Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകീയ നിമിഷങ്ങൾ പിന്നിട്ട് സന്നിധാനം സാധാരണ നിലയിലേക്ക്

sabarimala-temple-18-golden-steps പതിനെട്ടാം പടിക്കു മുന്നിൽ ഭക്തൻ. (ഫയൽ ചിത്രം)

ശബരിമല ∙ യുവതിപ്രവേശത്തിനെതിരെ കനത്ത പ്രതിഷേധത്തിനു ശേഷം സന്നിധാനം സാധാരണ നിലയിലേക്കു മടങ്ങുന്നു. ദർശനത്തിനു വൻ തിരക്കില്ലെങ്കിലും ഭക്തർ എത്തുന്നുണ്ട്. ഇന്നു രാവിലെ മുതൽ‌ നാടകീയ സംഭവങ്ങൾക്കാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത, നടിയും മോഡലുമായ രഹന ഫാത്തിമ എന്നിവരാണ് ഇന്ന് പൊലീസ് സംരക്ഷണത്തിൽ മല കയറാനെത്തിയത്. ഐജി എസ്. ശ്രീജിത്ത്, എസ്പിമാരായ ദേബേഷ് കുമാർ ബഹ്റ, വി.അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ 180 പൊലീസുകാരുടെ സംഘമാണ് ഇവർക്ക് സംരക്ഷണമൊരുക്കിയത്.

വലിയ നടപ്പന്തൽ വരെ ഇവർ എത്തിയെങ്കിലും അപ്പോഴേക്കും പതിനെട്ടാം പടിക്കു താഴെ മേൽശാന്തിമാരുടെയും പരികർമികളുടെയും ഭക്തരുടെയും സംഘം പ്രതിരോധം തീർത്തു. യുവതികൾ സന്നിധാനത്തു പ്രവേശിച്ചാൽ താൻ നടയടച്ച് മലയിറങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവരും അറിയിച്ചു. ആചാരലംഘനം അനുവദിക്കാനാവില്ലെന്നും ഇതല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും താൻ നിസ്സഹായനാണെന്നും തന്ത്രി പറഞ്ഞു.

Sannidhanam Protest യുവതികൾ സന്നിധാനത്തെത്തിയതിനെ തുടർന്ന് പ്രതിഷേധിക്കുന്ന ഭക്തർ. ചിത്രം: നിഖിൽ രാജ്

ഐജി ശ്രീജിത്ത് പ്രതിഷേധക്കാരുമായി അനുനയ ചർച്ച നടത്തി. ‘ഞാനും അയ്യപ്പഭക്തനാണ്. പക്ഷേ കോടതിവിധി നടപ്പാക്കാതെ പറ്റില്ല. അതിനാൽ നിങ്ങൾ സഹകരിക്കണം.’ എന്നായിരുന്നു ഐജിയുടെ അഭ്യർഥന. പക്ഷേ ‘ഞങ്ങളെ ചവിട്ടിമെതിച്ചല്ലാതെ ഇവരെ സന്നിധാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ല’ എന്നു പറഞ്ഞ് പ്രതിഷേധക്കാർ നിലത്തുകിടന്ന് പ്രതിരോധം തീർത്തു. തുടർന്നു ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രനുമായി ഐജി ഫോണിൽ ബന്ധപ്പെട്ടു.

പൊലീസ് നടപടിയെ തള്ളിപ്പറഞ്ഞ മന്ത്രി, ദർശനത്തിനെത്തിയ യുവതികൾ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും അവർക്കു സംരക്ഷണമൊരുക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും വ്യക്തമാക്കി. ശബരിമല ആക്ടിവിസത്തിനുള്ള വേദിയല്ലെന്നും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി നിലപാടു വ്യക്തമാക്കി.

തുടർന്നു ഡിജിപിയുമായി ഐജി സംസാരിച്ചു. അതിനു ശേഷം യുവതികളെ കണ്ടു സംഘർഷാവസ്ഥ അറിയിച്ചു. പതിനെട്ടാംപടി കയറി തിരുമുറ്റത്ത് എത്തിയാൽ തന്ത്രി നട അടച്ച് താക്കോൽ ദേവസ്വം മാനേജരെ ഏൽപ്പിച്ചു മലയിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിശദമാക്കി. തുടർന്ന് വനിതാമാധ്യമപ്രവർത്തക കവിത മടങ്ങാൻ തയാറായി. എന്നാൽ തനിക്ക് ഇരുമുടിക്കെട്ട് ഉള്ളതിനാൽ പടി കയറി ദർശനത്തിന് അനുവദിക്കണമെന്ന് രഹന ആവശ്യപ്പെട്ടു. സംഘർഷാവസ്ഥയെപ്പറ്റി പൊലീസ് അവരെ ബോധ്യപ്പെടുത്തിയ ശേഷം വീണ്ടും ഡിജിപിയുമായി ബന്ധപ്പെട്ടു. സംഘർഷാവസ്ഥ വിശദീകരിച്ചു വീണ്ടും യുവതികളുമായി സംസാരിച്ചപ്പോൾ ദർശനം നടത്താതെ മലയിറങ്ങാമെന്ന് സമ്മതിച്ചു. ഇക്കാര്യം ഭക്തരെ അറിയിച്ച ശേഷമാണ് യുവതികളെ പൊലീസ് സംരക്ഷണത്തിൽ മലയിറക്കിയത്.