Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിടിച്ചു ചിതറിയ ശരീരങ്ങൾ, ട്രാക്കിൽ ചോരപ്പാടുകൾ; അമൃത്‌സറിൽ സംഭവിച്ചതെന്ത്?

Amritsar-Dussehra-Ounjab-Train-Accident അമൃത്‌സറിൽ ദസറയുടെ ഭാഗമായി രാവണന്റെ രൂപം കത്തിക്കുന്നു. റെയിൽവെ ട്രാക്കിനു സമീപം ഇത്തരത്തിൽ സംഘടിപ്പിച്ച ‘രാവൺ ദഹൻ’ ചടങ്ങു കാണാന്‍ പാളത്തിൽ നിന്നവരാണ് ട്രെയിനപകടത്തിൽപ്പെട്ടത്. ചിത്രം: എഎഫ്പി

അമൃത്‌സർ∙ പഞ്ചാബിൽ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം കൂടാൻ സാധ്യത. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പരുക്കേറ്റ 70 പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ അമൃത്‌സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് സന്ദർശിച്ചു. ഒൻപതു പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടരുന്നു.

പഞ്ചാബ് മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും സംഭവം വിലയിരുത്താനായി അമൃത്‌സറിലെത്തി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി ദുഃഖാചരണമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തടുങ്ങിയവർ സംഭവത്തിൽ അപലപിച്ചു. ദുരന്തത്തെത്തുടർന്ന് അമൃത്‌സർ–ജലന്തർ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തി വച്ചു. 37 ട്രെയിനുകൾ റദ്ദാക്കി, 16 എണ്ണം വഴി തിരിച്ചുവിട്ടു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമൃത്‌സറിനടുത്ത് ജോദ ഫടക്ക് മേഖലയിൽ ‘ധോബി ഘാട്ട്’ മൈതാനത്തിനു സമീപത്തെ ട്രാക്കിൽ വെള്ളിയാഴ്ച രാത്രി ഏഴേകാലോടെയായിരുന്നു ട്രെയിൻ ദുരന്തം. ദസറ ആഘോഷത്തിനിടെ ‘രാവണ ദഹനം’ നടക്കുമ്പോൾ സമീപത്തെ റെയിൽപാളത്തിൽ നിന്നവരാണ് ജലന്തറിൽ നിന്ന് അമൃത്‌സറിലേക്കു പോവുകയായിരുന്ന ട്രെയിനിടിച്ചു മരിച്ചത്. മുന്നൂറോളം പേർ ട്രാക്കിലുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

രാവണന്റെ രൂപം കത്തിച്ചപ്പോൾ പടക്കങ്ങൾ വൻതോതിൽ പൊട്ടിത്തെറിച്ചതിനെത്തുടർന്നു കാഴ്ചക്കാർ പിന്നോട്ടു നീങ്ങിയിരുന്നു. പലരും റെയിൽ പാളത്തിലേക്കാണു കടന്നത്. അവിടെ ഒട്ടേറെ പേർ നേരത്തേതന്നെ നിലയുറപ്പിച്ചിരുന്നു. ഇത്തരത്തിൽ തിക്കുംതിരക്കുമായതും അപകടത്തിന്റെ ആക്കം കൂട്ടാൻ കാരണമായതായി പറയപ്പെടുന്നു. സംഭവത്തിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ പ്രദേശത്തെ കാഴ്ചയെ കുറിച്ചു വിശദീകരിച്ചതു നടുക്കത്തോടെയായിരുന്നു. പ്രദേശത്തു ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു കിടക്കുകയായിരുന്നു. പലരെയും തിരിച്ചറിയാൻ പോലുമായില്ല. ട്രാക്കിൽ നിറയെ ചോരപ്പാടുകൾ; മരിച്ചവരുടെ വസ്ത്രങ്ങളും ചിതറിക്കിടക്കുന്നു.

