Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണം, നെഹ്റു, പട്ടേൽ, നേതാജി...: ‘ആസാദ് ഹിന്ദിൽ’ മോദി–കോൺഗ്രസ് പോര്

Narendra-Modi ആസാദ് ഹിന്ദ് ഫൗജ് പ്രഖ്യാപന വാർഷികത്തോടനുബന്ധിച്ചു സംസാരിക്കുന്ന നരേന്ദ്ര മോദി.

ന്യൂഡൽഹി∙ ‘ഒരു കുടുംബത്തെ’ മഹത്വവൽക്കരിക്കാൻ വേണ്ടി ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടം പലരും മനഃപൂർവം വിസ്മരിച്ചു കളഞ്ഞെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി. നെഹ്‌റു കുടുംബത്തെ  ലക്ഷ്യമിട്ടു കൊണ്ടായിരുന്നു പേരെടുത്തു പറയാതെയുള്ള മോദിയുടെ പരാമർശം. സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ.അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ പോരാട്ടമാണ് ‘ഒരു കുടുംബത്തിനു’ വേണ്ടി മറന്നു കളഞ്ഞത്.

സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടിഷ് കണ്ണുകളിലൂടെയാണു നാം പലതും കണ്ടത്. അതുകൊണ്ടു തന്നെ പല നയങ്ങളും ബ്രിട്ടിഷ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഈ നയങ്ങൾ ഇന്നും ഏറെ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാം വിദേശികളുടെ കണ്ണിലൂടെ നോക്കിക്കാണേണ്ടതല്ലെന്നാണു നേതാജി ഇന്ത്യയെ പഠിപ്പിച്ചത്.

സ്വാതന്ത്യത്തിനു പിന്നാലെ സർദാർ പട്ടേൽ, നേതാജി എന്നിവരുടെ ഉപദേശങ്ങൾ ഇന്ത്യയ്ക്കു ലഭിച്ചിരുന്നെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ആ മാറ്റങ്ങൾക്കാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ നടന്ന ‘ആസാദ് ഹിന്ദ് ഫൗജ്’ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി. 

ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു നേതാജിയുടെ പ്രവർത്തനം. എന്നാല്‍ ഈ മേഖലകൾക്ക് ഇത്രയും കാലം ആവശ്യത്തിനു പരിഗണന ലഭിച്ചില്ല. വടക്കുകിഴക്കൻ മേഖലയെ ഇന്ത്യൻ വളർച്ചയുടെ ‘എന്‍ജിനാക്കി’ മാറ്റാനാണ് ഇപ്പോഴത്തെ സർക്കാരിന്റെ ശ്രമമെന്നും മോദി പറഞ്ഞു.

എന്നാൽ മഹത്തായ ഒരു ഓർമദിവസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണു ബിജെപി സർക്കാർ ചെയ്തതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ചരിത്രം തിരുത്തിയെഴുതാനുള്ള വെപ്രാളത്തിലാണ് ബിജെപി. സർദാർ പട്ടേലും നേതാജിയും നെഹ്‌റുവിനോടു ശത്രുതയിലായിരുന്നെന്നു വരുത്തിത്തീർക്കാനാണു മോദിയുടെ ശ്രമം.

ഇന്ത്യൻ നാഷനല്‍ ആർമിയുടെ(ഐഎൻഎ) ഭാഗമായുള്ള വിചാരണ നടക്കുമ്പോൾ നെഹ്‌റുവായിരുന്നു നേതാജിയുടെ അഭിഭാഷകരിൽ ഒരാളെന്ന് ഓർമയുണ്ടാകണം. അന്ന് ആർഎസ്എസിൽ നിന്ന് ആരെങ്കിലും നേതാജിയെ പിന്തുണയ്ക്കാനുണ്ടായിരുന്നോ? രാജ്യം അഭിമാനം കൊള്ളുന്ന നേതാക്കളെ മോദി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി വിമർശിച്ചു. 

‘വെല്ലുവിളിച്ചാൽ തിരിച്ചടിക്കും’

‘‌മറ്റുള്ളവരുടെ മണ്ണ് സ്വന്തമാക്കാൻ ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ല, എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സംഭവങ്ങളുണ്ടായാൽ ഇരട്ടി ശക്തിയോടെ ആഞ്ഞടിക്കുമെന്നത് ഉറപ്പാണ്’– ആസാദ് ഹിന്ദ് ഫൗജ് ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി ‌മോദി പറഞ്ഞു. സാധാരണ സ്വാതന്ത്ര്യദിനത്തിനു മാത്രമാണു ചെങ്കോട്ടയിൽ പതാക ഉയർത്താറുള്ളത്.

സൈനികരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുക്കാനുള്ള സൗകര്യങ്ങളൊരുക്കാനാണു സർക്കാർ ശ്രമം. മികച്ച സാങ്കേതികയും ഏറ്റവും പുതിയ ആയുധങ്ങളും സേനയ്ക്കു ലഭ്യമാക്കും. നേതാജി സ്വപ്നം കണ്ടതു പ്രകാരമുള്ള ഒരു സൈന്യമാണ് ഇന്ത്യയുടെ ലക്ഷ്യം. സ്വയം പ്രതിരോധത്തിനു വേണ്ടി മാത്രമായിരിക്കും ഇന്ത്യ അതിന്റെ സൈനിക ശക്തി ഉപയോഗിക്കുകയുള്ളൂവെന്നും മോദി വ്യക്തമാക്കി. പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയതും വിരമിച്ച സൈനികർക്ക് ‘വൺ റാങ്ക് വൺ പെൻഷന്റെ’ ഗുണഫലങ്ങൾ ലഭ്യമാക്കുന്നതും മോദി പ്രസംഗത്തിൽ പരാമർശിച്ചു. 

ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശക്തികൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം, ഐക്യം, ഭരണഘടന എന്നിവയെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരക്കാരിൽ നിന്നു രാജ്യത്തെ രക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇതിനു വേണ്ടി ദേശീയതയെന്ന വികാരം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.

നേതാജി രൂപീകരിച്ച ഇന്ത്യൻ നാഷനൽ ആർമിയിൽ വനിതകൾക്കായി റാണി ഝാൻസി റെജിമെന്റ് രൂപീകരിക്കാനുള്ള ശ്രമത്തിനിടെ ഏറെ എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വനിതകൾ മാത്രമുള്ള റെജിമെന്റ് രൂപീകരിക്കുന്നതായിരുന്നു എതിർക്കുന്നവരുടെ പ്രശ്നം. ഇതു രൂപീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാവുകയാണ്.

വനിതകളെ സേനയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നേതാജിയുടെ സ്വപ്നം സഫലീകരിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വ്യോമസേനയിലെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ ആദ്യ ബാച്ച് ഉടൻ സജ്ജമാകും. ഇന്ത്യയുടെ പ്രതിരോധമന്ത്രി തന്നെ ഒരു വനിത (നിര്‍മല സീതാരാമൻ)യാണെന്ന് ഓർക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. ദുരന്തങ്ങൾക്കിടെ സ്തുത്യർഹവും ധീരവുമായ പ്രവർത്തനം നടത്തുന്ന പൊലീസുകാർക്ക് നേതാജിയുടെ പേരിൽ ദേശീയ പുരസ്കാരം ഏർപ്പെടുത്തുമെന്നും മോദി അറിയിച്ചു.

related stories