Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനു വനിതകളെ എടുത്തുകൊണ്ടു പോകാനാകില്ല: കടകംപള്ളിയെ തഴഞ്ഞും തലോടിയും കോടിയേരി

kodiyeri-balakrishnan കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ.

തിരുവനന്തപുരം ∙ ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്ടിവിസ്റ്റുകൾ എന്ന പേരിൽ കുഴപ്പമുണ്ടാക്കാൻ വരരുതെന്നാണു നിലപാട്. ആക്ടിവിസ്റ്റ് വിശ്വാസിയാണെങ്കിൽ അവർക്കു ശബരിമലയിലേക്കു പോകുന്നതിൽ തടസ്സമില്ല. ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. പക്ഷേ അതിന്റെ പേരിൽ പ്രശ്നമുണ്ടാക്കാൻ പറ്റില്ല. കുഴപ്പമുണ്ടാക്കാൻ വരുന്നവരെ മാത്രമേ തടയേണ്ടതുള്ളൂവെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ തള്ളിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.

യുവതികൾ മടങ്ങിയ സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. തന്ത്രിയുടെ നിലപാട് കാരണമാണു യുവതികൾക്ക് സന്നിധാനത്തു പ്രവേശിക്കാൻ കഴിയാതിരുന്നത്. യുവതികൾ സ്വയം മടങ്ങുകയായിരുന്നു. യുവതികൾക്കു സന്നിധാനത്തേക്കു പോകാനുള്ള എല്ലാ സൗകര്യവും പൊലീസ് നൽകി. പിന്നീട് അവർ പിന്തിരിഞ്ഞതാണ്. അല്ലാതെ പൊലീസിന് അവരെ ദർശനത്തിന് എടുത്തു കൊണ്ടുപോകാനുള്ള ബാധ്യതയില്ല. വനിതകൾ പോകാൻ തയാറായ സ്ഥലം വരെ അവർക്കു സംരക്ഷണം നൽകി. അവരെ സന്നിധാനത്ത് എത്തിക്കേണ്ടത് പൊലീസിന്റെ ചുമതലയല്ല. മന്ത്രി കടകംപള്ളി തന്നെ പിന്നീട് സ്ഥിതിഗതികൾ മനസ്സിലാക്കിയപ്പോൾ പൊലീസ് നടപടി ശരിയാണെന്നു പറഞ്ഞതായും കോടിയേരി വ്യക്തമാക്കി.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുത്. ഇപ്പോഴത്തെ സമരം വിശ്വാസം രക്ഷിക്കാനല്ല. ലക്ഷ്യം രാഷ്ട്രീയമാണ്. പൊലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണു ബിജെപി ശ്രമം. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളെ സംബന്ധിച്ച വിധിയെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്നില്ല. വിധി തിരുത്തിക്കാമെന്നുറപ്പുണ്ടെങ്കില്‍ എതിര്‍ക്കുന്നവര്‍ കോടതിയെ സമീപിക്കണം.

സുപ്രീംകോടതി വിധി ഇടതുസര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘമാണ് കോടതിവിധി നേടിയെടുത്തത്. സുപ്രീംകോടതിവിധി നടപ്പാക്കണമെന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം. ശബരിമലയെ രാഷ്ട്രീയ സമരമാക്കുന്ന ബിജെപി അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തുറന്നു കാട്ടും‍. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ പാടില്ല. സമചിത്തതയോടെ, വിശ്വാസികളെ ബാധിക്കാത്ത തരത്തില്‍ മുന്നോട്ടു പോകണമെന്നാണ് പാര്‍ട്ടി നിലപാട്. എല്‍ഡിഎഫ് വിശ്വാസികള്‍ക്കെതിരല്ല. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാകേണ്ട വിഷയമല്ല ശബരിമല.

സ്ത്രീകൾക്കു പ്രവേശനം പാടില്ല എന്നു പറയുന്നത് ആർഎസ്എസിന്റെ നിലപാടാണോ? വിശ്വാസമാണെന്നു പറഞ്ഞ് നൂറാളുകൾ പുറപ്പെട്ടാൽ പിന്നെ കോടതിയും നിയമവും ഭരണഘടനയുമൊക്കെ എന്തിനാണ്? സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് നടപ്പാക്കാം, പാർലമെന്റിനു നിയമം കൊണ്ടുവരാം. ഇതൊക്കെ നിയമജ്ഞനായ ശ്രീധരൻ പിള്ളയ്ക്ക് അറിവുള്ളതാണ്. എന്നിട്ടും ബിജെപി അധ്യക്ഷൻ അജ്ഞത നടിക്കുകയാണ്. സാമാന്യബോധമുള്ള ഏതൊരാൾക്കും ഇതെല്ലാം അറിവുള്ളതാണെന്നും കോടിയേരി പറഞ്ഞു.

