Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ടിവിസ്റ്റിനും ശബരിമലയിൽ വരാം: പ്രസ്താവന തിരുത്തി കടകംപള്ളി

kadakampally-surendran-16

തിരുവനന്തപുരം∙ ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്കു പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വരുന്നതിൽ തടസ്സമില്ല. ബോധപൂർവം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടത്.

ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്. അക്കാര്യം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി. 

ആക്ടിവിസ്റ്റ് യുവതിയുടെ ഇന്നത്തെ സന്ദർശനം ബിജെപി ആസൂത്രണം ചെയ്തതാണോ എന്ന സംശയവും തനിക്കുണ്ടെന്നു കടകംപള്ളി വ്യക്തമാക്കി. ആ യുവതിയുടെ സുഹൃത്തുക്കളും മറ്റും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതിൽ നിന്നാണ് സംഭവം ആസൂത്രണം ചെയ്തതാണെന്ന സംശയം വന്നത്.

ശബരിമല വിഷയത്തിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമം. അതിൽ നിന്നു പിന്മാറണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. സുപ്രീകോടതിയിൽ റിപ്പോർട്ട് നല്‍കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തെയും മന്ത്രി സ്വാഗതം ചെയ്തു. കോടതിയിൽ വിവരങ്ങൾ ധരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.