Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി ‘മാജിക്’; പുതുതന്ത്രത്തിൽ വീഴുമോ കോൺഗ്രസ്?

Amit Shah മധ്യപ്രദേശിൽ ബിജെപി പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചിത്രം: ട്വിറ്റർ

ഭോപ്പാൽ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ പുതിയ തന്ത്രവുമായി ഭരണ കക്ഷിയായ ബിജെപി. പരമാവധി മജീഷ്യന്മാരെ വാടകയ്ക്കെടുത്ത് ബിജെപി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ബിജെപി സർക്കാരുകൾ ചെയ്ത കാര്യങ്ങൾ കോൺഗ്രസ് സർക്കാരുമായി താരതമ്യം ചെയ്യുന്നതിനാണു മജീഷ്യന്മാരെ വാടകയ്ക്കെടുക്കുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗർവാൾ വാര്‍ത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മജീഷ്യൻമാരെ വാടകയ്ക്ക് എടുക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെയും ചെറു നഗരങ്ങളിലെയും ചന്തകളിലും ആളു കൂടിയ ഇടങ്ങളിലും ഇവരെക്കൊണ്ട് മാജിക് അവതരിപ്പിക്കും. എന്നാൽ എത്ര പേരെ ഇതിനായി നിയോഗിക്കണം എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എത്രയും പെട്ടെന്ന് മാജിക് ഷോകൾ അവതരിപ്പിച്ചു തുടങ്ങാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ജനങ്ങൾക്കുവേണ്ടി എന്താണു ചെയ്തതെന്ന് അവരെ അറിയിക്കുന്നതിനാണ് ഈ കല ഉപയോഗിക്കുന്നത്– അദ്ദേഹം പറഞ്ഞു.

1993–2003 വർഷത്തിനിടെ മധ്യപ്രദേശിൽ അധികാരത്തിലിരുന്നത് ദിഗ്‍വിജയ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. ഈ പത്തു വർഷക്കാലയളവിനിടെ മധ്യപ്രദേശിലെ റോഡുകൾ, വൈദ്യുതി വിതരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അവസ്ഥ ജനങ്ങളിലെത്തിക്കുകയാണ് ബിജെപി മാജിക്കിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 28നാണു മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ 11നാണ് വോട്ടെണ്ണൽ.

230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിൽ 2013ൽ ബിജെപിക്കു ലഭിച്ചത് 165 സീറ്റുകളായിരുന്നു. കോൺഗ്രസിന് 58 സീറ്റുകളാണ് നിലവിലുള്ളത്. ബിഎസ്പിക്ക് നാലും. മൂന്നു സ്വതന്ത്രരും നിലവിലെ നിയമസഭയിൽ അംഗങ്ങളാണ്. സഖ്യനീക്കങ്ങളെല്ലാം തകർന്നെങ്കിലും ഏതുവിധേനയും സംസ്ഥാന ഭരണം തിരികെപ്പിടിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.

related stories