Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടം മണത്തു; ശബരിമലയിൽ സർക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

kavita-rehna-fathima മല കയറിയ ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിതയും എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും. ചിത്രം: പി. നിഖിൽരാജ്

തിരുവനന്തപുരം∙ യുവതീപ്രവേശ വിവാദത്തിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമല സന്നിധാനത്തെത്തിയതോടെ രൂപപ്പെട്ട വലിയ പ്രതിസന്ധിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നടപ്പന്തല്‍ വരെ എത്തിയ യുവതികളെ ഉടന്‍ തിരിച്ചിറക്കണമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഐജി എസ്.ശ്രീജിത്തിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടായെന്നാണു സിപിഎമ്മിന്റെ വിലയിരുത്തല്‍.

പൊലീസ് യുവതികളുമായി പമ്പയില്‍നിന്ന് ഒന്നരകിലോമീറ്റര്‍ മുന്നോട്ടുപോയതിനുശേഷമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉണര്‍ന്നത്. മല കയറുന്നതില്‍ ഒരാള്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയാണെന്നറിഞ്ഞതോടെ അപകടംമണത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഐജി എസ്.ശ്രീജിത്തിനെ അറിയിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നു മാത്രമല്ല, ഇന്റലിജന്‍സ് വീഴ്ചയുമുണ്ടായെന്നാണു സിപിഎമ്മിന്റെ വിലയിരുത്തല്‍.

ശബരിമലയിലെ ആക്ടിവിസത്തോടു യോജിപ്പില്ലെന്നായിരുന്നു മന്ത്രി കെ.കെ. ശൈലജയുടെയും പ്രതികരണം. ശബരിമല പ്രശ്നത്തില്‍ കനത്ത ജാഗ്രത വേണമെന്നു സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഹ്ന ഫാത്തിമയെയും മാധ്യമപ്രവര്‍ത്തക കവിതയെയും നടപ്പന്തല്‍ വരെയെത്തിച്ചതില്‍ വീഴ്ചയുണ്ടായെന്ന വികാരമാണു നേതൃത്വത്തിനുള്ളത്. ഇതൊക്കെയാണെങ്കിലും ആക്ടിവിസ്റ്റുകളെ എന്തുകൊണ്ടു പൊലീസിനു തിരിച്ചറിയാനായില്ലെന്നതു സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

ശബരിമലയില്‍ സംഭവിച്ചത്

കനത്ത പൊലീസ് സുരക്ഷയിൽ ആന്ധ്രയിൽനിന്നെത്തിയ കവിതയും രഹ്ന ഫാത്തിമയും മലയിറങ്ങി. സുപ്രീംകോടതി വിധിക്കുശേഷം മൂന്നാംതവണയാണു സന്നിധാനത്തേക്കു പോകാന്‍ യുവതികള്‍ ശ്രമിച്ചത്. കൊച്ചി സ്വദേശി രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടുമായെത്തിയപ്പോള്‍ ഹൈദരാബാദിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിങ്ങിനാണു സന്നിധാനത്തേക്കു പോകാന്‍ ശ്രമിച്ചത്. രാത്രി പമ്പ പൊലീസിന്റെ പിന്തുണ തേടിയ ഇവരോടു പുലര്‍ച്ചെ എത്താന്‍ ഐജി ശ്രീജിത്ത് നിര്‍ദേശിച്ചു. രാവിലെ ആറരയ്ക്കു സര്‍വസജ്ജരായ പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ മലകയറ്റം. അപ്പാച്ചിമേടു പിന്നിട്ടു ശബരീപീഠത്തിനരികിലെത്തിയപ്പോള്‍ ഒരാള്‍ യുവതികള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇയാളെ പൊലീസ് ഉടന്‍ നീക്കി. സന്നിധാനത്തെ നടപ്പന്തല്‍ വരെ വീണ്ടും സുഗമമായ യാത്ര. എന്നാല്‍ നടപ്പന്തലിലേക്കു കടന്നതോടെ അറുപതോളം പേര്‍ പ്രതിഷേധവുമായെത്തി.

ഐജിയുടെ അഭ്യര്‍ഥന തള്ളിയ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്നു ശരണംവിളിച്ചു. ഇതോടെ ഐജി ഡിജിപിയുമായും ദേവസ്വം മന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ദേവസ്വം മന്ത്രി തിരുവനന്തപുരത്ത് നിലപാടു വ്യക്തമാക്കി. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ രഹ്ന ഫാത്തിമയെയും കവിതയെയും വനംവകുപ്പ് ഐബിയിലേക്കു മാറ്റി. തിരിച്ചിറങ്ങാന്‍ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചു. ഈസമയം ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാംപടിക്കുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങി.

സ്ഫോടനാത്മകമായ സ്ഥിതിയാണെന്നു ബോധ്യപ്പെടുത്തിയതോടെ, ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്നു യുവതികള്‍ അറിയിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനൊടുവില്‍ തിരിച്ചിറക്കം. കൂടുതല്‍ ശക്തമായ സുരക്ഷയില്‍. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ തടയുന്നതില്‍ മൂന്നാം ദിവസവും പ്രതിഷേധക്കാര്‍ വിജയിച്ചു. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ യുവതികള്‍ എത്തുന്നതു കൂടുതല്‍ വെല്ലുവിളിയാകുന്നത് പൊലീസിനാണ്.