Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ ഫ്ലാഗ് ഓഫിന് സ്ഥലം എംപിയില്ല; ബിജെപി സങ്കുചിത രാഷ്ട്രീയം കളിക്കുന്നെന്ന് ചെന്നിത്തല

shashi-tharoor-ramesh-chennithala ശശി തരൂർ, രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ കൊച്ചുവേളിയിലെ ഹംസഫര്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നിന്നു സ്ഥലം എംപി ശശി തരൂരിനെ ഒഴിവാക്കിയ ഇന്ത്യന്‍ റെയില്‍വേയുടെ നടപടി പ്രതിഷേധാഹർമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥലം എംപിയായ ശശി തരൂരിന്റെ പേര് ക്ഷണക്കത്തില്‍ ഏറ്റവും താഴെയാണ് വച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം സ്ഥലം എംപിക്ക് നല്‍കേണ്ട യാതൊരു പരിഗണനയും അദ്ദേഹത്തിനു നല്‍കിയില്ല. 

അതേസമയം തന്റെ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ അല്ലാതിരുന്നിട്ടും ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനു ചടങ്ങില്‍ റെയില്‍വേ പരിഗണന നല്‍കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വൃത്തികെട്ട സങ്കുചിത രാഷ്ട്രീയമാണ് ഈ വിഷയത്തില്‍ കളിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി തനിക്കാണു കത്ത് അയച്ചതെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂരാണ് ഈ വിഷയത്തില്‍ ആദ്യം റെയില്‍വേയ്ക്ക് കത്ത് നല്‍കിയത്.  സ്ഥലം എംപിയെ അപമാനിച്ചതിനു റെയില്‍വേ മന്ത്രാലയം മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

related stories