ഇന്ത്യയിൽ പാളത്തിൽ ജനം കയറി നിന്നതു മൂലമുണ്ടായ ഏറ്റവും വലിയ അപകടമാണ് അമൃത്‌സറിലേത്. ഉത്തർപ്രദേശിൽ 2011ൽ പാളത്തിൽ കുടുങ്ങിയ ബസിൽ മഥുര എക്സ്പ്രസ് ഇടിച്ച് 30 പേർ മരിച്ചതാണ് ഇതിനു മുൻപ് ഇത്തരത്തിലുണ്ടായ ഏറ്റവും വലിയ അപകടം. സമാനമായ രീതിയിൽ നടന്ന അപകടത്തിൽ ഉത്തർപ്രദേശിൽ തന്നെ 2002ല്‍ 30 പേരും മരിച്ചിരുന്നു.

Punjab train accident അമൃത്‌സറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലത്തു നിന്ന് മൃതദേഹങ്ങൾ മാറ്റുന്നു.

അമൃത്‌സറിലെ സംഭവത്തിൽ അമരീന്ദർ സിങ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തു മതപരവും സാമൂഹികവുമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചു വിശദമായ രൂപരേഖ തയാറാക്കാനും മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്കു നിർദേശം നൽകി. അതിനിടെ, ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്നതിന്റെ പേരിൽ പരസ്പരം പഴിചാരലും ശക്തമായി.

എമർജൻസി ബ്രേക്കിട്ടിരുന്നെങ്കിൽ...!

റെയിൽവേയ്ക്കാണ് അപകടത്തിന്റെ ഉത്തരവാദിത്തമെന്ന് ഒരു വിഭാഗം പറയുമ്പോൾ പാളത്തിനു സമീപം ആഘോഷത്തിന് അനുമതി നൽകിയിരുന്നില്ലെന്നാണ് റെയിൽവേ അധികൃതരുടെ വാദം. ആഘോഷത്തെപ്പറ്റി റെയിൽവേ അധികൃതരെ വിവരമൊന്നും അറിയിച്ചിരുന്നില്ലെന്നു കേന്ദ്ര സഹമന്ത്രി മനോജ് സിൻഹ പറഞ്ഞു. എന്തുകൊണ്ടാണ് ആഘോഷം ട്രാക്കിനു സമീപം സംഘടിപ്പിച്ചതെന്നും സിൻഹ ചോദിച്ചു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു തെറ്റില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയും പറഞ്ഞു.

പാളത്തിൽ ജനക്കൂട്ടം അശ്രദ്ധമായി നിന്നതാണ് അപകടത്തിലേക്കു നയിച്ചത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും സംഭവസ്ഥലം സന്ദർശിച്ച അശ്വനി വ്യക്തമാക്കി. ആളുകൾ ട്രാക്കിലേക്ക് ‘അതിക്രമിച്ചു’ കയറിയതാണെന്നു വ്യക്തമാണ്. ലെവൽ ക്രോസിൽ വച്ചല്ല അപകടം സംഭവിച്ചത്. അമൃത്‌സർ, മാനാവാല സ്റ്റേഷനുകൾക്കിടയിൽ വച്ചായിരുന്നു ദുരന്തം. ഈ ‘മിഡ് സെക്‌ഷനിൽ’ നിശ്ചയിച്ച വേഗപരിധിയിൽ തന്നെയാണ് ട്രെയിൻ വന്നത്. ജനക്കൂട്ടത്തെ കണ്ടു വേഗം കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിക്കുകയും ചെയ്തു. എന്നാൽ ട്രെയിൻ എമർജൻസി ബ്രേക്കിട്ടു നിർത്തിയിരുന്നെങ്കിൽ വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്നെന്നും അശ്വനി വ്യക്തമാക്കി.

