ഹംസഫർ എക്സ്പ്രസ് ശനി മുതൽ; അൽഫോൻസ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും

കൊച്ചി∙ കൊച്ചുവേളി–ബാനസവാടി (ബെംഗളൂരു) ഹംസഫർ എക്സ്പ്രസ് ശനിയാഴ്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചുവേളി സ്റ്റേഷനിൽ രാവിലെ 10.45നു നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി.സുധാകരൻ, കടകംപളളി സുരേന്ദ്രൻ തുടങ്ങിയവരും എംപിമാരും പങ്കെടുക്കും. 11നാണ് ഫ്ളാഗ് ഓഫ്.

ആദ്യ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു 52 മണിക്കൂറിനുളളിൽ റിസർവേഷനു ലഭ്യമാക്കിയിരുന്ന 920 ടിക്കറ്റുകളും വിറ്റു തീർന്നു. നിരക്ക് കൂടിയ തേഡ് എസി കോച്ചുകൾ മാത്രമുളള ട്രെയിനായ ഹംസഫർ ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിൽ വലിയ വിജയമാകാത്ത സ്ഥാനത്താണു കേരളത്തിൽ ആദ്യ യാത്രയ്ക്കു തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയത്. 

കേരളത്തിൽ നിന്നു ബെംഗളൂരുവിലേയ്ക്കു കൂടുതൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യം ന്യായമാണെന്നു തെളിയിക്കുന്നതാണ് ടിക്കറ്റ് വിൽപന. തിരുവനന്തപുരം ബെംഗളൂരു സെക്ടറിൽ കനത്ത ഡിമാൻഡ് നിലനിൽക്കുന്നതിനാൽ ദ്വൈവാര ഹംസഫർ എക്സ്പ്രസ് അടിയന്തരമായി പ്രതിദിന സർവീസാക്കി മാറ്റണമെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.

ട്രെയിൻ ബെംഗളൂരുവിലേക്കു 16.30 മണിക്കൂറും കേരളത്തിലേക്കു 14 മണിക്കൂറും എടുക്കുന്ന പൊരുത്തക്കേട് പരിഹരിക്കണം. രാവിലെ ഒൻപതിനു മുൻപായി ബാനസവാടിയിൽ എത്തുന്ന രീതിയിൽ സമയക്രമം പരിഷ്കരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ഇപ്പോൾ 10.45നാണ് ട്രെയിൻ ബാനസവാടിയിൽ എത്തുക.

നിരക്ക് കൂടിയതും സ്റ്റോപ്പുകൾ കുറവായതുമായ ഹംസഫർ ട്രെയിൻ ബസുകാരെ സഹായിക്കാനായി  സേലം–യശ്വന്തപുര പാസഞ്ചറിനു പിന്നിൽ ഓടിക്കുകയാണെന്നാണ് ആക്ഷേപം. തിരക്കായതിനാൽ ബെംഗളൂരു സിറ്റി സ്റ്റേഷനിൽ ട്രെയിൻ എടുക്കാൻ കഴിയില്ലെന്ന ബെംഗളൂരു ഡിവിഷന്റെ നിലപാടു മൂലമാണു ട്രെയിൻ ഒൗട്ടറിലുളള  ബാനസവാടിയിലേക്കു  ഓടിക്കുന്നത്. എന്നിട്ടും രാവിലെ 10നു മുൻപു എത്തിക്കില്ലെന്ന വാശി യാത്രക്കാരെ ദ്രോഹിക്കാനാണെന്ന ആക്ഷേപത്തില്‍ കഴമ്പില്ലാതില്ല.

ഹംസഫറിൽ  കൊച്ചുവേളി ബാനസവാടി ടിക്കറ്റിനു അടിസ്ഥാന നിരക്ക് 1295 രൂപയാണ് 50 ശതമാനം ടിക്കറ്റുകൾ വിറ്റു തീരുന്ന മുറയ്ക്കാണു നിരക്ക് കൂടുക. അതേ സമയം ഇന്നത്തെ തിരുവനന്തപുരം–ബെംഗളൂരു  എസി ബസ് നിരക്ക് 2300 മുതൽ മുകളിലേക്കാണ്. 

2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗളൂരു ട്രെയിനാണു നാലര വർഷങ്ങൾക്കു ശേഷം ഹംസഫാറായി  ഓടിത്തുടങ്ങുന്നത്.കന്നി സര്‍വീസിനു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്റ്റേഷനുകളിൽ സ്വീകരണം നൽകും. 16319 കൊച്ചുവേളി ബാനസവാടി ഹംസഫർ വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.05ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.45ന് ബാനസവാടിയിലെത്തും.

മടക്ക ട്രെയിൻ (16320) വെളളി, ഞായർ ദിവസങ്ങളിൽ രാത്രി 7ന് ബാനസവാടിയിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.05നു കൊച്ചുവേളിയിലെത്തും. സ്റ്റോപ്പുകൾ: കൊല്ലം , ചെങ്ങന്നൂർ,കോട്ടയം, എറണാകുളം ടൗൺ,  തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്,  സേലം, ബംഗാരപേട്ട് , വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം. സ്ഥിരം സർവീസ് ബാനസവാടിയിൽ നിന്നു 21നും കൊച്ചുവേളിയിൽ നിന്നു 25നും ആരംഭിക്കും.