Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടില്ലെന്ന് ചിദംബരം

rahul-gandhi-p-chidambaram കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി, പി. ചിദംബരം

ചെന്നൈ ∙ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചിദംബരത്തിന്‍റെ വെളിപ്പെടുത്തൽ. ബിജെപിയെ പുറത്താക്കി പുരോഗമനപരമായി ചിന്തിക്കുകയും വ്യക്തിസ്വാതന്ത്ര്യം മാനിക്കുകയും നികുതികൊള്ള നടത്താതിരിക്കുകയും വനിതകളെയും കുട്ടികളെയും സംരക്ഷിക്കുകയും കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന പുതിയ സർക്കാർ പകരം വരുന്നുവെന്ന് ഉറപ്പാക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നു കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോൺഗ്രസ് പ്രവർത്തകർ ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾത്തന്നെ പാർട്ടി ഇടപെട്ട് അതു തിരുത്തിയിരുന്നതായും ചിദംബരം ചൂണ്ടിക്കാട്ടി. 

ബിജെപിക്കെതിരായ വിശാല സഖ്യം വേണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും തിരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികൾ ചേർന്നു പ്രധാനമന്ത്രിയെ തീരുമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക പാർട്ടികളുടെ വളർച്ചയിൽ വലിയ തോതിലുള്ള വർധനവുണ്ടായിട്ടുണ്ട്. കോൺഗ്രസിന്‍റെയും ബിജെപിയുടെയും സംയുക്ത വോട്ടു വിഹിതം അമ്പതു ശതമാനത്തിൽ താഴെയായി മാറി. പ്രാദേശിക കക്ഷികൾ കോൺഗ്രസിനൊപ്പം ചേരുന്നതു തടയാൻ ബിജെപി ഭീഷണി തന്ത്രം പുറത്തെടുക്കുകയാണെന്ന് ആരോപിച്ച ചിദംബരം, മോദി സർക്കാർ കാവൽ മന്ത്രിസഭയാകുകയും സംസ്ഥാന തലത്തിൽ കോൺഗ്രസ് ശക്തമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നതോടെ ചിത്രം മാറുമെന്ന വിശ്വാസം പങ്കുവച്ചു. 

സഖ്യകക്ഷികൾ ആഗ്രഹിക്കുന്നെങ്കിൽ പ്രധാനമന്ത്രിയാകാൻ ഒരുക്കമാണെന്നു രാഹുൽ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു. പരമാവധി ഒത്തുചേർന്നു ബിജെപിയെ തോൽപ്പിക്കുകയും പിന്നീടു ഭാവി തീരുമാനിക്കുകയുമെന്ന രണ്ടു ഘട്ടമായുള്ള പദ്ധതിയാണു സഖ്യകക്ഷികളുമായുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നു.