ദസറ ആഘോഷത്തെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. സംഘാടകർ റെയിൽവേയുടെ അനുമതിയും വാങ്ങിയിരുന്നില്ല. റെയിൽവേ ഭൂമിയോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തായിരുന്നു ആഘോഷമെന്നും അശ്വനി പറഞ്ഞു. ലെവൽ ക്രോസിൽ മാത്രമാണ് റെയിൽവേ ജീവനക്കാരുള്ളത്. അവരാണു വേഗം നിയന്ത്രിക്കുന്നതും. എന്നാല്‍ വേഗനിയന്ത്രണം ആവശ്യമില്ലാത്ത സ്ഥലത്തായിരുന്നു ജനക്കൂട്ടം പാളത്തിലേക്കു കയറി നിന്നത്. സംഭവം നടക്കുന്നതിനു 400 മീറ്റർ മാറിയായിരുന്നു ലെവൽക്രോസ്, അവിടെ കാവൽക്കാരനുമുണ്ടായിരുന്നു. ഗ്രീൻ സിഗ്ന‍ലാണ് അവിടെ ട്രെയിനിനു ലഭിച്ചത്. എങ്കിലും ആൾക്കൂട്ടത്തെ കണ്ട് ഡ്രൈവർ ബ്രേക്ക് ചെയ്തിരുന്നെന്നും അശ്വനി വ്യക്തമാക്കി.

സംഭവത്തിൽ റെയിൽവേ സേഫ്റ്റി കമ്മിഷന്റെ നടപടിക്രമമനുസരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അശ്വനി വ്യക്തമാക്കി. ട്രാക്കിലൂടെ നടക്കരുതെന്നതു സംബന്ധിച്ചു ബോധവൽക്കരണം ശക്തമാക്കുക മാത്രമേ ഇക്കാര്യത്തിൽ റെയിൽവേയ്ക്കു സാധിക്കുകയുള്ളൂവെന്നും അശ്വനി അറിയിച്ചു. ഇതു രാജ്യവ്യാപകമായി സംഘടിപ്പിക്കും.

ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നു ശ്രദ്ധക്കുറവ് ഉണ്ടായതായി തെളിഞ്ഞിട്ടില്ലെന്നു ഫിറോസ്പുർ ഡിവിഷനൽ റെയിൽവേ മാനേജർ വിവേക് കുമാർ പറഞ്ഞു. മണിക്കൂറിൽ 91 കി.മീ. വേഗതയിലായിരുന്നു ട്രെയിൻ പോയിരുന്നത്. എന്നാൽ ജനക്കൂട്ടത്തെ ട്രാക്കിൽ കണ്ടപ്പോൾ വേഗത 68 കി.മീറ്ററിലേക്കു കുറച്ചെന്നും വിവേക് പറയുന്നു. സാധാരണഗതിയിൽ നൽകാറുണ്ടെങ്കിലും അപകടത്തിൽപ്പെട്ടവർക്ക് റെയിൽവേ ഇതുവരെ നഷ്ടപരിഹാരമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

പൊലീസ് അനുമതി നൽകി, പക്ഷേ...

ദസറ ആഘോഷത്തിന് പൊലീസ് അനുവാദം (എൻഒസി) നൽകിയിരുന്നു. എന്നാൽ അമൃത്‌സർ മുനിസിപ്പൽ കോർപറേഷനിൽ (എഎംസി) നിന്നോ മലിനീകരണ നിയന്ത്രണ വിഭാഗത്തിൽ നിന്നോ ഭാരവാഹികൾ അനുമതി തേടിയിരുന്നില്ല. ഈ രണ്ടു വിഭാഗത്തിന്റെയും അനുവാദമില്ലെങ്കിൽ പൊലീസ് അനുമതിയ്ക്കു സാധുതയില്ലാതാകുമെന്നും സംഘാടകരോടു വ്യക്തമാക്കിയിരുന്നു. ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ പഞ്ചാബ്–ഹരിയാന കോടതികളുടെ നിർദേശം പാലിക്കാമെന്ന ഉറപ്പിനെത്തുടർന്നാണ് പൊലീസ് അനുമതി നൽകിയത്. പ്രദേശത്തെ വാഹന ഗതാഗതത്തെയും ആഘോഷം ബാധിക്കില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നു. ദസറയുടെ ഭാഗമായി ആരും ആയുധങ്ങൾ കൊണ്ടുവരുന്നില്ലെന്നും ഉറപ്പു വാങ്ങി.

