Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകനെ ആക്രമിച്ച സെനറ്റർ ‘ബഹുമാനിതൻ’: പുകഴ്ത്തി വോട്ടുതേടി ട്രംപ്

Donald-Trump ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ‍∙ മാധ്യമ പ്രവർത്തകനെ ആക്രമിച്ച കോൺഗ്രസ് അംഗത്തെ പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദ് ഗാർഡിയന്‍റെ റിപ്പോർട്ടറായ ബെൻ ജേക്കബ്സിനെ ആക്രമിച്ച ഗ്രെഗ് ഗിയാന്‍ഫോർട്ടിനെ, മൊണ്ടാനയുടെ അനിഷേധ്യ നേതാവും കോൺഗ്രസിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ആളുമെന്നു വിശേഷിപ്പിച്ചാണ് ട്രംപ് അദ്ദേഹത്തിനായി വോട്ട് തേടിയത്. ഗിയാൻഫോർട്ടുമായി ബലാബലത്തിനു മുതിരരുതെന്നു മുന്നറിയിപ്പു നൽകിയ ട്രംപ് മറ്റുള്ളവരുടെ ദേഹത്തിന് ആഘാതം വരുത്താന്‍ കഴിയുന്ന ഏതൊരു വ്യക്തിയും തന്നെപ്പോലെയുള്ള, തന്‍റെ ആളാണെന്നും കൂട്ടിച്ചേര്‍ത്തു. 

മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഗിയാൻഫോർട്ടിന് ആറുമാസത്തെ തടവുശിക്ഷയും 40 മണിക്കൂർ സാമൂഹ്യ സേവനവും ദേഷ്യനിയന്ത്രണ പരിശീലിന പരിപാടിയിൽ 20 മണിക്കൂർ പങ്കാളിത്തവും 385 ഡോളർ പിഴയും കോടതിച്ചെലവും ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷം കോൺഗ്രസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഗിയാൻഫോർട്ടിന്‍റെ സ്ഥാനാർഥിത്വം ഇതിന്റെ പേരിൽ വിവാദത്തിലാകുകയും ചെയ്തു.

ഗിയാൻഫോർട്ടിന്‍റെ ജയസാധ്യകളെ ഇതു സാരമായി ബാധിക്കുമെന്നാണു താൻ ആദ്യഘട്ടത്തിൽ കരുതിയിരുന്നതെന്നും എന്നാൽ മൊണ്ടാനയിലെ ജനതയെ ശരിക്കും അറിയുന്നതിനാൽ ഗിയാൻഫോർട്ടിന് അനുകൂലമായി ഈ സംഭവം മാറാനിടയുള്ളതിനാൽ കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. 

മാധ്യമങ്ങള്‍ നുണപ്രചാരകരാണെന്നും മാധ്യമസ്ഥാപനങ്ങൾ ജനങ്ങളുടെ ശത്രുക്കളാണെന്നുമാണ് യുഎസ് പ്രസിഡന്‍റിന്‍റെ പൊതു നിലപാട്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഇടിച്ചുതാഴ്ത്താൻ പരമാവധി ശ്രമിക്കുന്ന ട്രംപിന്‍റെ നിലപാടുകൾ മറ്റു രാജ്യങ്ങളിലെ മാധ്യമ വേട്ടയ്ക്കു വളമിടുന്നതാണെന്ന ആരോപണവും ശക്തമാണ്.