ഓരോ കേസിലും വ്യത്യസ്തമായ തലങ്ങളാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. അതു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയില്‍ വ്യത്യസ്ത അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പുനഃപരിശോധനാ ഹര്‍ജി കൊടുക്കണം. ബിജെപിയും കോണ്‍ഗ്രസും ഇതേവരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടില്ല. സുപ്രീംകോടതി വിധി തിരുത്തിക്കാം എന്ന പ്രതീക്ഷയുണ്ടെങ്കില്‍ അവര്‍ വിശ്വാസികളെ ഇളക്കി വിടുന്നതിനു പകരം നിയമപരമായ വഴിതേടണം. ശബരിമലയിലെ പ്രതിഷേധം രാഷ്ട്രീയ സമരമായി മാറിയിരിക്കുകയാണ്. ബിജെപിയും ആര്‍എസ്എസും കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നു. അതിന്റെ ഭാഗമായാണ് ഭക്തജനങ്ങളെന്നപേരില്‍ ആളെ ഇറക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ മതപരമായി ചേരിതിരിച്ച് വിമര്‍ശനം ഉയര്‍ത്തുന്നു. ഇത് പൊലീസിനെ നിഷ്ക്രിയമാക്കാനാണ്.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ കൊടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ സംഘാടകരാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ആപത്ത് കോണ്‍ഗ്രസ് തിരിച്ചറിയണം. ആര്‍എസ്എസ് ക്രിമിനലുകള്‍ നിലയ്ക്കലില്‍ കേന്ദ്രീകരിച്ച് വ്യാപക അക്രമം നടത്തി. വാട്സാപ് വഴി പ്രചാരണം നടത്തി ആളെക്കൂട്ടാന്‍ ശ്രമിച്ചു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സമരത്തില്‍നിന്ന് പിന്‍തിരിഞ്ഞ് നിയമത്തിന്റെ വഴി തേടണം. ഇന്ന് സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബിജെപിയാകുമെന്നും കോടിയേരി പറഞ്ഞു.

ചർച്ചയ്ക്കു മുഖ്യമന്ത്രി തയാറാണ്. എന്നാൽ മുഖ്യമന്ത്രിയുമായി പോലും ചർച്ചയ്ക്കു തയാറല്ലെന്നു പറഞ്ഞതു തന്ത്രികുടുംബവും മറ്റുമാണ്. അത് ബോധപൂർവമാണ്. സ്വാശ്രയ വിദ്യാഭ്യാസത്തിലും ഡാം സേഫ്റ്റിയിലും സംവരണ സംരക്ഷണത്തിലുമെല്ലാം സ്വന്തം നിലയിൽ സംസ്ഥാനം ഇടപെട്ടപ്പോൾ സുപ്രീംകോടതി തട്ടിക്കളയുകയായിരുന്നു. അവിടങ്ങളിലെല്ലാം കേരളം പരിഹാസ്യരായത് ഓർക്കണമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട കേസ് അവരുടെ ഭരണഘടനയുമായി ബന്ധപ്പെട്ടതാണ്. രണ്ടു സഭകൾ തമ്മിലുള്ള കേസാണ്. ശബരിമലയിൽ സംസ്ഥാനം നേരിട്ടു കക്ഷി ചേരുകയായിരുന്നു. ശബരിമല വിധി വന്നത് രാജ്യത്തിന്റെ ഭരണഘടന പരിശോധിച്ചാണ്. അതു മൗലികാവകശവുമായി ബന്ധപ്പെട്ടതാണ്. മൗലികാവകാശം നടപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അതു ചെയ്യുന്നുമുണ്ട്. എന്നാൽ യാക്കോബായ–ഓർത്തഡോക്സ് സഭാ തര്‍ക്കം അത്തരത്തിലുള്ളതായിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി കോടിയേരി പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും എല്‍ഡിഎഫ് റാലി സംഘടിപ്പിക്കും. ഗൃഹസന്ദര്‍ശന പരിപാടി നവംബര്‍ 3, 4 തീയതികളില്‍ നടക്കും. വിപുലമായ കുടുംബയോഗം നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കും. 140അസംബ്ലി മണ്ഡലങ്ങളില്‍ നേതാക്കളുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ നടത്തും. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികമായ നവംബര്‍ 12ന് എല്ലാ വില്ലേജുകളിലും നവോത്ഥാന സദസ്സ് സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം കൊടുക്കാറില്ലെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്. മുഖ്യമന്ത്രി കേരളത്തില്‍നിന്ന് മൂന്നു ദിവസം മാറിനിന്നാല്‍ ഒന്നും സംഭവിക്കില്ല. ശക്തമായ ഭരണകൂടം ഇവിടെ ഉണ്ട്. ആധുനിക സൗകര്യമുള്ള ഇക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെനിന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം കൊടുക്കാമെന്നും കോടിയേരി പറഞ്ഞു.