Punjab Train Accident Site ട്രെയിൻ അപകടമുണ്ടായ ട്രാക്കിനു സമീപത്തെ ധോബി ഘാട്ട് മൈതാനം.

കോൺഗ്രസ് കൗൺസിലറായ വിജയ് മദന്റെ ഭർത്താവായ സൗരഭ് മദൻ ആയിരുന്നു പരിപാടിയുടെ മുഖ്യസംഘാടകൻ. മന്ത്രി നവജ്യോത് സിങ് സിദ്ദു, ഭാര്യയും പ്രാദേശിക കോൺഗ്രസ് നേതാവുമായ നവജ്യോത് കൗർ സിദ്ദു എന്നിവർ ആഘോഷ പരിപാടിയ്ക്കു മുഖ്യാതിഥികളായി എത്തുന്നതിനാൽ പൊലീസ് സംരക്ഷണവും സംഘാടകർ തേടിയിരുന്നു. ധോബി ഘാട്ട് മൈതാനത്താണു ദസറ ആഘോഷത്തിന് അനുമതി തേടിയിരുന്നത്. എന്നാൽ അനുമതി നൽകിയിരുന്നില്ലെന്ന് എഎംസിയും വ്യക്തമാക്കുന്നു. ആരും അനുമതി തേടിയിരുന്നില്ലെന്നതാണു സത്യമെന്ന് എഎംസി കമ്മിഷണർ സൊണാലി ഗിരി പറഞ്ഞു.

‘ശ്രദ്ധക്കുറവുണ്ടായി, എന്നാൽ മനഃപൂർവമല്ല’

സംഘാടകര്‍ക്കെതിരെ മറ്റൊരു ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നു. പരിപാടിയിലെ മുഖ്യാതിഥി എത്താതിരുന്നതിനാൽ ഏതാനും മണിക്കൂർ വൈകിയാണു രൂപം കത്തിക്കൽ നടന്നത്. ആഘോഷം ‌നടക്കുന്ന സമയത്തു തന്നെ ട്രെയിൻ അതുവഴി പോകുന്നതും കാരണമായത് അങ്ങനെയാണ്. സിദ്ദുവും ഭാര്യ നവജ്യോത് കൗറും ആയിരുന്നു മുഖ്യാതിഥികൾ. എന്നാൽ സിദ്ദു ചടങ്ങിൽ പങ്കെടുക്കാനെത്തിയില്ല. ആരോപണത്തെ കൗർ നിഷേധിച്ചിട്ടുണ്ട്. അമൃത്‌സറിൽ ആറിടത്തു നടന്ന രാവണദഹനവും റെയിൽവേ ട്രാക്കിനു സമീപമായിരുന്നെന്ന് നവജ്യോത് കൗർ പറയുന്നു. ആഘോഷം നടക്കുന്നത് റെയിൽവേയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും ട്രെയിനുകൾക്കു വേഗം കുറയ്ക്കാൻ തയാറാകാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും കൗർ പറഞ്ഞു.

രാവണരൂപം മറിഞ്ഞു വീഴാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിരുന്നു. രൂപം കത്തിവീണപ്പോൾ തിക്കുംതിരക്കും ഉണ്ടായെന്നു പറയുന്നതും തെറ്റാണ്. ധോബി ഘാട്ടിൽ ഒഴിഞ്ഞ സീറ്റുകളുണ്ടായിട്ടും പലരും പാളത്തിലേക്കു മാറുകയായിരുന്നു. മൈതാനത്തേക്കു കടന്നിരിക്കാൻ നാലഞ്ചു തവണ ജനങ്ങൾക്കു മൈക്കിലൂടെ നിർദേശം നൽകിയിരുന്നതായും കൗർ വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ ‘വലിയ’ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെന്നു സിദ്ദുവും സമ്മതിച്ചു. എന്നാൽ ആരും അത് മനഃപൂർവം ചെയ്തതല്ല. ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്നു പ്രതിപക്ഷം പിന്മാറണമെന്നും സിദ്ദു ആവശ്യപ്പെട്ടു.

