകരണങ്ങളും ചെയ്തുതരുമെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു.

കലാപാഹ്വാനത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട കടകംപള്ളി സുരേന്ദ്രന്‍, ബിജെപി രാഷ്ട്രീയലാഭത്തിനുവേണ്ടി സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. ആർഎസ്എസ് നേതാവാണ് ഓഡിയോയ്ക്കു പിന്നിലെന്നും കടകംപള്ളി പറഞ്ഞു. ഇതിനു പിന്നിലെ രാഷ്ട്രീയമെന്തെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മറുപടി പറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നു സർക്കാർ പറഞ്ഞത് ഒരു കുറ്റമാണോ? ഏതു സംസ്ഥാന സർക്കാരും ചെയ്യുന്ന ഒരു കാര്യമാണത്.

ശബരിമലയുമായി ബന്ധപ്പെട്ട് ശ്രീധരൻപിള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നും കടകംപള്ളി ആരോപിച്ചു. ചരിത്രത്തിലാദ്യമായാണു ദേവസ്വം മന്ത്രി സന്നിധാനത്ത് അവലോകനയോഗം വിളിച്ചതെന്ന ശ്രീധരൻപിള്ളയുടെ പരാമർശത്തോടാണു കടകംപള്ളിയുടെ പ്രതികരണം. ഒക്ടബോർ 28നാണു ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി വരുന്നത്. അതിനുമുൻപ് ഒക്ടോബർ ആദ്യവാരം ‌ഒരു അവലോകനയോഗം തിരുവനന്തപുരത്തു ചേർന്നിരുന്നു. അന്നാണു സന്നിധാനത്തുവച്ച് അവലോകനയോഗം ചേരാനുള്ള തീരുമാനമെടുത്തത്. ആ യോഗത്തിന്റെ മിനിറ്റ്സ് പരിശോധിച്ചാൽ ഇതു മനസ്സിലാകും. കഴിഞ്ഞ വർഷം ഒക്ടോബർ 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമലയിൽ അവലോകനയോഗം ചേർന്നിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

ശ്രീധരൻപിള്ളയുടെ മനസ്സ് കറുത്തുപോയെന്നും കടകംപള്ളി പറഞ്ഞു. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനുമുൻപു വരെ വളരെ നല്ല മനുഷ്യനായിരുന്നുവെന്നും കേന്ദ്രത്തെ പരിപോഷിക്കാനാണ് ഈ നീക്കങ്ങളെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

related stories