Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന: ടിആർഎസിന്റെ പ്രകടനപത്രിക കോപ്പിയടിയെന്നു പ്രതിപക്ഷം

K. Chandrasekhar Rao കെ. ചന്ദ്രശേഖര റാവു (ഫയൽ ചിത്രം)

ഹൈദരാബാദ്∙ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കോപ്പിയടിയാണെന്നു പ്രതിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം മണക്കുന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, അടുത്ത കാലത്ത് കോൺഗ്രസ് തെലങ്കാനയിലെ ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ ടിആർഎസിന്റെ വാഗ്ദാനങ്ങളായി അവതരിപ്പിച്ചു പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയാണു ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഢി ആരോപിച്ചു. സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം 4500 കർഷകർ ആത്മഹത്യ ചെയ്തു. ഇവരുടെ കുടുംബത്തിന് സർക്കാർ ഇതുവരെ ഒരു സഹായവും നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിലെത്തിയാൽ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിതള്ളുമെന്നും തൊഴിലില്ലായ്മ വേതനം പ്രതിമാസം 3016 രൂപയായി ഉയർത്തുമെന്നും പെൻഷൻ തുക ഇരട്ടിയാക്കുമെന്നതുമടക്കമുള്ള വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി ടിആർഎസിന്റെ ഭാഗീകമായ പ്രകടനപത്രിക പാർട്ടി നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ഒഴിവുള്ള രണ്ടു ലക്ഷം സർക്കാർ ജോലികളിൽ നിയമനം നടത്തുമെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ട ടിആർഎസ് ഇപ്പോൾ തൊഴിലില്ലായ്മ വേതനം നൽകുമെന്ന് ഉറപ്പു നൽകുന്നത് തൊഴിൽരഹിതരായ യുവാക്കളെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. 

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൂടെ 2014ലെ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാനുള്ള ശ്രമമാണ് ടിആർഎസ് നടത്തുന്നതെന്ന് ബിജെപി വക്താവ് കൃഷ്ണസാഗർ റാവു ആരോപിച്ചു. '2014ലെ ടിആർഎസിന്റെ പ്രകടനപത്രിക ഇപ്പോൾ ചന്ദ്രശേഖര റാവുവിന്റെ വീട്ടിലെ ചവറ്റുകുട്ടയിലാണ്. വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പഴയ വാഗ്ദാനങ്ങൾ പൊടിതട്ടിയെടുത്ത് ചെറിയ മാറ്റങ്ങൾ വരുത്തി വീണ്ടും അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്' - അദ്ദേഹം പറഞ്ഞു.

തെലുങ്കുദേശം പാർട്ടി (ടിഡിപി), സിപിഐ, തെലങ്കാന ജനസമിതി (ടിജെഎസ്) എന്നീ പാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഒറ്റയ്ക്കു മൽസരിക്കാനാണ് ബിജെപി തീരുമാനം. ടിആർഎസ് ഒഴികെ മറ്റു പാർട്ടികൾ ഇതുവരെ പ്രകടനപത്രിക പുറത്തിറക്കിയിട്ടില്ല. ഡിസംബർ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.