Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലംമാറ്റി; അയ്യപ്പന്റെ അനുഗ്രഹമെന്നു രഹ്ന

Rehana Fathima രഹ്ന ഫാത്തിമ

കൊച്ചി ∙ ശബരിമലയിൽ ദർശനത്തിനെത്തിയ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി ബിഎസ്എൻഎൽ. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം തുടർ നടപടികളുണ്ടാകുമെന്നാണു സൂചന. ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹ്നയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്.

ശബരിമലയിലെ യുവതീപ്രവേശ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രഹ്ന ദർശനത്തിനെത്തിയത് ഭക്തരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഹ്നയും ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാനെത്തിയത്. കനത്ത സുരക്ഷയിൽ 180 പൊലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തൽ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ പതിനെട്ടാം പടിക്കുതാഴെ പരികർമികളടക്കമുള്ളവർ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവരെ സന്നിധാനത്തേക്കു വിടേണ്ടെന്ന് നിർദേശവും കൊടുത്തു. ഇതോടെ പൊലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി ദൗത്യത്തിൽനിന്നു പിന്മാറ്റുകയായിരുന്നു.

രഹ്ന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതിന്റെ പേരിൽ ഐജി എസ്.ശ്രീജിത്തിനുനേരേ ശക്തമായ വിമർശനവുമുണ്ടായിരുന്നു.

അതേസമയം, താൻ അഞ്ച് വർഷം മുൻപ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്നും ശബരിമല കയറിയ ശേഷം പെട്ടെന്ന് ഉത്തരവ് വന്നത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും രഹ്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

സ്വാമി ശരണം

5 വർഷം മുൻപ് വീടിനടുത്തേക്കു ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അതു പെട്ടെന്ന് ഓർഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫിസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2 മിനിറ്റു കൊണ്ടു നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്കു നല്ലതുമാത്രം വരുത്തണേ...