Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നാടിനെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയത്തിൽ പ്രതികരണം നാളെ

Pinarayi Vijayan

തിരുവനന്തപുരം∙ മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി ലഭിക്കാത്തതു സംസ്ഥാനത്തിന് എതിരായ നീക്കമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുട്ടാപോക്ക് നിലപാട് സ്വീകരിക്കേണ്ടവരല്ല കേന്ദം. എന്നാല്‍ വിദേശ സന്ദര്‍ശന വിഷയത്തില്‍ മുട്ടാപോക്കു നിലപാടാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി കേരളത്തിലെ ഭരണകൂടത്തോടു പറഞ്ഞ കാര്യങ്ങള്‍പോലും നടപ്പിലാകുന്നില്ലെന്നും വിദേശ സന്ദര്‍ശനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തിനു സഹായം നല്‍കരുതെന്ന നിലപാടാണു സ്വീകരിച്ചതെന്നും അതില്‍ ആശ്ചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ല. നാടിനെ തകര്‍ക്കുന്ന ബിജെപിയുടെ നിലപാട് എല്ലാവരും കാണണം. ഇതു വെല്ലുവിളിയായി ജനം ഏറ്റെടുക്കണം. നമുക്ക് നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. ആ ബോധ്യവും ഇടപെടലും സഹകരണവും എല്ലാവരില്‍നിന്നും ഉണ്ടാകണമെന്നും, കേന്ദ്ര നിലപാടിനെതിരെ ശബ്ദമുയര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഗുജറാത്ത് ഭൂകമ്പ സമയത്ത് വിദേശസഹായം ലഭിച്ചകാര്യം പ്രധാനമന്ത്രി പറഞ്ഞു. ആ ചര്‍ച്ചയില്‍ ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ നിലപാട് അംഗീകരിക്കുന്നു എന്ന വിചാരമാണ് അന്നുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കു വിദേശത്തേക്ക് പോകാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ആവശ്യമാണ്. മറ്റുള്ളവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയാണ് വേണ്ടത്. മുഖ്യമന്ത്രിക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിച്ചതോടെ എല്ലാവര്‍ക്കും അനുമതി ലഭിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അനുമതി വൈകിയപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ചവരെ ആ പ്രതീക്ഷയുണ്ടായിരുന്നു. അനുമതി ലഭിക്കാതെ ആയപ്പോള്‍ ചീഫ്സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചു. പിന്നീട് ചില ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കാതെയായി. ചൊവ്വാഴ്ച രാത്രിയോടെ അനുമതി ലഭിക്കില്ല എന്ന നിലയെത്തി. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാന്‍ അനുമതി നല്‍കാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഒരു ബിജെപി നേതാവ് പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ രാജ്യം മൊത്തം യാചിക്കാന്‍ പോകുകയാണെന്നാണ്. യാചനയല്ല സര്‍ക്കാര്‍ നടത്തുന്നത്. നാടിനുവേണ്ടി നമ്മുടെ സഹോദരന്‍മാരെയാണ് കാണുന്നത്. വിദേശ മലയാളികള്‍ കേരളത്തെ സഹായിക്കാന്‍ തയാറാണ്. നമ്മള്‍ നമ്മളായത് നാടിന്റെ സഹായത്തോടെയാണ്. ആ നാടാണ് പ്രളയത്തില്‍ തകര്‍ന്നത്. പുതിയ കേരളം സൃഷ്ടിക്കാനാണ് വിദേശത്തുള്ള സഹോദരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ മന്ത്രിമാര്‍ ഒരുമിച്ച് വിദേശത്തേക്ക് പോയാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. പൂജ അവധിക്കാണ് മന്ത്രിമാര്‍ പോകാനികുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു സന്ദര്‍ശനം തീരുമാനിച്ചത്. അവധി ദിവസങ്ങളായതിനാല്‍ കേരളത്തിന് നല്ല സഹായം ലഭിക്കുമായിരുന്നു. കേരളത്തോട് എന്താണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ദുരന്തങ്ങള്‍ രാജ്യത്ത് നേരത്തെയും ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായത്. അന്ന് വിദേശ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. വിദേശ സഹായം തേടാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും സഹായം നല്‍കാന്‍ സ്വമേധയാ തയാറായാല്‍ ആ സഹായം സ്വീകരിക്കാം. സ്വീകരിച്ചിട്ടുമുണ്ട്. എന്താണ് കേരളത്തിനു മാത്രം സഹായം സ്വീകരിക്കാന്‍ പാടില്ല എന്ന നിലപാട് കേന്ദ്രം എടുത്തത്? കേരളത്തിനു നല്‍കാമെന്നു പറഞ്ഞ വിദേശ സഹായം കിട്ടിയിരുന്നെങ്കില്‍ വലിയ തുക ലഭിക്കുമായിരുന്നു. കേരളത്തെ സഹായിക്കുമെന്നു യുഎഇ പരസ്യമായി പറഞ്ഞിരുന്നു. മറ്റു രാജ്യങ്ങളും സഹായിക്കാന്‍ തയാറായി. എന്നാല്‍ കേന്ദ്ര നിലപാടോടെ ഇതെല്ലാം നടക്കാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ സന്ദര്‍ശനം വലിയ വിജയമായിരുന്നെന്നും യുഎഇ ഭരണകൂടവും പ്രവാസി സഹോദരങ്ങളും കേരളത്തോട് കാണിക്കുന്ന സ്നേഹം നേരിട്ട് മനസിലാക്കാന്‍ അവസരമൊരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിലെ പ്രവാസി സമൂഹവുമായി സംവദിച്ചു. യുഎഇ ഭരണാധികാരികളുമായി സംസാരിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായി അറിയാമെന്ന് മനസിലായി. പ്രമുഖ വ്യവസായികളും സംഘടനകളും ലോകകേരള സഭയിലെ അംഗങ്ങളും സംരംഭകരും പ്രഫഷണലുകളും യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 700 കോടി രൂപയുടെ സഹായമാണ് പ്രളയകാലത്ത് യുഎഇ വാഗ്ദാനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റ നിലപാട് കാരണം അതു വാങ്ങാന്‍ കഴി‍ഞ്ഞില്ല. ഈ സന്ദര്‍ശനത്തോടെ അതിനേക്കാൾ വലിയ തുക മൊത്തത്തില്‍ അവിടെനിന്ന് ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ച് നാളെ പറയാമെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

related stories