Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ...’: അലൻസിയർക്കെതിരെ പ്രവാസിയുടെ കുറിപ്പ്

Actor-Alencier-Monsoon-Mangoes അലൻസിയർ ‘മൺസൂൺ മാംഗോസ്’ സിനിമയിൽ (വിഡിയോ ചിത്രം)

കോട്ടയം∙ സിനിമാ ചിത്രീകരണത്തിനിടെ നടൻ അലൻസിയർ നടത്തിയ മോശം പെരുമാറ്റത്തിനെതിരെ വീണ്ടും പരാതി. ‘ആഭാസം’ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അലന്‍സിയർ മോശമായി പെരുമാറിയെന്ന നടി ദിവ്യ ഗോപിനാഥിന്റെ പരാതിക്കു പിന്നാലെ പുതിയ ആരോപണം യുഎസിൽ നിന്നാണ്. ‘മണ്‍സൂൺ മാംഗോസ്’ എന്ന സിനിമയ്ക്കിടെ യുഎസിലെ ഒരു പെൺകുട്ടിക്കു നേരെ മോശമായി പെരുമാറിയെന്ന ആരോപണം പേരു വെളിപ്പെടുത്താത്ത പ്രവാസിയാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ അലന്‍സിയർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അലൻസിയറെ പോലെ ഒരു മുതിർന്ന കലാകാരനിൽ നിന്ന് സ്ത്രീകൾക്കെതിരായ കടന്നുകയറ്റങ്ങൾ പ്രതീക്ഷിച്ചില്ലെന്ന മുഖവുരയോടെയാണു കുറിപ്പ്. അമേരിക്കൻ സുഹൃത്തിൽ നിന്നു ലഭിച്ച വിവരങ്ങളാണ് താൻ പങ്കുവയ്ക്കുന്നത്. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തിന്റെ കുറിപ്പിൽ അലൻസിയർ ചിത്രീകരണത്തിനിടെ നടത്തിയ മോശം പ്രവൃത്തികളെ വിശദീകരിക്കുന്നുണ്ട്.

യുഎസിൽ നടന്ന സംഭവം നുണയാണെങ്കിൽ അലൻസിയറിന്റെ പ്രവൃത്തികളെല്ലാം സഹിച്ച ചിത്രത്തിലെ മറ്റു നടന്മാരായ ഫഹദ് ഫാസിലോ ടൊവിനൊ തോമസോ വിനയ് ഫോർട്ടോ അല്ലെങ്കിൽ നിർമാതാവ് തമ്പി ആന്റണിയോ പ്രതികരിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നു. അലൻസിയർ നിയമനടപടിക്കൊരുങ്ങിയാൽ കൂടുതൽ തെളിവുകളുമായി രംഗത്തു വരുമെന്നും വ്യക്തമാക്കുന്നുണ്ട്.

കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍: യുഎസിലേക്കു പുറപ്പെടുമ്പോൾ മറ്റ് അംഗങ്ങൾക്കു മുന്നിൽ മാന്യനും വിനീതനുമായിരുന്ന അലൻസിയർ അവിടെയെത്തിയപ്പോൾ തനിസ്വഭാവം കാണിച്ചു തുടങ്ങി. പൂർണമായും മദ്യത്തിനടിമയായിരുന്ന ഇയാൾ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ‘ഓസ്’ മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു. തുടർന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും. എല്ലാത്തരത്തിലും ഇയാളെക്കൊണ്ടു പൊറുതിമുട്ടിയ പ്രൊഡക്‌ഷൻ ടീം എങ്ങനെയും ഇയാളുടെ ഭാഗം തീർത്തു നാട്ടിലേക്ക് കയറ്റിവിടാൻ തീരുമാനിച്ചു.

യുഎസിൽ ഷൂട്ടിങ്ങിനുള്ള സാങ്കേതികസംഘം മുഴുവരും അവിടെ നിന്നുള്ളവരായിരുന്നു .ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റിൽ നല്ല ബന്ധം പുലർത്തിയിരുന്ന അവർ ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോടു ജോലിക്കിടയിൽ കാണിച്ചിരുന്നില്ല. ഷൂട്ടിങ് ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിൽ അവർ പലരും മലയാളികൾ താമസിക്കുന്ന സ്ഥലത്തുവരികയും മലയാളികളുടെ തനതായ രുചിക്കൂട്ടുകൾ ആസ്വദിക്കുകയും ചെയ്തിരുന്നു.

ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു) എന്നും എത്തിക്കാൻ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവർഗക്കാരി പെൺകുട്ടിയായിരുന്നു. പിതാവ് ഒരു അപകടത്തിൽ മരണപ്പെട്ട അവൾ ഇതുപോലുള്ള പാർട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടർന്നിരുന്നത്.

