Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി സംഘം; അറസ്റ്റ് ചെയ്തു നീക്കി

bjp-arrest-nilakkal നിലയ്ക്കൽ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, പത്മകുമാർ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. ചിത്രം: എബി കുര്യൻ പനങ്ങാട്ട്

നിലയ്ക്കൽ∙ നിരോധനാജ്ഞ ലംഘിച്ചെത്തിയ ബിജെപി നേതാക്കളെ നിലയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും സെക്രട്ടറി ജെ.ആര്‍.പത്മകുമാറും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് വിവിധ വാഹനങ്ങളിലായി ഇവരെത്തിയത്. നിലയ്ക്കലിൽ എത്തി ശരണംവിളികളോടെ പുറത്തിറങ്ങി. പിന്നീട് പ്രസംഗം നടത്തിയപ്പോഴാണു ബിജെപി നേതാക്കളാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. ഇവർ റോഡിലിറങ്ങി മുദ്രാവാക്യവും മുഴക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച പ്രവർത്തകരും പ്രകടനം നടത്തിയിരുന്നു. റോഡിൽ കുത്തിയിരുന്ന 7 പേരെ അന്ന് അറസ്റ്റ് ചെയ്തു. നിലയ്ക്കലിനുപുറമേ പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലും ശബരിമല നടയടയ്ക്കും വരെ നിരോധനാജ്ഞ (സെക്‌ഷൻ 144) പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ തീർഥാടകർക്കു വിലക്കില്ല.

നിരോധനാജ്ഞ ലംഘിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നു വാഹനങ്ങളിലെല്ലാം പൊലീസ് പരിശോധന തുടരുന്നു. അതിനിടെയാണ് തീർഥാടക വേഷത്തിലെത്തി ബിജെപി നേതാക്കൾ നിരോധനാജ്‍ഞ ലംഘിച്ചത്.