‘രാവണരൂപം കത്തിവീണപ്പോൾ ചിലർ പിന്നിലേക്ക് ഓടിമാറി. അപ്പോഴാണ് അതിവേഗം ട്രെയിൻ വന്നത്. ഹോൺ മുഴക്കുക പോലും ചെയ്തില്ല. എല്ലാം ഓന്നോ രണ്ടോ സെക്കൻഡിനിടയ്ക്കു സംഭവിച്ചു’– സിദ്ദു പറഞ്ഞു. ഭാര്യയ്ക്കെതിരെ ആരോപണം ഉയരുന്ന സമയത്ത് അവർ അപകടത്തിൽ പരുക്കേറ്റവർക്കൊപ്പം ആശുപത്രിയിലായിരുന്നെന്ന് ഓർക്കണമെന്നും സാംസ്കാരിക മന്ത്രിയായ സിദ്ദു കൂട്ടിച്ചേർത്തു. കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിദ്ദു യാത്ര റദ്ദാക്കി അമൃത്‌സറിലെത്തിയിരുന്നു.

Amritsar Train Accident Site ട്രെയിൻ അപകടമുണ്ടായ സ്ഥലം.

20 വർഷമായുള്ള ആഘോഷം

റെയിൽവേ ട്രാക്കിനു സമീപം ദസറ ആഘോഷം സംഘടിപ്പിച്ചതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനാണെന്ന് പ്രതിപക്ഷ കക്ഷികളായ ബിജെപി, എഎപി, അകാലിദൾ എന്നിവ ആരോപിച്ചു. നാലാഴ്ചയ്ക്കു ശേഷമാണ് അന്വേഷണ റിപ്പോർട്ട് വരികയെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ അപകടത്തിൽപ്പെട്ടവരുടെ മൊഴി പ്രകാരം കേസെടുക്കണം. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് സംഭവം അന്വേഷിക്കണമെന്നും അകാലി ദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ധോബി ഘാട്ടിനു സമീപത്തെ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്നു സമരം ചെയ്തു. സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ട്രെയിൻ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 വർഷമായി പ്രദേശത്ത് ദസറ ആഘോഷം സംഘടിപ്പിക്കുന്നു. സമീപഗ്രാമങ്ങളിൽ നിന്നു പോലും ഇവിടേക്ക് ജനങ്ങളെത്താറുണ്ട്. എന്നാൽ ഇത്രയും വിപുലമായി ‘രാവണ ദഹനം’ നടത്തുന്നത് ഇതാദ്യമായാണ്. ട്രാക്കിൽ നിന്ന് 50 മീ. മാത്രം ദൂരത്തിലാണ് ഈയിടം.

Punjab Train Accident അമൃത്‌സറിൽ ട്രെയിൻ അപകടമുണ്ടായതിനെത്തുടർന്ന് ജനം തടിച്ചു കൂടിയപ്പോൾ.

ദസറ ആഘോഷത്തിനിടെ പ്രദേശത്തെ ട്രാക്കിലൂടെ വേഗത കുറച്ചാണ് ട്രെയിനുകൾ പോകാറുള്ളതെന്നു സമീപവാസികൾ പറയുന്നു. ആ സമയം ട്രെയിനുണ്ടെന്നു പോലും ഇത്തവണ അധികൃതരോ സംഘാടകസമിതിയോ മുന്നറിയിപ്പു നൽകിയിരുന്നില്ല. ട്രെയിൻ ഹോണടിച്ചെങ്കിലും പടക്കത്തിന്റെ ശബ്ദം കാരണം കേൾക്കാനായില്ലെന്നും പ്രദേശവാസികളിൽ ചിലർ പറയുന്നു. രാത്രി 7.10നോട് അനുബന്ധിച്ചാണു സംഭവം നടന്നത്. ഇതിനു മുന്നോടിയായി ട്രാക്കിലൂടെ രണ്ടു ട്രെയിനുകൾ പോയി, അതും വേഗം കുറച്ച്– പ്രദേശവാസികൾ പറയുന്നു.