അതിനിടെ അലൻസിയറെ നാട്ടിലേക്കു വിടുന്ന ദിവസം എത്തി. ഉച്ചയ്ക്കുള്ള ഭക്ഷണം എടുക്കാൻ ചെന്ന മേൽപറഞ്ഞ പെൺകുട്ടിയോടു പോകുംവഴി ഏറെ അകലെയല്ലാത്ത വിമാനത്താവളത്തിൽ അലൻസിയറെ ഇറക്കണമെന്ന് പ്രൊഡക്‌ഷൻ ഹെഡ് ആയ ലിസ ഖെർവനിസ് ചുമതലപ്പെടുത്തി. ഭക്ഷണവും എടുത്ത് പെണ്‍കുട്ടി കാറിൽ ഒപ്പം പോവുകയും ചെയ്തു.

അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോൾ പ്രൊഡക്‌ഷൻ കോ–ഓർഡിനേറ്റർ വന്നു ക്യാമറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കൻ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കാനും തുടങ്ങി. അവർ ഷൂട്ടിങ് തുടരുന്നില്ലെന്നു മാത്രമല്ല, ഇനിയും ആ സിനിമയിൽ ക്രൂ ആയി തുടരാൻ താൽപര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങൾ എത്തി.

പിന്നീട് ചീഫ് കോ–ഓർഡിനേറ്റര് അലൻ സ്മിത്ത് പറയുമ്പോഴാണു കാര്യങ്ങൾ എത്ര ഭീകരമാണെന്ന് എല്ലാവർക്കും മനസ്സിലാകുന്നത്. വിമാനത്താവളത്തിലെ പാർക്കിങ് ലോട്ടിൽ എത്തിയ ഉടൻ അലൻസിയർ പെൺകുട്ടിയെ കടന്നു പിടിച്ചു, ഞെട്ടിത്തരിച്ചു പോയ ആ കുട്ടിയോട് ‘ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കൊന്നു വഴങ്ങിത്തരണം’ എന്ന് അലറി. നില വീണ്ടെടുത്ത പെൺകുട്ടി അലൻസിയറെ തല്ലി, പൊലീസിനെ വിളിക്കാനൊരുങ്ങി. അലൻസിയർ പറഞ്ഞതൊന്നും കേൾക്കാൻ പെൺകുട്ടി തയാറായില്ല. അതിനിടെയാണു ലിസയുടെ ഫോൺ വന്നത്. തുടര്‍ന്ന് അവരാണ് ചീഫുമായി ആലോചിച്ചിട്ടു മാത്രം പൊലീസിനെ വിളിച്ചാൽ മതിയെന്നു പറയുന്നത്. തുടർന്ന് ഷൂട്ടിങ് നിർത്തിവയ്ക്കുകയും ചെയ്തു. 

അതുവരെ തോളിൽ കയ്യിട്ടു നടന്നിരുന്ന യുഎസ് ക്രൂ അംഗങ്ങൾ, പ്രത്യേകിച്ച് വനിതകൾ പിന്നീട് സെറ്റിൽ പേടിയോടെയാണ് ഇന്ത്യക്കാരെ സമീപിച്ചത്. ഒരുവിധത്തിൽ അലൻസിയറെ കയറ്റിവിട്ടു. നിർമാതാവ് അത്യാവശ്യം നല്ലൊരു തുക ആ പെൺകുട്ടിക്കു നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നു. നിയമ നടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കിൽ നിർമാതാവും അവിടെ കുടുങ്ങും. ഈ സാഹചര്യത്തിൽ അവിടെ തുടരാൻ കഴിയാതെ, ജോലി നിർത്തുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവൾ വാങ്ങാൻ കൂട്ടാക്കിയുള്ളൂ. 

മേലിൽ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ആക്രമണമോ അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല, നിങ്ങൾ കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാർ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കൻ സ്ത്രീകൾ എന്നു തുടങ്ങി വളരെയേറെ നിബന്ധനകൾ അടങ്ങിയ ഒരു കരാറും നിർമാതാവിന് ഒപ്പിടേണ്ടിവന്നു. ഈ കരാറിന്റെ പകർപ്പ് ഷൂട്ടിങ് അംഗങ്ങൾ താമസിക്കുന്നിടത്തും ലൊക്കേഷനിൽ പലയിടത്തുമായി പതിച്ചു. തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയ മൊത്തം ടീം അംഗങ്ങളും ഈ നോട്ടിസിന്റെ മുൻപിലൂടെ നാണംകെട്ടു നടക്കേണ്ടിവന്നു .

അലൻസിയർക്കെതിരെ കേസെടുക്കാതിരിക്കാൻ അന്ന് സെറ്റിലുണ്ടായിരുന്ന അമേരിക്കൻ മലയാളികളാണു കഷ്ടപ്പെട്ടു പരിശ്രമിച്ചത്. ‘ആഭാസം’ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്ന ചില പെൺകുട്ടികൾക്കു പല കഥകളും പറയാനുണ്ട്. പലരും പലതും പുറത്തുപറയാതെ വിഴുങ്ങുകയാണെന്നും കുറിപ്പിൽ പറയുന്നു. സത്യാവസ്ഥ പുറത്തറിയിക്കാൻ വേണ്ടി മാത്രമാണ് സമൂഹമാധ്യമത്തിൽ ഇത്തരമൊരു പോസ്റ്റ് പേരു വയ്ക്കാതെ നൽകുന്നതെന്നും കുറിപ്പിലുണ്ട്.

related stories