Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റെ പ്രവർത്തനം ഇപ്പോഴും ‘റിമോട്ട് കൺട്രോളിൽ‌’: വസുന്ധരാ രാജെ

Vasundhara Raje വസുന്ധരാ രാജെ

ജയ്പുർ∙ ഗാന്ധി കുടുംബത്തിലെ നാലംഗങ്ങളുടെ കീഴിൽ ‘റിമോട്ട് കൺട്രോൾ‌’ അനുസരിച്ചാണ് കോൺഗ്രസ് പാർട്ടി ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് ബിജെപി നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജെ സിന്ധ്യ. രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ യോഗങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ബിജെപി വളരുമെന്നും താമര വിരിയുമെന്നും അവർ അവകാശപ്പെട്ടു. ഗാന്ധി കുടുംബത്തിലെ നാലംഗങ്ങളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴും കോൺഗ്രസ് പാർട്ടി. ആ പാർട്ടി ഇപ്പോഴും കനത്ത ആശങ്കയിലാണ്. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യോഗത്തിനു പോലും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ അയയ്ക്കേണ്ടി വരുന്നത്– രാഹുൽ ഗാന്ധിയെ പരാമർശിച്ചു കൊണ്ടു വസുന്ധര രാജെ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷമായി രാജസ്ഥാനിൽ സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും അവർ പറഞ്ഞു. രാജസ്ഥാനിലെ നാലു ജില്ലകളിൽ നിന്നുള്ള 35 നിയോജക മണ്ഡലങ്ങളിൽനിന്നെത്തിയ ബിജെപി പ്രവർത്തകരുടെ യോഗത്തിലായിരുന്നു വസുന്ധരയുടെ പ്രതികരണം. പാർട്ടി പ്രവർത്തകർ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻലാൽ സൈനി ആഹ്വാനം ചെയ്തു.

രാജസ്ഥാന് ആഘോഷിക്കാൻ രണ്ടു ദീപാവലി: സച്ചിൻ പൈലറ്റ്

സംസ്ഥാനത്തെ ജനങ്ങൾക്ക് ഇക്കുറി ആഘോഷിക്കാൻ‌ രണ്ട് ദീപാവലി ലഭിക്കുമെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ‌ പൈലറ്റ്. ആദ്യത്തേത് നവംബർ ഏഴിനും രണ്ടാമത്തേത് ഡിസംബർ 11ന് കോൺഗ്രസ് അധികാരത്തിലേറുമ്പോഴും. ബിജെപിയെ അധികാരത്തിൽനിന്നും അകറ്റി പുതിയ സർക്കാരായിരിക്കും ഡിസംബർ ഏഴിന് നിലവിൽ വരിക.

ബിജെപിയുടെ എംഎൽഎമാരിൽ 100 മുതൽ‌ 125 പേരെ വരെ തിരഞ്ഞെടുപ്പിൽനിന്നു മാറ്റി നിർത്താനാണു മുഖ്യമന്ത്രിയും ബിജെപിയും ‘ഗൂഢാലോചന’ നടത്തുന്നത്. സ്വന്തം എംഎല്‍എമാരെ തന്നെ ബിജെപിക്ക് വിശ്വാസമില്ല. പിന്നെ എങ്ങനെയാണ് ജനങ്ങളുടെ വിശ്വാസം തേടാൻ അവർക്കാകുക. ഈ സാഹചര്യത്തിൽ ജനങ്ങളുടെ അനുഗ്രഹം തേടുകയാണ് കോൺഗ്രസ് പ്രവർത്തകരെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

രാജസ്ഥാനിലെ അരലക്ഷം ബൂത്തുകളിലെ ജനങ്ങളുമായി കോൺഗ്രസ് പ്രവര്‍ത്തകർ ഞായറാഴ്ച മാത്രം ബന്ധം സ്ഥാപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഡിസംബർ ഏഴിനും 11നുമാണ് രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

4.56 കോടി രൂപയാണു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുവരെ സംസ്ഥാനത്തുനിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇതിനു പുറമെ 280. 59 ലീറ്റർ മദ്യം, 36 അനധികൃത വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 

related stories