Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്ര മോദിയെ ‘ചോദ്യം ചെയ്യും’: നവംബറിൽ അയോധ്യാ സന്ദര്‍ശനത്തിന് ഉദ്ധവ് താക്കറെ

Uddhav-Thackeray ഉദ്ധവ് താക്കറെ (ഫയൽ ചിത്രം)

മുംബൈ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സര്‍ക്കാരിനെ സമ്മർദ്ദത്തിലാഴ്ത്താനുള്ള ശ്രമങ്ങളുമായി ശിവസേന. നവംബർ 25നു ശിവസേന തലവൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കും. എന്തുകൊണ്ടു രാമക്ഷേത്രം നിർമിക്കുന്നില്ലെന്നു നരേന്ദ്രമോദിയെ ‘ചോദ്യം ചെയ്യുന്നതിന്റെ’ ഭാഗമായാണു സന്ദർശനമെന്നും പാർട്ടിയുടെ വാർഷിക ദസറ റാലിയെ അഭിസംബോധന ചെയ്ത് ഉദ്ധവ് പറഞ്ഞു.

‘ഞാൻ നവംബർ 25ന് അയോധ്യയിലേക്കു പോകും. എന്തുകൊണ്ട് ക്ഷേത്ര നിർമാണം വൈകുന്നുവെന്നു പ്രധാനമന്ത്രിയോടു ചോദിക്കും. ഞങ്ങൾ മോദിയുടെ ശത്രുക്കളല്ല. എന്നാൽ ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചുള്ള പ്രവർത്തനങ്ങൾക്കു ശിവസേന തയാറല്ല...’ ഉദ്ധവ് പറഞ്ഞു. ഇക്കഴിഞ്ഞ നാലരവർഷത്തിനിടെ മോദി എന്തുകൊണ്ട് അയോധ്യ സന്ദർശിച്ചില്ലെന്നും ഉദ്ധവ് ചോദിച്ചു. 

മഹാരാഷ്ട്രയെ വരർച്ച ബാധിതമായി പ്രഖ്യാപിക്കാൻ വൈകിയതിൽ സംസ്ഥാന സർക്കാരിനെതിരെയും ഉദ്ധവ് രൂക്ഷവിമർശനം ഉന്നയിച്ചു. 2014നു സമാനമായി ബിജെപിക്ക് അനുകൂലമായ തരംഗം ഇപ്പോൾ രാജ്യത്തു നിലനിൽക്കുന്നില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നിലപാടു കൂടി വ്യക്തമാക്കി ഉദ്ധവ് പറഞ്ഞു.

ശിവസേന പ്രവർത്തകരോടെല്ലാം തിരഞ്ഞെടുപ്പിന് ഒരുങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി സർക്കാരിൽ സഖ്യകക്ഷിയായ ശിവസേന ഭാവി തിരഞ്ഞെടുപ്പുകളിലെല്ലാം ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. 

related stories